മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പരാതിപ്പെട്ടതോടെ സേനയില്‍ നിന്നും നേരിടുന്നത് കടുത്ത മാനസിക പീഡനം: വിങ് കമാന്‍ഡര്‍ക്കെതിരെ പരാതി നല്‍കി നാവികസേനയിലെ വനിതാ ഫ്‌ലയിങ് ഓഫിസര്‍
പീഡനം: വിങ് കമാന്‍ഡര്‍ക്കെതിരെ പരാതി നല്‍കി നാവികസേനയിലെ വനിതാ ഫ്‌ലയിങ് ഓഫിസര്‍
ശ്രീനഗര്‍: നാവികസേനയിലെ വനിതാ ഫ്‌ലയിങ് ഓഫിസറെ വിങ് കമാന്‍ഡര്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ജമ്മു കശ്മീരിലെ ബുദ്ഗാം പൊലീസ് സ്റ്റേഷനിലാണ് വനിതാ ഓഫിസര്‍ പരാതി നല്‍കിയിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. രണ്ട് ഉദ്യോഗസ്ഥരും ശ്രീനഗറിലാണ് ഉള്ളത്. കേസുമായി ബന്ധപ്പെട്ട് പൊലീസുമായി പൂര്‍ണമായും സഹകരിക്കുമെന്ന് നാവികസേന അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുണ്ടെന്ന് വനിതാ ഫ്‌ലയിങ് ഓഫിസര്‍ പരാതിയില്‍ പറയുന്നു. നാവികസേനയില്‍ പരാതി നല്‍കി എങ്കിലും നീതി ലഭിച്ചില്ല. മാത്രമല്ല കടുത്ത മാനസിക പീഡനം നേരിടേണ്ടി വരികയും ചെയ്തു. ഇതോടെയാണ് വനിതാ ഉദ്യോഗസ്ഥ പോലിസില്‍ പരാതി നല്‍കിയത്. 2023 ഡിസംബര്‍ 31ന് മേലുദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഓഫിസര്‍മാരുടെ മെസ്സില്‍ നടന്ന പുതുവത്സര പാര്‍ട്ടിക്കിടെയാണ് സംഭവം തനിക്ക് സമ്മാനം ലഭിച്ചോ എന്ന് സീനിയര്‍ ഓഫിസര്‍ ചോദിച്ചതായി പരാതിയില്‍ പറയുന്നു. ഇല്ലെന്ന് താന്‍ പറഞ്ഞപ്പോള്‍, സമ്മാനങ്ങള്‍ തന്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് വിങ് കമാന്‍ഡര്‍ അവളെ അവിടേക്ക് കൊണ്ടുപോയി. കുടുംബം എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ മറ്റെവിടെയോ ആണെന്ന് പറയുകയും ശേഷം സീനിയര്‍ ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിച്ച് ഓറല്‍ സെക്സിന് പ്രേരിപ്പിച്ചെന്നും പീഡിപ്പിച്ചുവെന്നുമാണ് ഫ്‌ലയിങ് ഓഫിസര്‍ ആരോപിക്കുന്നത്.
പീഡനത്തെ എതിര്‍ത്തെങ്കിലും ഉദ്യോഗസ്ഥന്‍ വെറുതെ വിടാന്‍ തയ്യാറായില്ല. ഒടുവില്‍ അയാളെ തള്ളിയിട്ട് ഓടി രക്ഷപ്പെടുക ആയിരുന്നു. കുടുംബം പോകുമ്പോള്‍ വെള്ളിയാഴ്ച വീണ്ടും കാണാമെന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞതായും ഫ്‌ലയിങ് ഓഫിസര്‍ തന്റെ പരാതിയില്‍ പറയുന്നു.
സംഭവത്തിനു ശേഷം വിങ് കമാന്‍ഡര്‍ തന്റെ ഓഫിസ് സന്ദര്‍ശിച്ചു. ഒന്നും സംഭവിക്കാത്തത് പോലെയാണ് അദ്ദേഹം പെരുമാറിയത്, പശ്ചാത്താപത്തിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു.
പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. തന്റെ പരാതിയെ തുടര്‍ന്ന് കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അദ്ദേഹത്തിന് അനുകൂലമായാണ് അന്വേഷണം നീങ്ങിയത്. മൊഴി രേഖപ്പെടുത്താന്‍ വിങ് കമാന്‍ഡറെ രണ്ടുതവണ തന്നോടൊപ്പം ഇരുത്തി. അയാളുടെ സാന്നിധ്യത്തെ എതിര്‍ത്തതായും പിന്നീട് ഭരണത്തിലെ പിഴവുകള്‍ മറയ്ക്കാന്‍ അന്വേഷണം അവസാനിപ്പിച്ചതായും ഫ്‌ലയിങ് ഓഫിസര്‍ ആരോപിക്കുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥനെ വൈദ്യപരിശോധന നടത്തിയില്ല. എല്ലാവരും ഉദ്യോഗസ്ഥനെ സഹായിക്കുകയായിരുന്നു. താന്‍ ലീവ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതും നിരസിക്കപ്പെട്ടു. സ്വകാര്യ ആശയവിനിമയങ്ങള്‍ അനൗദ്യോഗികമായി നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ട്. താന്‍ സംസാരിക്കുന്ന വ്യക്തികളെ അധികാരികള്‍ ഉപദ്രവിക്കുന്നുണ്ടെന്നും പരാതിക്കാരി പറയുന്നു. ഇതോടെയാണ് അവര്‍ പരാതിയുമായി പോലിസില്‍ എത്തിയത്.
''ഞാന്‍ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിലാണ്. പീഡനം എന്നെ ആത്മഹത്യാ ചിന്തകളിലേക്ക് നയിച്ചു, എനിക്ക് തീര്‍ത്തും നിസഹായത തോന്നുന്നു. എനിക്ക് എന്റെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല. ഒപ്പം എന്റെ സാമൂഹിക ഇടപെടലുകള്‍ അധികാരികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു'' പരാതിക്കാരി പറഞ്ഞു.