മയക്കുമരുന്ന് പൊതികൾ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കും; ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേയിൽ പണം ലഭിച്ചാൽ ലൊക്കേഷൻ കൈമാറും; വളരെ വിദഗ്ധമായി നടന്ന ലഹരി കച്ചവടം പൊളിഞ്ഞത് യുവതി പിടിയിലായതോടെ; അന്ന് ബൾക്കീസ് പിടിയിലായത് ഒരു കോടിയുടെ എംഡിഎംഎയുമായി; ജാമ്യത്തിലിറങ്ങിയ കക്കാടുകാരി തൂങ്ങിമരിച്ച നിലയിൽ

Update: 2026-01-17 17:27 GMT

കണ്ണൂർ: ഒരു കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നഗരത്തിലെ കക്കാട് പള്ളിമുക്കിൽ വാടകയ്ക്ക് താമസിച്ചുവന്ന സി.ടി. ബൾക്കീസിനെയാണ് (38) ശനിയാഴ്ച വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം. 2022-ൽ ബംഗളൂരുവിൽ നിന്ന് പാർസൽ വഴി രണ്ട് കിലോയോളം എം.ഡി.എം.എ കണ്ണൂരിലെത്തിച്ച കേസിലാണ് ബൾക്കീസ് പിടിയിലാകുന്നത്.

കണ്ണൂരിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നായിരുന്നു ഇത്. മൂന്ന് വർഷത്തോളം ജയിലിൽ കഴിഞ്ഞ ബൾക്കീസിന് കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. അറസ്റ്റിലാകുമ്പോൾ ഇവർക്ക് കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുണ്ടായിരുന്നു. ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ്സുകളിൽ തുണിത്തരങ്ങൾ കൊണ്ടുവരുന്ന ബോക്സുകളിലാണ് എം.ഡി.എം.എയും ബ്രൗൺ ഷുഗറും കടത്തിയിരുന്നത്.

ബൾക്കീസിന്റെ ഭർത്താവിന്റെ അടുത്ത ബന്ധുവായ നിസാമായിരുന്നു ഇതിന്റെ പ്രധാന ആസൂത്രകൻ. ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള അതിവിദഗ്ദ്ധമായ രീതിയിലായിരുന്നു ഇവർ മയക്കുമരുന്ന് കൈമാറിയിരുന്നത്. വിജനമായ മൈതാനങ്ങളിലോ കുറ്റിക്കാടുകളിലോ മയക്കുമരുന്ന് പൊതികൾ ഉപേക്ഷിച്ച ശേഷം അതിന്റെ ലൊക്കേഷൻ ഗൂഗിൾ മാപ്പ് വഴി നിസാമിന് അയച്ചുകൊടുക്കും. പണം ഗൂഗിൾ പേ വഴി ലഭിച്ചാൽ മാത്രമേ നിസാം ഈ ലൊക്കേഷൻ ഇടപാടുകാർക്ക് കൈമാറിയിരുന്നുള്ളൂ. ഓരോ ഇടപാടിലും വലിയ തുക ബൾക്കീസിന് കമ്മീഷനായി ലഭിച്ചിരുന്നു.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ തലവൻ കണ്ണൂർ സിറ്റി സ്വദേശി ജാസിമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നൈജീരിയൻ സ്വദേശികളിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നുകൾ മൊത്തമായി വാങ്ങി വിതരണം ചെയ്യുന്നതായിരുന്നു ജാസിമിന്റെ രീതി. ചൂരിദാർ മെറ്റീരിയലുകൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലായിരുന്നു ഇയാൾ ലഹരിക്കടത്ത് നടത്തിയത്. കണ്ണൂർ നഗരത്തിൽ നിസാം മുൻപ് നടത്തിയിരുന്ന കടയുടെ വിലാസത്തിലാണ് പാഴ്സലുകൾ എത്തിയിരുന്നത്.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മയക്കുമരുന്ന് റാക്കറ്റിന്റെ തലവൻ കണ്ണൂർ സിറ്റി സ്വദേശി ജാസിമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട ജാസിമിന് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ബംഗ്‌ളൂരില്‍ ടീഷോപ്പ് നടത്തിയിരുന്ന അഫ്‌സല്‍ കൊവിഡ് കാലത്ത് കച്ചവടം നടത്താന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

സാമ്പത്തിക ബാധ്യത ഏറെയുള്ള ഇയാള്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ലഹരിവില്‍പ്പനയുടെ വഴിയില്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ഇയാൾമൊഴി നല്‍കിയിരിക്കുന്നത്. ജാസിമും നിസാമും നയിക്കുന്ന വൻ റാക്കറ്റിന്റെ ഇരയാവുകയായിരുന്നു യുവതിയെന്നാണ് പോലീസ് വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Tags:    

Similar News