മകള്‍ അന്യ ജാതിയില്‍പ്പെട്ട യുവാവുമായി ഒളിച്ചോടി; തനിക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ആത്മഹത്യ; മുറിയില്‍ വെടിവെച്ച് മരിച്ച് പിതാവ്; മകളുടെ ആധാര്‍ കാര്‍ഡില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
ഭോപ്പാല്‍: മകളുടെ വിവാഹം കുടുംബത്തിന്റെ സമ്മതമില്ലാതെ നടന്നു എന്ന കാരണത്താല്‍ പിതാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മെഡിക്കല്‍ ഷോപ്പ് നടത്തിവരികയായിരുന്ന സഞ്ജു ജെയ്സ്വാള്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏകദേശം ഒരു മണിയോടെയാണ് സംഭവം. വെടിയൊച്ച കേട്ട് വീടിനുള്ളിലെ മറ്റ് അംഗങ്ങള്‍ ഓടി വന്നപ്പോള്‍ സഞ്ജുവിനെ കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
രണ്ടാഴ്ച മുന്‍പ് സഞ്ജുവിന്റെ മകള്‍ സമീപപ്രദേശത്തുള്ള യുവാവിനൊപ്പം നാടുവിട്ട് പോയിരുന്നു. പിന്നീട് ഇവരെ ഇന്‍ഡോറില്‍ നിന്നു കണ്ടെത്തി തിരികെ കൊണ്ടുവന്നെങ്കിലും, കോടതി നടപടികളില്‍ മകള്‍ താന്‍ വിവാഹിതയാണെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് ആഗ്രഹമെന്നും അറിയിക്കുകയായിരുന്നു. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ മകള്‍ വിവാഹം ചെയ്തതോടെ സഞ്ജുവിന് ജെയ്‌സ്വാളിന് അത് അംഗീകരിക്കാന്‍ സാധിച്ചില്ല. പിന്നീട് ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായതായും ബന്ധുക്കള്‍ പറയുന്നു.
ഇയാള്‍ ആത്മഹത്യയ്ക്ക് മുമ്പ് മകളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതില്‍ മകള്‍ ചെയ്തത് തെറ്റാണെന്നും മകളെയും ഭര്‍ത്താവിനെയും കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ അച്ഛനായി ആ നടപടിയിലേക്കു പോകാനാവില്ലായിരുന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
സഞ്ജുവിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷപരമായ സാഹചര്യം ഉണ്ടായി. ബന്ധുക്കള്‍ യുവാവിന്റെ പിതാവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ബോധരഹിതനായി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.