'ഇതുവരെ മരിച്ചിട്ടില്ല, ഇനി നമ്മള്‍ എന്തുചെയ്യണം, എന്തെങ്കിലും ഒരു വഴി പറ; നിനക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഷോക്ക് കൊടുക്ക്'; 'അപകട മരണം' കൊലപാതകമെന്ന് ഉറപ്പിച്ചത് ഇന്‍സ്റ്റഗ്രാമിലെ ആ ചാറ്റുകള്‍; അന്വേഷണത്തിന്റെ ഗതി മാറ്റിയത് രാഹുലും സുസ്മിതയും തമ്മിലുള്ള ചാറ്റുകള്‍ സഹോദരന്‍ കണ്ടെത്തിയതോടെ

'അപകട മരണം' കൊലപാതകമെന്ന് ഉറപ്പിച്ചത് ഇന്‍സ്റ്റഗ്രാമിലെ ആ ചാറ്റുകള്‍

Update: 2025-07-19 13:03 GMT

ന്യൂഡല്‍ഹി: മുപ്പത്തിയാറു വയസ്സുകാരനായ യുവാവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും ഭര്‍ത്താവിന്റെ ബന്ധുവും അറസ്റ്റിലായതിന് പിന്നാലെ ഇരുവരെയും കുരുക്കിയ ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ പുറത്ത്. കരണ്‍ദേവ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സുസ്മിത (35), കൊല്ലപ്പെട്ട കരണിന്റെ ബന്ധു രാഹുല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 13നാണ് കരണ്‍ ദേവിനെ ഭാര്യ സുസ്മിത മാതാ രൂപ്രാണി മാഗോ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കരണിന് അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റതായാണ് ഡോക്ടറോട് പറഞ്ഞത്. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോഴേക്കും കരണ്‍ മരിച്ചിരുന്നു. അപകടമാണെന്ന് വിശ്വസിച്ച് അദ്ദേഹത്തിന്റെ കുടുംബം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചു. എന്നാല്‍ കരണിന്റെ പ്രായവും മരണത്തിന്റെ സാഹചര്യവും ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നിര്‍ബന്ധിച്ചു. പോസ്റ്റ് മോര്‍ട്ടത്തെ ഭാര്യയും കസിന്‍ രാഹുലും എതിര്‍ത്തതോടെയാണ് സംശയമുണ്ടായത്. പിന്നീട് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് അയച്ചു.

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം, ഇരയുടെ ഇളയ സഹോദരന്‍ കുനാല്‍ പൊലീസിന് മുന്നില്‍ പരാതിയുമായെത്തി. കരണിനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നും സുസ്മിതയും രാഹുലും തമ്മില്‍ നടന്ന ഇന്‍സ്റ്റാഗ്രാം ചാറ്റിന്റെ തെളിവും സഹോദരന്‍ നല്‍കി. ഇതോടെയാണ് ഇരുവരും കുടുങ്ങിയത്. അത്താഴത്തിനിടെ കരണിന് 15 ഉറക്കഗുളികകള്‍ നല്‍കിയ അബോധാവസ്ഥയിലാക്കി. അപകട മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരും വൈദ്യുതാഘാതം ഏല്‍പ്പിക്കുകയായിരുന്നു.

ജൂലായ് 13-ന് രാവിലെ വെസ്റ്റ് ഡല്‍ഹിയിലെ ജനക്പുരിയിലെ ആശുപത്രിയിലാണ് കരണ്‍ ദേവിന്റെ മരണം സ്ഥിരീകരിക്കുന്നത്. വീട്ടില്‍വെച്ച് ഷോക്കേറ്റതാണെന്നാണ് സുസ്മിത പറഞ്ഞിരുന്നത്.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം, ഇന്‍സ്റ്റഗ്രാമില്‍നിന്ന് കണ്ടെടുത്ത സംഭാഷണങ്ങള്‍ അന്വേഷണത്തിന്റെ ഗതി മാറ്റുകയായിരുന്നു. കരണിന്റെ പിതാവിന്റെ സഹോദരപുത്രനായ രാഹുലും സുസ്മിതയും തമ്മിലുള്ള ചാറ്റുകള്‍ കരണിന്റെ സഹോദരന്‍ കുനാല്‍ ദേവ് കണ്ടെത്തി. കുനാല്‍ ഈ സംഭാഷണങ്ങള്‍ വീഡിയോ ആയി പകര്‍ത്തി പോലീസിന് കൈമാറി.

കൊല്ലപ്പെടുന്നതിനു മുമ്പ് കരണിന്റെ ഭക്ഷണത്തില്‍ പ്രതികള്‍ ഉറക്കഗുളികകള്‍ കലര്‍ത്തി നല്‍കിയതായി സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. മരുന്ന് പെട്ടെന്ന് ഫലിക്കാതെ വന്നപ്പോള്‍ സുസ്മിത പരിഭ്രാന്തിയിലായി. തുടര്‍ന്ന് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ചാറ്റ് പൊലീസ് പുറത്തുവിട്ടു.

'മരുന്ന് കഴിച്ചാല്‍ മരിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഒന്നു നോക്കൂ. ഭക്ഷണം കഴിച്ചിട്ട് മൂന്ന് മണിക്കൂറായി. ഛര്‍ദ്ദിയോ ഒന്നുമില്ല. ഇതുവരെ മരിച്ചിട്ടുമില്ല. ഇനി നമ്മള്‍ എന്തുചെയ്യണം, എന്തെങ്കിലും ഒരു വഴി പറ.'

'നിനക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഷോക്ക് കൊടുക്ക്.'

'ഷോക്ക് കൊടുക്കാന്‍ ഇയാളെ എങ്ങനെ കെട്ടിയിടും?'

'ടേപ്പ് വെച്ച്.'

'അയാള്‍ വളരെ പതുക്കെയാണ് ശ്വാസമെടുക്കുന്നത്.'

'നിന്റെ കയ്യിലുള്ള ഗുളികകളെല്ലാം കൊടുക്ക്.'

'എനിക്ക് അയാളുടെ വായ തുറക്കാന്‍ കഴിയുന്നില്ല. വെള്ളം ഒഴിക്കാന്‍ പറ്റും, പക്ഷെ ഗുളിക കൊടുക്കാന്‍ പറ്റുന്നില്ല. നീ ഇങ്ങോട്ട് വാ. നമുക്ക് ഒരുമിച്ച് ഗുളിക കഴിപ്പിക്കാന്‍ നോക്കാം.'

മയക്കി കിടത്തിയ ശേഷം ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി അപകടമരണമായി ചിത്രീകരിക്കാനാണ് പ്രതികള്‍ പദ്ധതിയിട്ടത്. ഉറക്കഗുളികകള്‍ കഴിച്ചയുടന്‍ അബോധാവസ്ഥയിലാകാതെ വന്നപ്പോള്‍, മയക്കത്തിലായിരുന്ന കരണിന്റെ ശരീരത്തില്‍ ഷോക്കേല്‍പ്പിച്ച് കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. കൊലപാതകത്തിനു ശേഷം സുസ്മിത അടുത്തുള്ള ഭര്‍തൃഗൃഹത്തിലെത്തി കരണിന് ഷോക്കേറ്റതായി അറിയിച്ചു. കുടുംബാംഗങ്ങള്‍ ഫ്ളാറ്റിലെത്തി കരണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെവെച്ച് മരണം സ്ഥിരീകരിച്ചു.

ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഉപവാസ ദിവസ(കര്‍വ ചൗത്ത്)ത്തില്‍ കരണ്‍ തന്നെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും പതിവായി പണം ആവശ്യപ്പെട്ടിരുന്നെന്നും സുസ്മിത കുറ്റസമ്മത മൊഴിയില്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ദ്വാരക ഡിസിപി അങ്കിത് സിംഗ് പറഞ്ഞു.

ദമ്പതികള്‍ ഏഴ് വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ബന്ധത്തില്‍ ആറ് വയസ്സുള്ള കുട്ടിയുണ്ട്. സമീപകാലത്ത് ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചു. ഒരേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന രാഹുലുമായി സുസ്മിത അടുത്തു. വിവാഹ മോചനത്തിനായി സുസ്മിത ശ്രമിച്ചെന്നും പൊലീസ് പറയുന്നു.

Tags:    

Similar News