വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; മെച്ചപ്പെട്ട ജീവിത സൗകര്യം ആഗ്രഹിച്ച് പറ്റിക്കപ്പെട്ടവരിൽ വാവ സുരേഷിന്റെ സുഹൃത്തും; കാശ് നൽകി ഒരു വർഷം കാത്തിരുന്നിട്ടും ജോലിയില്ല; ഒടുവിൽ കുടുംബം കടക്കെണിയിലായി; കൊല്ലത്ത് പിടിയിലായ പ്രതികൾ കബളിപ്പിച്ചത് 300 ഓളം ഉദ്യോഗാർത്ഥികളെ; സംഭവം ഇങ്ങനെ
തട്ടിപ്പിൽ പെട്ടവരിൽ വാവ സുരേഷിന്റെ സുഹൃത്തും
കൊല്ലം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു മുന്നൂറിലധികം പേരില്‍ നിന്ന് പണം കബളിപ്പിച്ച കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തട്ടിപ്പില്‍ പെട്ടവരില്‍ വാവ സുരേഷിന്റെ സുഹൃത്തും. അഖിൽ ശുചീന്ദ്രന്‍ എന്നയാളാണ് തട്ടിപ്പിനിരയായത്. ഇയാളുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപയാണ് പ്രതികള്‍ സെന്റ് റാഫേല്‍സ് അക്കാദമി എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിയത്. വിവിധ ജില്ലകളിലായി പല പേരില്‍ സ്ഥാപനങ്ങള്‍ നടത്തി തട്ടിപ്പ് നടത്തിയിരുന്ന സംഘം പോലീസിന്റെ പിടിയിലായിരുന്നു.
300 ഓളം ഉദ്യോഗാര്‍ത്ഥികളെയാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പണം തട്ടിയത്. കേസില്‍ 3 പേരാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലം ഈസ്റ്റ് പോലീസ് ജില്ലാ അതിര്‍ത്തിയായ കല്ലമ്പലത്തു നിന്നാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവരുടെ പേരില്‍ ക്രൊയേഷ്യയിലേക്കു കൊണ്ടുപോകാമെന്നു പറഞ്ഞു മനുഷ്യക്കടത്തു നടത്തിയെന്നും പരാതിയുണ്ട്. തട്ടിപ്പ് നടത്തിയ കാശില്‍ പ്രതികള്‍ ആഡംബര ജീവിതം നയിക്കുകയാണ്. ബെന്‍സു കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കാഷ്യൂ ഫാക്ടറി തുടങ്ങാനുള്ള ശ്രമം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ഒന്നാം പ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി. നാഥ്(31), മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ ഭാര്യാമാതാവുമായ അനിത കുമാരി(48), നാലാം പ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി(26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മി നിലയത്തില്‍ താമസക്കാരനുമായ വേണു വിജയന്‍ എന്നയാളാണ് ഒളിവിലുള്ളത്.
2022 ഓഗസ്റ്റ് 25 നാണ് വിദേശത്ത് ജോലി വാഗ്ദാനം നല്‍കി അഖിൽ ശുചീന്ദ്രനില്‍ നിന്നും ഇവര്‍ കാശ് വാങ്ങിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ അഖിൽ നല്‍കിയ പണം തിരികെ ആവശ്യപ്പെടുകയായായിരുന്നു. തുടര്‍ന്ന് പണം തിരിച്ചു ലഭിക്കുന്നതിനായി അഖിൽ പ്രതികൾ നല്‍കിയ അഭിഭാഷകന്റെ നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. എന്നാല്‍ പല അവധികള്‍ പറഞ്ഞ് പണം തിരികെ നല്‍കാതായതോടെ അഖിലിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ അഖിലിന്റെ അച്ഛന്‍ പക്ഷാഘാതം സംഭവിച്ച് കിടപ്പിലായി. സംഭവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങിയിട്ടും ന്യായമായ നീതി ഇവര്‍ക്ക് ലഭിച്ചില്ല. ഇതിനിടെയാണ് തട്ടിപ്പിനിരയായ മറ്റൊരാളുടെ പരാതിയില്‍ പ്രതികള്‍ പിടിയിലാകുന്നത്.
ക്ലീറ്റസ് ആന്റണി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫോര്‍സൈറ്റ് ഓവര്‍സീസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇത്തവണ തട്ടിപ്പ് നടത്തിയിരുന്നതായി തെളിഞ്ഞത്. ദമ്പതികളായ ബാലുവും അശ്വതിയും ചേര്‍ന്നാണ് സ്ഥാപനം നടത്തിയിരുന്നത്. 2023 ഓഗസ്റ്റിലാണ് നീണ്ടകര മെര്‍ലിന്‍ ഭവനില്‍ ക്ലീറ്റസ് ആന്റണി പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പോലീസ് തങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് മനസ്സിലാക്കിയതോടെ ഒളിവില്‍ പോയ പ്രതികള്‍ നിയമ നടപടികളിലേക്ക് കടന്നു. ശേഷം പല വീടുകളിലായി മാറി മാറി വാടയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനോടകം മൂന്നു വാടക വീടുകളില്‍ ഇവര്‍ താമസിച്ചു. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് സെഷന്‍സ് കോടതിയെയും തുടര്‍ന്ന് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഈസ്റ്റ് പോലീസിന് നിര്‍ദേശം ലഭിച്ചത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കല്ലമ്പലം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്നെന്ന വിവരം ലഭിച്ചത്. കല്ലമ്പലം ഭാഗത്ത് പുതിയതായി വാടകയ്ക്ക് പുതിയതായി എത്തിയ 3 കുടുംബങ്ങളെ കുറിച്ചു അന്വേഷിച്ചു. ഏഴു ദിവസം മുന്‍പ് വാടകയ്ക്കു വീടെടുത്ത ഇവരെ ഇന്നലെ രാവിലെയാണ് ഈസ്റ്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2021ല്‍ ക്ലീറ്റസിന്റെ മകനു വേണ്ടിയാണ് ഈ ഏജന്‍സിയെ സമീപിച്ചത്. 3 ലക്ഷം രൂപ അനിതകുമാരിയുടെ അക്കൗണ്ടിലേക്ക് കൈമാറി. ക്ലീറ്റസിന്റെ മറ്റ് രണ്ടു ബന്ധുക്കളില്‍ നിന്നു മൂന്നു ലക്ഷം രൂപ വീതം കൈമാറി. വീസ ഉടന്‍ വരുമെന്നു പറഞ്ഞു കുറച്ചു കാലം പറ്റിച്ചെന്നു പരാതിക്കാരില്‍ ഒരാളായ ജാന്‍സി ജസ്റ്റസ് പറഞ്ഞു. പിന്നീട് ഫോര്‍സൈറ്റ് ഓവര്‍സീസ് ഓഫിസില്‍ എത്തിയപ്പോള്‍ കോട്ടയത്തെ വേണുവിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു.
ബാലു മുഴുവന്‍ പണം നല്‍കിയില്ലെന്നും ഇനി പണത്തിനായി ഇങ്ങോട്ടു വരണ്ടെന്നും പറഞ്ഞ് വേണുപരാതിക്കാരെ മടക്കി അയച്ചു. ഏഴര ലക്ഷം രൂപ വരെ ഏജന്‍സിക്കു പലരും കൈമാറിയിട്ടുണ്ട്. യുകെയിലെ ഏജന്‍സിയുമായുള്ള കരാര്‍ വേണുവിന്റെ പേരിലാണെന്നാണ് ബാലു പറയുന്നത്. ലഭിച്ച പണം വേണുവിനു കൈമാറിയെന്നും പറയുന്നു.
അതേസമയം പിടിയിലായ പ്രതികളുടെ വൈദ്യ പരിശോധന നടത്തി ഇന്നു കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. വൈദ്യ പരിശോധനയ്ക്കിടെ ബിപി കൂടിയതിനെ തുടര്‍ന്ന് അനിത കുമാരിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ സ്റ്റേഷനില്‍ എത്തിച്ചു.
ആദ്യഘട്ടത്തില്‍ 25 പേരുടെ സംഘത്തെയാണ് യുകെയില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി കയറ്റിവിട്ടത്. ബിടെക് ബിരുദം നേടിയവരടക്കമാണ് അവിടെ എത്തിയത്. എന്നാല്‍, 25 അംഗ സംഘവും ജോലി ലഭിച്ച കമ്പനിയില്‍ നിന്നു രാജിവച്ചതോടെ ഫോര്‍സൈറ്റിന്റെ കരാര്‍ യുകെ അധികൃതര്‍ റദ്ദാക്കി. കരാര്‍ റദ്ദായെങ്കിലും തുടര്‍ന്നു റിക്രൂട്‌മെന്റ് നടത്തിയാണ് തട്ടിപ്പു നടത്തിയത്. ആദ്യഘട്ടത്തില്‍ പോയവരില്‍ ബാലുവിന്റെ ഓഫിസ് ജീവനക്കാരിയുമുണ്ടായിരുന്നു. യുകെയിലെ മെച്ചപ്പെട്ട ജീവിത സൗകര്യം സംബന്ധിച്ച വിഡിയോകള്‍ അവര്‍ അയച്ചു കൊടുത്തു. ഇതു പ്രചരിച്ചതോടെയാണ് കൂടുതല്‍ പേര്‍ സ്ഥാപനത്തെ സമീപിച്ചത്.
മനുഷ്യക്കടത്തിനിരയായവരും പരാതിക്കാരിലുണ്ടായിരുന്നു. കൊല്ലം സ്വദേശിയായ വിഷ്ണുവിനു നഷ്ടമായത് നാലര ലക്ഷം രൂപ. ക്രൊയേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിഷ്ണു ഉള്‍പ്പെടെയുള്ള സംഘത്തെ സെര്‍ബിയയില്‍ എത്തിച്ചു. തുടര്‍ന്ന് അനധികൃതമായി ക്രൊയേഷ്യയിലേക്ക് കടക്കാന്‍ നിര്‍ബന്ധിച്ചു. ഇതിനു വഴങ്ങാതെ വിഷ്ണു ഉള്‍പ്പെടെയുള്ളവര്‍ സെര്‍ബിയയില്‍ ഒരാഴ്ച തങ്ങി. സ്വന്തം പണം മുടക്കി ടിക്കറ്റു വാങ്ങി കേരളത്തിലേക്ക് തിരികെ വന്നുവെന്നും വിഷ്ണു പറഞ്ഞു. സംഘം പിടിയിലായെന്ന വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്.