രാവിലെ മുതൽ കാറിൽ സവാരി; പലയിടത്തും ഇറങ്ങി ഭക്ഷണം കഴിച്ചു, പാനീയങ്ങൾ കുടിച്ചു; പണം നൽകിയത് ടാക്സി ഡ്രൈവർ; കറക്കം കഴിഞ്ഞ് യാത്രാക്കൂലി ആവശ്യപ്പെട്ടപ്പോൾ തനി നിറം പുറത്ത്; പീഡനക്കേസിൽ കുടുക്കുമെന്ന് യുവതിയുടെ ഭീഷണി; ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സംഭവിച്ചത്

Update: 2026-01-08 11:20 GMT

ഗുരുഗ്രാം: യാത്രാക്കൂലി ആവശ്യപ്പെട്ടപ്പോൾ വ്യാജ മോഷണ-പീഡനക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ കേസെടുത്ത് ഗുരുഗ്രാം പോലീസ്. സിയാഉദ്ദീൻ എന്ന ടാക്സി ഡ്രൈവറാണ് യാത്രക്കാരിയായ ജ്യോതി ദലാൽ എന്ന യുവതിക്കെതിരെ പരാതി നൽകിയത്. മണിക്കൂറുകളോളം നഗരത്തിൽ കറങ്ങിയ ശേഷം പണം നൽകാൻ വിസമ്മതിക്കുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.

നുഹ് ജില്ലയിലെ ധാനാ ഗ്രാമവാസിയായ സിയാഉദ്ദീൻ നൽകിയ പരാതി പ്രകാരം, ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് യുവതി കാർ സവാരി ആരംഭിച്ചത്. രാവിലെ മുതൽ സെക്ടർ 31, പിന്നീട് ബസ് സ്റ്റാൻഡ്, അതിനുശേഷം സൈബർ സിറ്റി എന്നിവിടങ്ങളിലേക്ക് പോകാൻ ആവശ്യപ്പെട്ടു. യാത്രാമധ്യേ പലയിടത്തും ഇറങ്ങി ഭക്ഷണം കഴിക്കുകയും പാനീയങ്ങൾ കുടിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം പണം നൽകിയത് ഡ്രൈവറാണെന്നും, യുവതി തന്നോട് 700 രൂപ ആവശ്യപ്പെട്ടപ്പോൾ അതും നൽകിയെന്നും സിയാഉദ്ദീൻ പറയുന്നു.

ഉച്ചയോടെ യാത്രാക്കൂലി ആവശ്യപ്പെട്ടപ്പോൾ ജ്യോതി ദലാൽ പ്രകോപിതയായി. തന്നെ മോഷണത്തിനോ പീഡനത്തിനോ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, തുടർന്ന് സെക്ടർ 29 പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തുവെന്നും സിയാഉദ്ദീൻ പരാതിയിൽ പറയുന്നു. യുവതി സ്റ്റേഷനിൽ നിന്ന് പോയ ശേഷം സിയാഉദ്ദീൻ പോലീസുകാരോട് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോഴാണ് നേരത്തെയും ടാക്സി ഡ്രൈവർമാരെയും ഒരു സലൂൺ ജീവനക്കാരെയും കബളിപ്പിച്ച അതേ യുവതിയാണ് ജ്യോതി ദലാൽ എന്ന് പോലീസിന് മനസ്സിലായത്.

20,000 രൂപയുടെ തട്ടിപ്പ് ഒരു സലൂണിൽ നിന്നും, 2,000 രൂപയുടെ തട്ടിപ്പ് മറ്റൊരു ടാക്സി ഡ്രൈവറിൽ നിന്നും ജ്യോതി ദലാൽ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 2024 ഫെബ്രുവരിയിൽ യാത്രാക്കൂലിയെച്ചൊല്ലി ഒരു ടാക്സി ഡ്രൈവറുമായി ഇവർ തർക്കിക്കുന്ന വീഡിയോ വൈറലായിരുന്നു. ജ്യോതി ദലാലിനെതിരെ തട്ടിപ്പ് അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്ന് സെക്ടർ 29 പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രവി കുമാർ അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നും യുവതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.

Tags:    

Similar News