'ഇത് സര്‍ക്കാര്‍ നടത്തുന്ന കൊലപാതകം; മനുഷ്യജീവന് തെരുവിലെ പട്ടിയുടെ വിലപോലുമില്ല'; പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത് പ്രതിഷേധക്കാര്‍

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത് പ്രതിഷേധക്കാര്‍

Update: 2025-01-05 10:14 GMT

നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം അക്രമാസക്തമായി. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു. രോഷാകുലരായ പ്രതിഷേധക്കാര്‍ നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിലേക്ക് ഇരച്ചുകയറുകയും കസേരകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.

നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസിന് മുന്നില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കാണ് പ്രതിഷേധജാഥ നടത്തിയത്. ജാഥ തുടങ്ങുന്നതിന് മുമ്പായി പി.വി. അന്‍വര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ ഡി.എഫ്.ഒ. ഓഫീസിലേക്ക് കയറി കസേരകള്‍ തകര്‍ത്തത്. തുടര്‍ന്ന് പ്രതിഷേധജാഥ ആശുപത്രിയിലേക്ക് നീങ്ങി.

പ്രവര്‍ത്തകരുടെ വികാരപ്രകടനമാണ് ഡി.എഫ്.ഒ. ഓഫീസില്‍ കണ്ടതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. 'അതില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. പ്രവര്‍ത്തകരുടെ വികാരം നിയന്ത്രിക്കുന്നതിന് പരിധിയുണ്ട്. നമുക്ക് ചെയ്യരുതെന്ന് പറയാനല്ലേ പറ്റൂ. ഇത് ജനവികാരമാണ്. അത് സര്‍ക്കാര്‍ മനസിലാക്കണം. മന്ത്രി ഇതുവരെ ഈ വഴിക്ക് വന്നിട്ടില്ല. അവര് എ.സി. റൂമില്‍ കിടന്നുറങ്ങിയാല്‍ മതിയോ? ഈ വിഷയത്തില്‍ ഇടപെടണ്ടേ? ജനങ്ങള്‍ ഇനിയും റോഡിലേക്ക് ഇറങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്', അന്‍വര്‍ പറഞ്ഞു.

മനുഷ്യജീവന് തെരുവിലെ പട്ടിയുടെ വിലപോലും സര്‍ക്കാര്‍ കല്‍പ്പിക്കുന്നില്ലെന്ന് നേരത്തേ മാധ്യമങ്ങളോട് പി.വി. അന്‍വര്‍ പറഞ്ഞിരുന്നു. ഇത് സര്‍ക്കാര്‍ നടത്തുന്ന കൊലപാതകമാണ്. ഒമ്പത് ദിവസത്തിനിടെ ആറ് പേരെയാണ് കേരളത്തില്‍ ആന ചവിട്ടിക്കൊന്നതെന്നും പി.പി. അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ കരുളായി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യില്‍ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചു വയസുകാരന്‍ രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മണിയുടെ മകന്‍ മനുകൃഷ്ണ ആണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം, മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകന്‍ തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന കുട്ടിയ്ക്കു നേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയില്‍ തിരിച്ചെത്തിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10ഓടെയാണ് കൂടെയുണ്ടായിരുന്നവര്‍ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് മണിയുടെ സഹോദരന്‍ അയ്യപ്പന്‍ വിവരം അറിഞ്ഞത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതും തിരിച്ചടിയായി. അയ്യപ്പന്‍ അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് ചുമന്നത്.

വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിക്കാന്‍ വേണ്ടിയാണ് ചുമന്ന് കൊണ്ടുവന്നത്. കണ്ണക്കൈയില്‍ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പില്‍ കാടിന് പുറത്ത് എത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിയെ ആണ് മണി മരിച്ചത്. നഷ്ടപരിഹാര തുകയായ പത്തു ലക്ഷം ഉടന്‍ നല്‍കുമെന്നും കൊടുംവനത്തില്‍ വെച്ചാണ് അപകടമുണ്ടായതെന്നും മണിയുടെ ഇളയമകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ പറഞ്ഞു.

Tags:    

Similar News