പ്രണയം വിവാഹം ആകുമെന്ന പ്രതീക്ഷയില്‍ അച്ഛനെ പോലെ കാക്കിയിടാന്‍ ആഗ്രഹിച്ച മകന്‍; പെണ്‍ സുഹൃത്തിന് ഫെഡറല്‍ ബാങ്കില്‍ കിട്ടിയ ജോലി എല്ലാം അവതാളത്തിലാക്കിയെന്ന് കരുതിയ പക; പോലീസാകാനുള്ള മോഹത്തേയും അത് തകര്‍ത്തു; തേജസ് രാജ് ക്രൂരനായി; ഗ്രേഡ് എസ് ഐയുടെ മകന്റെ കൊലയും ആത്മഹത്യയും പ്രണയ പകയില്‍

Update: 2025-03-18 02:42 GMT

കൊല്ലം: വീട്ടില്‍ കയറി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തേജസ് രാജുമായുള്ള ബന്ധത്തില്‍ നിന്നും ഫെബിന്റെ സഹോദരി പിന്മാറിയതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി. യുവതിയ്ക്ക് ഫെഡറല്‍ ബാങ്കില്‍ ജോലി കിട്ടിയിരുന്നു. ഇതിന് ശേഷമാണ് തന്നെ ഒഴിവാക്കിയതെന്ന ചിന്തയാണ് തേജസിന് പകയായി മാറിയത്. പോലീസില്‍ ജോലി കിട്ടാനുള്ള സാധ്യത തേജസിന് മുന്നിലുണ്ടായിരുന്നു. തേജസിന്റെ അച്ഛന്‍ രാജു പോലീസില്‍ ഗ്രേഡ് എസ് ഐയായിരുന്നു. പിഎസ് സി പരീക്ഷ എഴുതുകയും പോലീസ് ആവുക എന്ന ആഗ്രഹവുമായി തേജസ് മുമ്പോട്ട് പോയി. ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് അടുത്തു വരെ കാര്യങ്ങളെത്തി. ഇതിനിടെയാണ് പ്രണയം തകര്‍ന്നത്. ഇതോടെ തേജസ് നിരാശനായി. ആ ജോലിക്ക് വേണ്ടി പോലും പിന്നീടൊന്നും ചെയ്തില്ല. ഉളിയകോവില്‍ വിളപ്പുറം മാതൃക നഗര്‍ 160ല്‍ ജോര്‍ജ് ഗോമസിന്റെ മകന്‍ ഫെബിന്‍ ജോര്‍ജ് ഗോമസ് (അപ്പു-22) ആണ് കൊല്ലപ്പെട്ടത്. ചവറ പരിമണം സ്വദേശിയായ തേജസ് രാജ് ആണ് ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തേജസും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ സമ്മതിച്ചിരുന്നു. പിന്നീട് യുവതി തേജസുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറി. എന്നാല്‍ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് പതിവായി ശല്യം ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ ഇത് വിലക്കി. ഇതേതുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. പലപ്പോഴും യുവതിയുടെ വീട്ടിലെത്തി തേജസ് പ്രശ്‌നമുണ്ടാക്കിയിരുന്നതായും വിവരമുണ്ട്. തന്റെ പ്രണയത്തെ തകര്‍ക്കാന്‍ വീട്ടുകാരുടെ പിന്തുണയുണ്ടെന്ന് തേജസ് ധരിച്ചു. ഇതായിരുന്നു ആ വീട്ടിലേക്ക് തന്ത്രപരമായി തേജസ് എത്താനുള്ള കാരണം. യുവതിയെയും കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചിരുന്നോയെന്ന് സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാറില്‍ പര്‍ദ ധരിച്ചെത്തിയ തേജസ് ഫെബിനെ വീട്ടില്‍ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാനെത്തിയ ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസിനും പരിക്കേറ്റു. തേജസ് കൈയില്‍ പെട്രോളും കരുതിയിരുന്നു. ഇത് ഗോമസിനുമേല്‍ ഒഴിച്ചു. പക്ഷേ കത്തിക്കാന്‍ ആയില്ല. പെട്രോള്‍ ദേഹത്ത് വീണതോടെ കുത്തേറ്റ ഫെബിന്‍ പ്രാണരക്ഷാര്‍ഥം വീടിനു പുറത്തേക്ക് ഓടി റോഡില്‍ വീഴുകയായിരുന്നു. ഇതിനു സമീപത്തുനിന്നും ഫെബിനെ കുത്തിയ കത്തി ലഭിച്ചു. ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്.

തടയാന്‍ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലാണ് പിതാവ്. കുത്തിയശേഷം കാറില്‍ കടന്ന തേജസ് കടപ്പാക്കട ചെമ്മാന്‍മുക്കില്‍ റെയില്‍വേ പാളത്തിന് സമീപം കാര്‍ ഉപേക്ഷിച്ച് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നീണ്ടകര സ്വദേശിയായ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ് തേജസ്. സംഭവത്തില്‍ പ്രതികരിച്ച് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിഭാഗം മേധാവി നീത രംഗത്ത് എത്തി. കൊല്ലപ്പെട്ട ഫെബിന്‍ ക്ലാസില്‍ അച്ചടക്കം പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ഫെബിന്‍ ഇതുവരെ ക്ലാസിലോ ക്യാംപസിലോ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയതായി അറിയില്ല. നല്ല രീതിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഫെബിനെന്നും അധ്യാപിക പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത കാറില്‍ ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. കയ്യില്‍ കത്തി കരുതിയിരുന്ന തേജസ്, ബുര്‍ഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യില്‍ കരുതിയിരുന്നു. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസി(21)നെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്താണ് കൊലപാതകത്തിന് കാരണം എന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. വ്യക്തിപരമായ തര്‍ക്കമായിരിക്കാം ദാരുണകൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസും അനുമാനിക്കുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് വിവരം. തേജസ് രാജ് നേരത്തേയും ഈ വീട്ടിലേക്ക് വന്നിട്ടുള്ളതായാണ് വിവരം.

മുഖം മൂടുന്ന തരത്തിലുള്ള കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. വീട്ടിലെത്തി ഫെബിനെ അക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പിതാവിനും കത്തി കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന പെട്രോള്‍ മുറിയില്‍ ഒഴിച്ചു. ഇത് കണ്ട് കുത്തേറ്റ ഫെബിന്‍ തേജസ്സിനടുത്തേക്കെത്തിയപ്പോഴേക്കും അയാള്‍ പുറത്തേക്ക് ഓടി. പിന്നാലെ പോയ ഫെബിന്‍ മുറ്റത്ത് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് കാറുമായി രക്ഷപ്പെട്ട തേജസ്സ് വിവിധയിടങ്ങളില്‍ വാഹനങ്ങളെ ഇടിച്ചുകൊണ്ടായിരുന്നു പോയത്. ശേഷം ചെമ്മാന്‍ മുക്കില്‍ കാര്‍ ഉപേക്ഷിച്ച് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. പെട്ടെന്നുണ്ടായ പ്രകോപനമാണോ മറ്റെന്തെങ്കിലുമാണോ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News