ഡോക്ടറെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍; കൊലയിലേക്ക് നയിച്ചത് 1200 രൂപയുടെ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കം: ഡോക്ടറും ജീവനക്കാരനും അപമാനിച്ചതായും കൊലനടത്തിയ കൗമാരക്കാരന്റ മൊഴി
ഡോക്ടറെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ച് കൊന്നത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍. കൊലപാതകം ആസൂത്രണം ചെയ്ത കൗമാരക്കാരന് നേരത്തെ ഈ ആശുപത്രിയില്‍ നിന്നുണ്ടായ അപമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. 1200 രൂപയുടെ ബില്ലിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് പകയ്ക്ക് കാരണം. സെപ്റ്റംബര്‍ 20ന് രാത്രിയുണ്ടായ ഒരു അപകടത്തില്‍ പരിക്കേറ്റതിന് ശേഷം ഇയാള്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്രെ.
ഫരീദാബാദില്‍ വെച്ചുണ്ടായ അപകടത്തിന് ശേഷം ഇയാള്‍ കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയില്‍ ചികിത്സ തേടി എത്തി. പരിശോധിച്ച ഡോ. ജാവേദ് അക്തര്‍ 1200 രൂപയുടെ ബില്ല് നല്‍കിയെന്നാണ് മൊഴി. തുക അധികമാണെന്ന് പറഞ്ഞ് അവിടെ തര്‍ക്കമുണ്ടായി. പിന്നാലെ 400 രൂപ കൊടുത്ത ശേഷം ഇയാള്‍ ഇറങ്ങിപ്പോയി. ഡോക്ടറും ആശുപത്രിയിലെ മറ്റ് ജീവനക്കാരും അപമാനിച്ചതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഈ സംഭവത്തിന് ശേഷം ഏതാണ്ട് പത്ത് ദിവസത്തിന് ശേഷം ബാന്‍ഡേജ് നീക്കം ചെയ്യാനായി ഒരു ബന്ധുവിനൊപ്പം വീണ്ടും ആശുപത്രിയിലെത്തി. ആശുപത്രി ജീവനക്കാര്‍ അന്ന് ചികിത്സ നിഷേധിച്ചുവെന്നും ഡോക്ടര്‍ വീണ്ടും അപമാനിച്ചുവെന്നും മൊഴിലിയുണ്ട്. ഇതിന് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയും കൊലപാതകത്തിനായി മറ്റ് രണ്ട് സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നെന്ന് കൗമാരക്കാരന്‍ വെളിപ്പെടുത്തി. ഇവര്‍ ചേര്‍ന്ന് ഒരു പിസ്റ്റളും സംഘടിപ്പിച്ചു.
മുന്ന് കൗമാരക്കാരില്‍ ഒരാളാണ് സംഭവങ്ങളുടെ സൂത്രധാരനെന്നും കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ കൂട്ടുകാരിലൊരാള്‍ കൊലപാതകത്തിന് തലേദിവസം ആശുപത്രിയില്‍ എത്തിയിരുന്നു. ഒരു പരിക്കുമായാണ് ഇയാള്‍ എത്തിയതെങ്കിലും കൊലപാതകത്തിനുള്ള ആസൂത്രണമായിരുന്നു ലക്ഷ്യം. പിറ്റേ ദിവസം ഡ്രസിങ് മാറ്റാനെന്ന പേരില്‍ സംഘത്തിലെ മൂന്ന് പേരും വീണ്ടുമെത്തി. ഡ്രസിങിന് ശേഷം ഡോക്ടറുടെ മുറിയിലേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രധാന സൂത്രധാരന്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റിടുകയും ചെയ്തു. ഒടുവില്‍ 2024ല്‍ കൊലപാതകം ചെയ്തിരിക്കുന്നു എന്നാണ് പോസ്റ്റിലുണ്ടായിരുന്നത്. റിമാന്‍ഡിലായ മൂന്ന് പേരും ഇപ്പോള്‍ ഒബ്‌സര്‍വേഷന്‍ കേന്ദ്രത്തിലാണ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.