ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട് മയക്കി റൂമിലേക്ക് വിളിച്ചുവരുത്തി; പൈസയൊക്കെ പറഞ്ഞുറപ്പിച്ച് മുറിയിൽ കയറി; ഇതിനിടെ ചിപ്സ്‌ വാങ്ങാൻ ആദർശ് പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തം; ഒടുവിൽ കാണുന്നത് നഗ്നമായ ശരീരം; ആ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ മരണത്തിൽ ട്വിസ്റ്റ്; പ്രതികളെ കണ്ട് പോലീസിന് ഞെട്ടൽ

Update: 2025-11-26 11:06 GMT

കൊൽക്കത്ത: കൊൽക്കത്തയിലെ സ്വകാര്യ ഹോട്ടൽ മുറിക്കുള്ളിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായ ആദർശ് ലൊസാൽകയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ നിർണ്ണായക വഴിത്തിരിവായി, ഡേറ്റിങ് ആപ്പ് വഴി ആദർശ് പരിചയപ്പെട്ട ലിവ്-ഇൻ പങ്കാളികളായ കോമൾ സാഹ, ധ്രുബ മിത്ര എന്നിവരെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. 20,000 രൂപ നൽകാൻ ആദർശ് വിസമ്മതിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 33-കാരനായ ആദർശ് ലൊസാൽകയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. മൃതദേഹ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് കേസിൽ പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളായ കോമൾ സാഹയും ധ്രുബ മിത്രയും കൊല്ലപ്പെട്ട ആദർശ് ലൊസാൽകയെ പരിചയപ്പെടുന്നത്. 2,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് ആദർശ് ഇവരെ ഹോട്ടലിലേക്ക് ക്ഷണിച്ചത്. പ്രതികളുടെ മൊഴി പ്രകാരം, ആദർശ് തന്നെയാണ് ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത് – ഒന്ന് തൻ്റെ പേരിലും മറ്റേത് പ്രതികളുടെ പേരിലും.

ഹോട്ടൽ മുറിയിലെത്തിയ ശേഷം ആദർശ് ഓൺലൈനായി ബിയർ ഓർഡർ ചെയ്തു. ഹോട്ടൽ ജീവനക്കാരൻ ഇത് മുറിയിലെത്തിച്ച ശേഷം ആദർശ് പുറത്ത് പോയി ചിപ്‌സും മറ്റ് സാധനങ്ങളും വാങ്ങി തിരിച്ചെത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് പ്രതികൾ ഹോട്ടലിൻ്റെ കോറിഡോറിൽ ദീർഘനേരം സംസാരിച്ചു നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതിനുശേഷം കോമൾ സാഹ ആദർശിൻ്റെ മുറിയിലേക്ക് പോയി. ആദർശ് അമിതമായി മദ്യപിച്ചിരുന്നതിനാൽ പെട്ടെന്ന് മയങ്ങിപ്പോയി. ഈ തക്കം നോക്കി കോമൾ, ധ്രുബ മിത്രയെ മുറിയിലേക്ക് വിളിച്ചു വരുത്തി. ഇരുവരും ചേർന്ന് മുറിയിൽ പണത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. ആദർശിൻ്റെ പേഴ്‌സിലുണ്ടായിരുന്ന കുറച്ച് പണം മാത്രമാണ് ഇവർക്ക് ലഭിച്ചത്.

ആദർശ് ഉണർന്നപ്പോൾ പ്രതികൾ ഇയാളോട് 20,000 രൂപ ഓൺലൈനായി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാനോ തൻ്റെ യു.പി.ഐ. പിൻ നമ്പർ വെളിപ്പെടുത്താനോ ആദർശ് തയ്യാറായില്ല. ഇതോടെ മൂവരും തമ്മിൽ തർക്കം രൂക്ഷമാവുകയും അത് കൈയ്യാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തു.

തുടർന്ന് പ്രതികൾ ചേർന്ന് ആദർശിൻ്റെ കാൽ മുറിയിലുണ്ടായിരുന്ന ടവ്വൽ ഉപയോഗിച്ച് കെട്ടിയിട്ടു. ശേഷം, മുറിയിലെ കിടക്കവിരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം പ്രതികൾ ഹോട്ടലിൻ്റെ കോറിഡോറിലൂടെ ഓടിപ്പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉണ്ട്. നേരെ തങ്ങളുടെ മുറിയിലെത്തിയ ഇരുവരും ബാഗുമായി ഹോട്ടൽ വിട്ട് രക്ഷപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും വിവരങ്ങൾ ഉണ്ട്. 

Tags:    

Similar News