ബ്ലേഡ് മാഫിയ സംഘത്തിന്റെ നിരന്തര ഭീഷണിയില്‍ പൊറുതിമുട്ടി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി; വിഷം കഴിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത് വീടിന് മുന്നില്‍; ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ സ്ത്രീകള്‍ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
മഞ്ചേശ്വരത്ത് ബ്ലേഡ് മാഫിയാ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ജീവനൊടുക്കി
കാസര്‍കോട്: മഞ്ചേശ്വരത്ത് ബ്ലേഡ് മാഫിയാ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ജീവനൊടുക്കി. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇരുവരെയും വീടിന് മുന്നില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മഞ്ചേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബ്ലേഡ് മാഫിയാ സംഘത്തിന്റെ നിരന്തരമായ ഭീഷണിയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ ബ്ലേഡ് മാഫിയാ സംഘാംഗങ്ങളായ സ്ത്രീകള്‍ ദമ്പതികളുടെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ നിന്ന് കണ്ടെടുത്തു. അയല്‍വാസികളും ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി സ്ഥിരീകരിക്കുന്നു. വീട്ടിലെത്തിയവരെക്കുറിച്ചും ഫോണിലേക്ക് വന്ന കോളുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു. ഈ സംഭവം പ്രദേശത്ത് വലിയ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.
മൂന്നു വയസുകാരനായ മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കിയ ശേഷമായിരുന്നു ദമ്പതികള്‍ വിഷം കഴിച്ചത്. വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയില്‍ അയല്‍വാസികളാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. സംഭവ സമയം മാതാവ് ജോലിക്കു പോയിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.