പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച കോണ്‍ഗ്രസ് പഞ്ചായത്തംഗം ജോസ് നെല്ലേടം ജീവനൊടുക്കി; കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തില്‍ ചാടി; വിഷം കഴിച്ചതായും സംശയം; മരിച്ചത് പുല്‍പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയിലെ ആരോപണവിധേയന്‍
കോണ്‍ഗ്രസ് പഞ്ചായത്തംഗം ജോസ് നെല്ലേടം ജീവനൊടുക്കി
ബത്തേരി: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ കുളത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരില്‍ ഒരാളായിരുന്നു ജോസ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. വയനാട് മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം കൂടിയായ ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തില്‍ ചാടി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ കണ്ടെത്തിയത്. വിഷം കഴിച്ചതായും സംശയമുണ്ട്. അയല്‍വാസികള്‍ ജോസിനെ പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
വിമതനായി മത്സരിച്ച് പഞ്ചായത്തിലേക്ക് ജയിച്ച ശേഷം വീണ്ടും കോണ്‍ഗ്രസിലേക്ക് എത്തിയ ജോസിനെ തങ്കച്ചന്റെ ജയില്‍വാസവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തിയിരുന്നു. കേസില്‍ ജോസിനെ പ്രതിചേര്‍ത്തിരുന്നില്ല. തന്നെ കള്ളക്കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് തങ്കച്ചന്‍ മാധ്യമങ്ങളോടും മറ്റും പറഞ്ഞ ആറുപേരുകളില്‍ ഉള്‍പ്പെട്ടയാള്‍ കൂടിയാണ് ജോസ്. അടുത്തിടെ മുളളന്‍കൊല്ലിയില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ ഗ്രൂപ്പുതര്‍ക്കങ്ങളാണ് തങ്കച്ചനെ കള്ളക്കേസില്‍പ്പെടുത്തുന്നതില്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ ജോസ് വലിയ മാനസിക പിരിമുറുക്കം നേരിട്ടിരുന്നതായാണ് സൂചന. കഴിഞ്ഞ മാസം 22ന് രാത്രിയാണ് തങ്കച്ചന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്നു കര്‍ണാടക മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഭര്‍ത്താവ് നിരപരാധിയാണെന്നും കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ സിനി ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസ് നടത്തിയ തുടര്‍ അന്വേഷണത്തില്‍ തങ്കച്ചന്‍ നിരപരാധിയാണെന്നും കണ്ടത്തുകയും ചെയ്തു. കേസില്‍ മരക്കടവ് സ്വദേശി പി.എസ്.പ്രസാദ് (41) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കര്‍ണാടകയില്‍ നിന്നുമദ്യം വാങ്ങിക്കൊണ്ടുവന്നത് പ്രസാദാണെന്നു കണ്ടെത്തി. കള്ളക്കേസുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളും പ്രസാദില്‍ നിന്നു പൊലീസിനു ലഭിച്ചു.
നിരപരാധിയെന്നു കണ്ടെത്തി 17 ദിവസത്തെ റിമാന്‍ഡിനു ശേഷം വിട്ടയച്ച ശേഷം രാഷ്ട്രീയവൈരാഗ്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന ഗൂഡാലോചനയാണ് തന്നെ കേസിലുള്‍പ്പെടുത്തിയതിനു പിന്നിലെന്ന് തങ്കച്ചന്‍ ആരോപണമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്കച്ചന്‍ ആരോപണമുന്നയിച്ചവരില്‍ ജോസ് നെല്ലേടത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി.ഡി. സജി, മുള്ളന്‍കൊല്ലി മുന്‍ മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പില്‍ തുടങ്ങിയവര്‍ക്കെതിരെയും തങ്കച്ചന്‍ ഈ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചു.
ജോസ് നെല്ലേടത്തിന്റെ മരണത്തോടെ വയനാട്ടില്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. വയനാട്ടിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ മുള്ളന്‍കൊല്ലിയിലെ തമ്മിലടി പരിഹരിക്കുന്നതില്‍ നേതൃത്വം പരാജയമാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണു വാര്‍ഡ് പ്രസിഡന്റിനെത്തന്നെ കള്ളക്കേസില്‍ കുടുക്കിയുള്ള രാഷ്ട്രീയവൈരാഗ്യവും പഞ്ചായത്തംഗത്തിന്റെ മരണവും ഉണ്ടാകുന്നത്.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ വിശ്വാസമില്ലെന്നും അതൊരു ക്രിമിനലുകളുടെ കൂട്ടമായി മാറിക്കഴിഞ്ഞെന്നും കഴിഞ്ഞദിവസം തങ്കച്ചന്‍ കുറ്റപ്പെടുത്തിയിരുന്നു. അറസ്റ്റിലായിട്ടുള്ള പ്രസാദിന് തന്നെ കുടുക്കാനുപയോഗിച്ച മദ്യം വാങ്ങാന്‍ പണം നല്‍കിയത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയാണെന്നും കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റായ താന്‍ കള്ളക്കേസില്‍ ജയിലിലായിട്ടും ആശ്വാസവാക്കുമായി ഡിസിസിയില്‍നിന്ന് ഒരാളുപോലും വന്നില്ലെന്നും തങ്കച്ചന്‍ ആരോപിച്ചിരുന്നു. ഡിസിസിയില്‍നിന്ന് ഒരു നീതിയും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു.