തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവു ശിക്ഷ; രണ്ട് കുട്ടികളുടെ പിതാവായ പ്രവീണ്‍ ഗായത്രിയെ പ്രണയിച്ചു വെട്ടുകാട് പള്ളിയില്‍ വെച്ച് വിവാഹം ചെയ്തു; വിവരം ഭാര്യ അറിഞ്ഞതോടെ ഒഴിവാക്കാന്‍ ആസൂത്രിത കൊലപാതകം; ആത്മഹത്യയാക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ അഴിക്കുള്ളില്‍

തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവു ശിക്ഷ

Update: 2025-09-22 07:54 GMT

തിരുവനന്തപുരം: തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു കോടതി. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു. പ്രവീണിന്റെ ഭാര്യ വിവരമറിഞ്ഞ് ജ്വല്ലറിയിലെത്തി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഗായത്രി റിസപ്ഷനിസ്റ്റ് ജോലി രാജിവെച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാന്‍ പ്രവീണ്‍ തീരുമാനിച്ചു.

തുടര്‍ന്ന് 2022 മാര്‍ച്ച് 5ന് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഗായത്രിയെ അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു. വൈകിട്ട് അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഗായത്രി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു.

സംഭവ ദിവസം വിഷയം പറഞ്ഞ് തീര്‍ക്കാന്‍ എന്നുപറഞ്ഞ് ഗായത്രിയെ പ്രവീണ്‍ തമ്പാനൂരിലെ ഹോട്ടലിലേക്ക് വിളിച്ചു. കാട്ടാക്കടയില്‍ സ്‌കൂട്ടറില്‍ എത്തി പ്രവീണ്‍ തന്നെയാണ് ഗായത്രിയെ കൂട്ടിയത്. തുടര്‍ന്ന് തമ്പാനൂരിലെ ഹോട്ടലില്‍ എത്തിച്ചു. കൊലപാതകത്തിന് ശേഷം ബസില്‍ കയറി ഇയാള്‍ പറവൂരിലേക്ക് പോയി. രാത്രി 12.30 ഓടെ ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന വിവരം അറിയിച്ചു. രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഗായത്രിയുടെ കഴുത്തിലെ മുറിവുകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Tags:    

Similar News