അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചു; 12 ദിവസം മുമ്പ് ജീവനൊടുക്കിയ ചെര്‍പ്പുളശേരി എസ് എച്ച് ഒയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്; ഡിവൈഎസ്പിയെ രക്ഷിക്കാന്‍ വിവരം പൂഴത്താന്‍ ശ്രമം നടന്നെന്നും ആരോപണം

ചെര്‍പ്പുളശേരി എസ് എച്ച് ഒയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്

Update: 2025-11-27 10:26 GMT

പാലക്കാട്: ചെര്‍പ്പുളശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി ബിനു തോമസ് (52) ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. നവംബര്‍ 15-ന് പോലീസ് ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തിന്റെ മരണ കാരണം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. മേലുദ്യോഗസ്ഥന്റെ പീഡന ശ്രമങ്ങളെക്കുറിച്ചും ഭീഷണികളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് 32 പേജുള്ള കുറിപ്പിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തലുകള്‍

ബിനു തോമസിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഡിവൈഎസ്പി ആയി ജോലി ചെയ്യുന്ന ഒരു മേലുദ്യോഗസ്ഥനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 2014-ല്‍ പാലക്കാട് സര്‍വീസിലിരിക്കെ, അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് കുറിപ്പില്‍ പറയുന്നു. കേസ് പുറത്തറിയിക്കുമെന്നായിരുന്നു ഭീഷണി. യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും മേലുദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്ന് ബിനു തോമസ് ആരോപിക്കുന്നു.

മേലുദ്യോഗസ്ഥന്റെ ഇത്തരം പ്രവൃത്തികളും സമ്മര്‍ദ്ദങ്ങളുമാണ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചതെന്നും, ഇതാണ് ആത്മഹത്യക്ക് പിന്നിലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിവരങ്ങള്‍ പൂഴ്ത്താന്‍ ശ്രമം

ആത്മഹത്യക്ക് പിന്നാലെ കണ്ടെത്തിയ കുറിപ്പിലെ വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം മറച്ചുവെക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ആരോപണവിധേയനായ ഡിവൈഎസ്പിയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്. വിവരങ്ങള്‍ പൂഴ്ത്തിയെന്ന ആരോപണങ്ങള്‍ക്കിടയിലാണ് കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

സംഭവം നടന്നത്..

ആറ് മാസം മുമ്പാണ് ബിനു തോമസ് സ്ഥലംമാറ്റം ലഭിച്ച് ചെര്‍പ്പുളശ്ശേരിയില്‍ എത്തുന്നത്. നവംബര്‍ 15-ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് പോയ ഇദ്ദേഹം തിരികെ എത്തിയില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ജോലി സമ്മര്‍ദമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇപ്പോള്‍, മേലുദ്യോഗസ്ഥന്റെ മാനസിക സമ്മര്‍ദ്ദം താങ്ങ വയ്യാതെ സി ജീവനൊടുക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

Tags:    

Similar News