മൂന്നാഴ്ച പഴക്കമുള്ള മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍; കാസര്‍കോട്ട് പതിനഞ്ചുകാരിയുടെയും അയല്‍വാസിയുടെയും മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; എന്തിന് ആത്മഹത്യ എന്നതില്‍ ദുരൂഹത; അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ
കാസര്‍കോട്ട് പതിനഞ്ചുകാരിയുടെയും അയല്‍വാസിയുടെയും മരണം ആത്മഹത്യ
കാസര്‍കോട് : പൈവളിഗെയില്‍ 26 ദിവസം മുമ്പ് കാണാതായ പതിനഞ്ചുകാരിയുടെയും അയല്‍വാസിയുടെയും മരണം ആത്മഹത്യ തന്നെയെന്ന് വ്യക്തമായി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
പൈവളിഗ സ്വദേശിയായ പത്താംക്ലാസുകാരിയേയും അയല്‍വാസി പ്രദീപി(42)നെയും 26 ദിവസം മുമ്പാണ് കാണാതായത്. ഞായറാഴ്ച രാവിലെ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കുമായി പോലീസ് ദിവസങ്ങള്‍ക്ക് മുമ്പ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
സംഭവത്തില്‍ ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചു. ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പോലീസ് ഇങ്ങനെയാണോ വിഷയം കൈകാര്യംചെയ്യുക എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യാഗസ്ഥന്‍ നാളെ കേസ്ഡയറിയുമായി കോടതി മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കൃത്യമായ പോലീസ് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
ജീവനൊടുക്കിയ 42 കാരനായ പ്രദീപ് അവിവാഹിതനായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്നു. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു എന്നാണ് വിവരം. പക്ഷേ എന്തിനാണ് ഇരുവരും ജീവനൊടുക്കിയത് എന്ന് വ്യക്തമല്ല. ഇരുപത് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. മൃതദേഹങ്ങള്‍ കണ്ട സ്ഥലത്ത് ചോക്ലേറ്റും കത്തിയും പൊട്ടിയ മൊബൈലും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ ഫോണുകള്‍ പരിശോധിച്ചാല്‍ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു പ്രദീപിനുണ്ടായിരുന്നത്. അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല എന്നാണ് പെണ്‍കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നത്. കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് മിക്കപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു. പ്രദീപിനെ സംശയമുണ്ടായിട്ടില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം എന്നും അമ്മ ആവശ്യപ്പെടുന്നു. ഇതിനു മുന്‍പ് നാട്ടുകാര്‍ മരിച്ച പ്രദീപിനെതിരെ സ്‌കൂളില്‍ പരാതി നല്‍കിയ സംഭവമുണ്ട്. പ്രദീപ് പലപ്പോഴായി പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാരുടെ ഇടപെടലുണ്ടായത്.
വിഷയത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വന്ന് ഇരുവരും തമ്മില്‍ സൗഹൃദം മാത്രമാണുള്ളതെന്ന് പ്രദീപ് സ്‌കൂളില്‍ പറയിപ്പിച്ചു. പരാതിയും പിന്‍വലിപ്പിച്ചു. അന്ന് കൃത്യമായ നടപടി എടുത്തിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെയൊരു സംഭവം നടക്കുമായിരുന്നില്ല എന്നാണ് നാട്ടുകാര്‍ പ്രതികരിച്ചത്.