എപികെ ഫയല്‍ വഴി വ്യവസായിയുടെ കൈയില്‍ നിന്ന് തട്ടിയത് 10 ലക്ഷം; പ്രതിയെ പിടികൂടുന്നതിന് പോലീസിന് വിവരങ്ങള്‍ നല്‍കി ഗൂഗിളും; രണ്ടര മാസം നീണ്ട് നിന്ന് അന്വേഷണം; തട്ടിപ്പ് നടത്തിയ കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം; 5000 പേര്‍ തിങ്ങിപാര്‍ക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്ന് പ്രതിയെ പിടികൂടിയത് അതി സാഹസികമായി
കൊച്ചി: സമൂഹ മാധ്യമത്തിലൂടെ ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ പേരില്‍ ആധാര്‍ അപ്‌ഡേഷന്‍ മെസേജിനൊപ്പം ഉണ്ടായിരുന്ന എപികെ ഫയല്‍ അയച്ച് ലക്ഷം തട്ടിയ കേസില്‍ പ്രതി പിടിയില്‍. കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ വ്യവസായിയുടെ 10 ലക്ഷം രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ പ്രതി കൈക്കലാക്കിയത്. സംഭവത്തില്‍ പ്രതിയായ ധീരജ് ഗിരിയെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായത് ഗൂഗിളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ്.
ആധാര്‍ അപ്‌ഡേഷന്റെ ഒപ്പം എപികെ ഫയലിന്റെ ലിങ്ക് കൂടി പ്രതി വ്യവസായിക്ക് നല്‍കി. ഈ ലിഡങ് പരാതിക്കാരന്‍ തുറന്നതോടെ 10 ലക്ഷം രൂപ നഷ്ടമായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 10 ലക്ഷം 39 അക്കൗണ്ടുകളിലേക്കായി 41 ഇടപാടുകളിലൂയെടാണ് തട്ടിയതെന്ന് മനസിലായി. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സൈബര്‍ ഡോമിന്റെയും ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററിന്റെയും സഹായത്തോടെയാണ് എപികെ ഫയല്‍ ഉണ്ടാക്കിയ ആളെ കണ്ടെത്തി.
പ്രതിയുടെ വിവരങ്ങള്‍ ശരിയാണെന്ന് ഗൂഗിളിന്റെ സഹായത്തോടെ ഉറപ്പ് വരുത്തി. ഗൂഗിള്‍ നല്‍കിയ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ഐപി അഡ്രസ് തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു തുടര്‍ന്നുള്ള അന്വേഷണം. രണ്ടര മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയുടെ വിവരങ്ങള്‍ ലഭിച്ചെങ്കിലും പിടികൂടുക എന്നത് വെല്ലുവിളിയായി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നായിഡ എന്ന സ്ഥലത്ത് 5000 കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന എക്കോ വില്ലേജ് എന്ന വമ്പന്‍ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് പ്രതി കഴിഞ്ഞിരുന്നത്. മട്ടാഞ്ചേരി പോലീസ് സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലയുടെയാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ കയ്യില്‍ നിന്നും 20 ഓളം ബാങ്ക് പാസ് ബുക്കുകളും നിരവധി എടിഎം കാര്‍ഡുകളും ചെക്ക് ബുക്കുകളും വിവിധ ആളുകളുടെ പേരിലുള്ള പാന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ആറോളം വിലകൂടിയ മൊബൈല്‍ ഫോണുകളും നിരവധി സിം കാര്‍ഡുകളും കണ്ടെടുത്തു. സൈബര്‍ തട്ടിപ്പ് വഴി ലഭിക്കുന്ന തുക ഫ്‌ലാറ്റും ആഡംബര കാറുകളും വാങ്ങി ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു പ്രതി ധീരജ് ഗിരി.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശാനുസരണം ഡിസിപിമാരായ ജുവനപുടി മഹേഷ്, അശ്വതി ജിജി എന്നിവരുടെ മേല്‍നോട്ടത്തില്‍ മട്ടാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബിന്‍ കെ. എയുടെയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എഡ്വിന്‍ റോസ്, സുബിത് കുമാര്‍ സി, ധനീഷ് വി ഡി, സിപിഒ ഫെബിന്‍ കെ എസ് എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്ന് അതിസാഹസികമായി പ്രതിയെ പിടികൂടിയത്.