തൈറോയിഡിന് അലോപ്പതി ചികിത്സയിലായിരുന്ന ഭാര്യയെ മരുന്നില്ലാതെ രോഗം പൂര്‍ണമായി സുഖപ്പെടുത്താമെന്ന ഉറപ്പോടെ തെറ്റിദ്ധരിപ്പിച്ചു; അക്യുപങ്ചര്‍ ചികിത്സ സ്വീകരിച്ചതോടെ ആരോഗ്യസ്ഥിതി ഗുരുതരമായി ഭാര്യ മരിച്ചു: വ്യാജ ചികിത്സകര്‍ക്കെതിരെ കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

വ്യാജ ചികിത്സകര്‍ക്കെതിരെ കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

Update: 2025-04-14 07:23 GMT

കുവൈത്ത് സിറ്റി: അക്യുപങ്ചര്‍ ചികിത്സാ രീതിലിയുള്ള പ്രസവത്തെ തുടര്‍ന്ന് മലപ്പുറത്ത് യുവതി മരിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ (35) ആണ് മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് പ്രസവത്തിനിടെ മരിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് വീട്ടിലെ പ്രസവത്തിനെതിരെ അടക്കം ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനിടെ സമാനമായ വിധത്തില്‍ വ്യാജ ചികിത്സ മൂലം ആളുകള്‍ മരിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നു.

വ്യാജ അക്യുപങ്ചര്‍ ചികിത്സ മൂലം ഭാര്യ മരിച്ചെന്ന് ആരോപിച്ച് കുവൈത്ത് പ്രവാസിയാണ് രംഗത്തുവന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കാസര്‍കോട് സ്വദേശിയും കുവൈത്ത് പ്രവാസിയുമായ ഹസന്‍ മന്‍സൂറാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയത്.

തൈറോയിഡ് ചികിത്സയ്ക്ക് അലോപ്പതി മരുന്ന് സ്വീകരിച്ചിരുന്ന ഭാര്യയെ, മരുന്നില്ലാതെ രോഗം പൂര്‍ണമായി സുഖപ്പെടുത്താമെന്ന ഉറപ്പോടെ തെറ്റിദ്ധരിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് മരുന്ന് നിര്‍ത്തി അക്യുപങ്ചര്‍ ചികിത്സ സ്വീകരിച്ചതോടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ഡിസംബറിലാണ് കുവൈത്തില്‍ വെച്ച് ഭാര്യ മരിച്ചത്. നാട്ടില്‍ ചികിത്സ നല്‍കിയ സ്ഥാപനത്തിന് നിയമാനുസൃത അംഗീകാരമില്ല, അതേസമയം തെറ്റായ ചികിത്സയും തെറ്റായ പ്രചാരണങ്ങളും മരണത്തില്‍ പ്രധാന കാരണമായതായും പരാതിയില്‍ ആരോപിക്കുന്നു.

സംസ്ഥാനത്ത് നിരവധി ബ്രാഞ്ചുകളുള്ള സ്ഥാപനത്തെയും, അതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാണ് പരാതി. മെഡിക്കല്‍ രേഖകളും മറ്റ് തെളിവുകളും പരാതിയോടൊപ്പം ഹസന്‍ മന്‍സൂര്‍ സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി സംസ്ഥാന ഡിജിപിക്കും കൈമാറിയിട്ടുണ്ട്.

അതേസമയം മലപ്പുറത്ത് ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. അസ്മയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു പോസ്റ്റ്മോര്‍ട്ടം നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തും. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് പ്രസവത്തിനിടെയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മരണം നടന്നത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. പ്രസവസമയത്ത് വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നായിരുന്നു വിലയിരുത്തല്‍. ഇത് ശരിവെയ്ക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

Tags:    

Similar News