വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്; അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി; ശ്വാസ കോശത്തിലും തുളച്ചുകയറി; റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്; വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു; ക്യാബിനില്‍ റോയിയെ കണ്ടത് ഷര്‍ട്ടില്‍ നിറയെ രക്തവുമായി കസേരയില്‍ ഇരിക്കുന്ന നിലയില്‍

വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്; അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി

Update: 2026-01-31 09:46 GMT

ബംഗളുരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ, ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.റോയ് സി.ജെ.യുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. റോയി വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്തായാണ് എന്നാണ് പുറത്തുവരുന്ന വിവരം. അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറിയുണ്ടായ പരിക്ക് മൂലമെന്ന് കണ്ടെത്തല്‍. ഇടതു നെഞ്ചില്‍ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിന്‍ഭാഗത്തുകൂടി പുറത്തുകടന്ന് തല്‍ക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്ടര്‍ അരവിന്ദ് പറഞ്ഞു.

6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂര്‍ണ്ണ വിശകലനത്തിനായി വിശദമായ റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടേയും മറ്റും പരിശോധന നടത്തി വരികയാണ്. പോലീസ് ഫോററന്‍സിക് ലബോറട്ടറിയുമായി സഹകരിച്ചാണ് ഈ പരിശോധനകള്‍ നടത്തുന്നത്. വെടിമരുന്നിന്റെയും ശരീരഭാഗങ്ങളുടെയും സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എം.എന്‍ അരുണ്‍ പറഞ്ഞു. മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം നാളെ ബെംഗളൂരുവില്‍ നടക്കും.

മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പൊലീസില്‍ പരാതി നല്‍കി. കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. റോയിയുടെ മരണത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അന്വേഷണത്തിന് ഉത്തരവിട്ടു. 'റോയ് ദുബായില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് എത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ വെച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം അദ്ദേഹം അഞ്ചു മിനിറ്റ് ഇടവേളയെടുത്തു, തന്റെ മുറിയിലേക്ക് പ്രവേശിച്ചു, 20 മിനിറ്റിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു' പരമേശ്വര പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും പരമേശ്വര വ്യക്തമാക്കി.

ഇന്നലെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ എത്തിയതോടെ സി.ജെ.റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് സമര്‍പ്പിച്ച പരാതിയിലാണു സംഭവ ദിവസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനായി ടി.എ.ജോസഫിനൊപ്പം റോയ് ഓഫിസിലെത്തി. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പുറത്തേക്കിറങ്ങിയ ജോസഫ് തിരികെ എത്തിയപ്പോള്‍ ക്യാബിനിലേക്ക് കയറാന്‍ സെക്യൂരിറ്റി സമ്മതിച്ചില്ല. ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. 10 മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. കതക് ഉള്ളില്‍ നിന്നും ലോക്കിട്ട നിലയിലായിരുന്നു. കതക് തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോള്‍ ഷര്‍ട്ടില്‍ നിറയെ ചോരയുമായി കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു റോയി. പള്‍സ് ഇല്ലെന്ന് മെഡിക്കല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചു ബെംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അതേസമയം, റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണു സ്ഥാപനത്തിന്റെ ആവശ്യം. കടുംകൈ ചെയ്യാന്‍ റോയിയെ പ്രേരിപ്പിച്ച തരത്തിലുള്ള സമ്മര്‍ദം ഉണ്ടായിരുന്നോ എന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണു റോയിയുടെ കുടുംബം ഉന്നയിച്ചത്. ഐ-ടി ഉദ്യോഗസ്ഥര്‍ ഡിസംബറില്‍ 2 തവണ ഓഫിസ് സന്ദര്‍ശിച്ചിരുന്നു. റെയ്ഡുകള്‍ക്കിടെ റോയി രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ വീണ്ടും എത്തി. ഡിസംബര്‍ അവസാന വാരം റെയ്ഡിനായി എത്തുമെന്ന് റോയിയെ മുന്‍പ് അറിയിച്ചിരുന്നതായും അദ്ദേഹം അവര്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. റെയ്ഡുകളെ തുടര്‍ന്ന് താന്‍ അനുഭവിച്ചിരുന്ന ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും അദ്ദേഹം പങ്കുവെച്ചിരുന്നതായി റോയിയുമായി അടുത്തവര്‍ തങ്ങളുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു.

അതേസമയം, ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി റോയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ലീഗല്‍ അഡൈ്വസര്‍ പ്രകാശ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്നും പൊലീസ് അറിയിച്ചു.

ഡോ. റോയ് സിജെയുടെ മരണത്തില്‍ ആദായ നികുതിവകുപ്പിനെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പ്രതികരിച്ചു. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദ്ദത്തിന് ഇരയാണ് റോയ് സിജെ.ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു.കൂടുതല്‍ പറഞ്ഞാല്‍ രാഷ്ട്രീയമാകുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. അധിക്ഷേപത്തിന്റെ ഇരയാണ് ഡോ. റോയ് സിജെ. കുറ്റമറ്റ അന്വേഷണം നടത്തുമെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സി ജെ റോയിയുടെ സന്തത സഹചാരി അബില്‍ ദേവും പറഞ്ഞു. ഈ മാസം ആദ്യം മുതലാണ് ഐടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് എന്നാണ് അറിഞ്ഞത്. വലിയ സമ്മര്‍ദ്ദമില്ലാതെ ആത്മഹത്യ ചെയ്യില്ലെന്നും അബില്‍ ദേവ് പറഞ്ഞു.

എന്നാല്‍ സി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ആദായനികുതി വകുപ്പും രംഗത്തുവന്നു. ഏത് അന്വേഷണമായും സഹകരിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധനയും നടപടികളും നിയമപരമാണെന്നും സമ്മര്‍ദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയതെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു.

അതേസമയം റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി കര്‍ണാടക പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖപ്പെടുത്തി. ബെംഗളൂരു ഹലസുരുവിലെ ഹോട്ടലിലാണ് മൊഴി രേഖപ്പെടുത്തുന്നത്. റോയിയുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

Tags:    

Similar News