എന്ത്..താൻ പോടോ..; വേറെ പണി നോക്ക്..!!; ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത സ്ത്രീകൾ; ടിക്കറ്റ് എവിടെ? എന്ന ടിടിഇ യുടെ ചോദ്യത്തിന് കിട്ടിയത് പുളിച്ച തെറി; തിളച്ച ചായ ഒഴിച്ചെന്നും പരാതി; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
ഡൽഹി: ഡെറാഡൂൺ എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത സ്ത്രീകൾ ടിക്കറ്റ് ആവശ്യപ്പെട്ട ടിടിഇയെ അസഭ്യം പറയുകയും അദ്ദേഹത്തിന് നേരെ ചൂട് ചായ ഒഴിക്കുകയും ചെയ്തതായി പരാതി. റെയിൽവേ ടിക്കറ്റ് പരിശോധകന്റെ (ടിടിഇ) മൊബൈലിൽ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ടിക്കറ്റില്ലാത്ത യാത്രക്കാർ ടിക്കറ്റ് പരിശോധകരെ അധിക്ഷേപിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതിനിടെയാണ് പുതിയ സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങളിൽ, ടിക്കറ്റില്ലാതെ യാത്ര ചെയ്ത സ്ത്രീകളിൽ ഒരാൾ ടിടിഇയുമായി തർക്കിക്കുന്നത് കാണാം. താനാണ് ചായ ഒഴിച്ചതെന്ന് ടിടിഇ ആരോപിക്കുന്നു. സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടിയാണ് ടിടിഇയുടെ ഈ പരാതി. മറ്റു യാത്രക്കാരോട് സ്ത്രീകളുപയോഗിച്ച ഭാഷയെക്കുറിച്ച് അദ്ദേഹം ചോദിക്കുമ്പോൾ, അവർ തെറിവാക്ക് ഉപയോഗിച്ചതായി മറ്റു യാത്രക്കാർ പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ, തങ്ങളെ ടിടിഇ അടിച്ചതായി സ്ത്രീകൾ ആരോപിക്കുന്നു. തങ്ങളുടെ നേരെ ചായ ഒഴിച്ചിട്ടില്ലെന്നും അവർ വാദിക്കുന്നു.
തുടർന്ന്, ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത രണ്ടു സ്ത്രീകളെയും ഒരു പെൺകുട്ടിയെയും ബരാബങ്കി സ്റ്റേഷനിൽ ഇറക്കിവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, അവർ പിന്നീട് അതേ കോച്ചിൽ വീണ്ടും കയറി ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വീണ്ടും ഇറക്കിവിടുകയായിരുന്നു. ഇവർക്കെതിരെ ചാർബാഗ് റെയിൽവേ പോലീസിൽ (ജിആർപി) പരാതി നൽകിയിട്ടുണ്ടെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത അമ്മയും മകളും ടിക്കറ്റ് ആവശ്യപ്പെട്ട ടിടിഇയോട് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഓഡിഷയിൽ നിന്നുള്ള ഒരു അധ്യാപികയും സമാനമായ രീതിയിൽ ടിടിഇയോട് തർക്കിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അടുത്ത കാലത്തായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും, ലോക്കൽ ടിക്കറ്റിൽ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.