പ്രണയബന്ധം തകർന്നു; പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു; പ്രതികാരത്തിന് പദ്ധതിയിട്ടത് ഒരുമാസം മുന്നേ; നാടിനെ നടുക്കി 27കാരന്റെ അരുംകൊല; അച്ഛനും സഹോദരനും ചേർന്ന് യുവതിയുടെ മുൻകാമുകനെ കുത്തിക്കൊന്നു; പ്രതികൾ പിടിയിൽ
കോയമ്പത്തൂർ: മകളുടെ മരണത്തിന് പ്രതികാരമായി അച്ഛനും മകനും ചേർന്ന് 27കാരനെ കുത്തിക്കൊന്നു. പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്ത് ഒരുമാസത്തിന് പിന്നാലെയാണ് കൊലപാതകം. യുവാവിനെ 25കാരിയുടെ അച്ഛനും സഹോദരനും ചേർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോയമ്പത്തൂരിൽ തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.
നീലഗിരി ജില്ലയിലെ പന്തല്ലൂർ സ്വദേശിയായ തമിഴ്സെൽവനെയാണ് പട്ടാപ്പകൽ കുത്തിക്കൊന്നത്. പന്തല്ലൂർ സ്വദേശിയായ മഹാലിംഗത്തിന്റെ മകനാണ് കൊല്ലപ്പെട്ട തമിഴ്സെൽവൻ. കോയമ്പത്തൂരിലെ തുടിയലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിരുത് നഗറിലാണ് യുവാവിന്റെ അമ്മ താമസിച്ചിരുന്നത്.
സംഭവത്തിൽ പ്രതികളിൽ ഒരാളായ 45കാരനായ മലൈകണിയുടെ മകളാണ് ആനന്ദി. തമിഴ്സെൽവനും ആന്ധിയുമായി പ്രണയത്തിലായിരുന്നു. അമ്മ വീടിനടുത്തായിരുന്നു 25കാരിയായ ആനന്ദിയുടെ വീട്. മൂന്ന് വർഷത്തിലേറെ ആനന്ദിയുമായി പ്രണയ ബന്ധം മുന്നോട്ട് പോവുന്നതിനിടയിൽ യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി.
ഇതോടെ ആനന്ദിയുമായുള്ള വിവാഹം ഇയാൾ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. യുവാവ് വിവാഹത്തിൽ നിന്ന് പിന്തിരിയുകയാണെന്ന് വ്യക്തമായതിന് പിന്നാലെ ആനന്ദി ജീവനൊടുക്കുകയായിരുന്നു. ഇതോടെ ആനന്ദിയുടെ അച്ഛനും സഹോദരനും ചേർന്ന് തമിഴ്സെൽവനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ആനന്ദി മരിച്ച് ഒരു മാസത്തിന് പിന്നാലെയായിരുന്നു പ്രതികാരം.
ആനന്ദിയുടെ മരണത്തിന് പ്രതികാരമായാണ് തിങ്കളാഴ്ച പട്ടാപ്പകൽ കൊലപാതകം നടന്നത്. മലൈകണിയും മകൻ രാജ്റാം എന്നിവർ ചേർന്ന് തമിഴ്സെൽവൻ ജോലി ചെയ്തിരുന്ന ആശുപത്രിയിലെത്തി. ശേഷം ആശുപത്രിയിലെ ഒഴിഞ്ഞ ഇടത്തേക്ക് വിളിച്ച് വരുത്തിയാണ് കൊലപാതകം നടത്തിയത്. ഇവർക്കിടയിൽ വാക്കേറ്റമുണ്ടാവുകയും അച്ഛനും മകനും തമിഴ്സെൽവനെ ആക്രമിക്കുകയും ആയിരുന്നു. നെഞ്ചിലും വയറ്റിലുമാണ് യുവാവിന് കുത്തേറ്റത്.
തമിഴ്സെൽവൻ തളർന്ന് വീണതിന് പിന്നാലെ ഇവർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ വഴിയേ പോയ ആളുകളാണ് കണ്ടെത്തിയത്. ആശുപത്രിയിലേക്ക് യുവാവിനെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തിന് പരിസരത്തെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് കേസിലെ പ്രതികളേക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സംഭവ സ്ഥലത്ത് നിന്ന് യുവാവിനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലൊണ് അച്ഛനേയും മകനേയും തിരുപ്പൂരിൽ നിന്ന് പോലീസ് പിടികൂടിയത്.