ബ്രാന്‍ഡഡ് ചോക്ലേറ്റില്‍ രാസലഹരി ചേര്‍ത്ത് വില്‍പ്പന; കൈമാറുന്നത് ഗിഫ്റ്റ് കവറില്‍ പൊതിഞ്ഞ് സമ്മാനമായി; ചോക്ലേറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം പേജുകള്‍; കൊച്ചിയില്‍ ലഹരി സംഘം ലക്ഷ്യമിടുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികളെ; അന്വേഷണം തുടരുന്നു
ബ്രാന്‍ഡഡ് ചോക്ലേറ്റില്‍ രാസലഹരി ചേര്‍ത്ത് വില്‍പ്പന
കൊച്ചി: കൊച്ചിയില്‍ ബ്രാന്‍ഡഡ് ചോക്ലേറ്റില്‍ രാസലഹരി ചേര്‍ത്ത് വില്‍പ്പന വ്യാപകം. പ്രായപൂര്‍ത്തിയാകാത്തവരെ ലക്ഷ്യമിട്ടാണ് വിതരണവും വില്‍പ്പനയും നടക്കുന്നതെന്നാണ് കണ്ടെത്തല്‍. കടകളില്‍ നിന്നും ചോക്ലേറ്റുകള്‍ വാങ്ങി ഇതില്‍ ലഹരി വസ്തുക്കള്‍ ചേര്‍ത്ത് ആവശ്യക്കാരില്‍ എത്തിക്കുന്ന വന്‍ ലഹരി സംഘം കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
കൊച്ചിയില്‍ ലഹരി ചേര്‍ത്ത് ചോക്ലേറ്റ് നിര്‍മാണം നടക്കുന്നതായും വിവരമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇത്തരം ലഹരി വസ്തുക്കളുടെ വിതരണവും വില്‍പ്പനയും കൂടുതലായി നടക്കുന്നത്. ലഹരി ചേര്‍ത്ത് ചോക്ലേറ്റുകള്‍ തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
ഈ ലഹരി സംഘത്തില്‍ കണ്ണികളായി പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന നിയമത്തിന്റെ പരിരക്ഷയാണ് ഇവര്‍ ദുരൂപയോഗം ചെയ്യുന്നത്. കൊച്ചി നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവരുടെ പ്രധാന ഇരകള്‍.
ആദ്യപടിയായി ചോക്ലേറ്റില്‍ ലഹരി ചേര്‍ത്ത ശേഷം പൊതിഞ്ഞ് ഭംഗിയാക്കി സമ്മാനമായി സംഘത്തിലെ ആണ്‍കുട്ടികള്‍ മറ്റ് കുട്ടികള്‍ക്ക് നല്‍കും. ഈ ചോക്ലേറ്റുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ പിന്നീട് ലഹരി സംഘത്തിന്റെ കണ്ണികളായി മാറുന്നുവെന്നാണ് കണ്ടെത്തല്‍.
ഇത്തരം ചോക്ലേറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെക്കുന്ന ഇന്‍സ്റ്റഗ്രാം പേജുകളുണ്ട്. ഇതിലൂടെയും വില്‍പ്പന നടക്കുന്നുണ്ടെന്നാണ് വിവരം. ഒടുവില്‍ പണം ഇല്ലാതാകുമ്പോള്‍ മോഷണം നടത്തിയെന്ന് തുറന്ന് സമ്മതിക്കുന്നതും ഈ ഗ്രൂപ്പുകളില്‍ കാണാം. പൊലീസ് പിടികൂടിയാലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്ക് ജാമ്യം ലഭിക്കും. ഇതാണ് സംഘം മുതലെടുക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വിവിധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണമില്ലാത്തപ്പോള്‍ മോഷണം നടത്തുന്നതായും കുട്ടികള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
അതേ സമയം കോട്ടയം മണര്‍കാട് നാല് വയസുകാരന്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ചോക്‌ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തിയതില്‍ അന്വേഷണം തുടരുകയാണ്. അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിപദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 17 ന് സ്‌കൂളില്‍ നിന്ന് വീട്ടില്‍ വന്നപ്പോള്‍ മുതലാണ് നാലു വയസുകാരന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. ആദ്യം വടവാതൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ അശുപത്രിയിലേക്ക് മാറ്റി.
അന്നേദിവസം കുട്ടി ചോക്‌ലേറ്റ് കഴിച്ചിരുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതോടെയാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയത്. ഇതിനിടെ രക്തസമ്മര്‍ദ്ദം കൂടി കുട്ടി അബോധാവസ്ഥയിലായി. പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധന.പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ബെന്‍സോഡയാസിപെന്‍സിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന മരുന്നാണ് കുട്ടിയുടെ ഉള്ളില്‍ കണ്ടെത്തിയത്. ചിലര്‍ ലഹരിക്കായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ചോക്കലേറ്റില്‍ നിന്നു തന്നെയാണോ കുട്ടിയുടെ ശരീരത്തില്‍ ലഹരി എത്തിയതെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, കുട്ടിക്ക് സ്‌കൂളില്‍നിന്ന് ചോക്‌ലേറ്റ് നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.. കുട്ടിയുടെ കയ്യില്‍ എങ്ങനെ ചോക്‌ലേറ്റ് എത്തി എന്നും അറിവില്ല. ആശുപത്രി വിട്ടെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതേയുള്ളൂ.