പിടിച്ചു പറിയും മോഷണവും ഗുണ്ടായിസവും കൈമുതൽ; അന്തിക്കാട് ഭീതി പരത്തി വിലസൽ തുടങ്ങിയിട്ട് വർഷങ്ങൾ; വധശ്രമം ഉൾപ്പെടെ 58 കേസുകളിൽ പ്രതി; കാപ്പ ചുമത്തി ജയിലിലടച്ചിട്ടും പടിച്ചില്ല; പുറത്തിറങ്ങി വീണ്ടും വധശ്രമം; കായ്ക്കുരു രാഗേഷ് വീണ്ടും കരുതൽ തടങ്കലിലേക്ക്
തൃശൂർ: അന്തിക്കാട് പിടിച്ചു പറിയും മോഷണവും ഗുണ്ടായിസവുമായി നാട്ടുകാർക്കിടയിൽ ഭീതി പരാതി വിലസിയിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവാണ് കായ്‌ക്കുരു രാഗേഷ്. അന്തിക്കാട്, ചേർപ്പ്, കയ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, പാവറട്ടി, എറണാകുളം നോർത്ത്, വിയ്യൂർ, കാട്ടൂർ, ചാവക്കാട്, നെടുപുഴ, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോയി കവർച്ച, അടിപിടി എന്നിങ്ങനെ 58 ക്രിമിനല്‍ കേസുകളിൽ പ്രതിയാണ് രാഗേഷ്. മുൻപ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രാഗേഷ് പുറത്തിറങ്ങി അക്രമങ്ങൾ തുടരുകയായിരുന്നു.
വീണ്ടും വധശ്രമം കേസിൽപെട്ടതോടെയാണ് പെരിങ്ങോട്ടുകര സ്വദേശി കായ്‌ക്കുരു രാഗേഷ് എന്നറിയപ്പെടുന്ന രാഗേഷ് (40)നെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ച പ്രതിയെ കരുതൽ തടങ്കലിലാക്കി. ആദ്യമായല്ല കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. 2023 ൽ രാഗേഷിനെ 6 മാസം കാപ്പ ചുമത്തി ജയിലിലാക്കിയിരുന്നു. 2019ൽ തൃശൂര്‍ അന്തിക്കാട് ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രാഗേഷും സംഘവും അറസ്റ്റിലായിരുന്നു. അന്ന് തൃശൂർ റൂറൽ എസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് രാഗേഷിനെ പിടികൂടിയപ്പോൾ മറ്റൊരു കവർച്ച കേസ് കൂടി പുറത്ത് വന്നിരുന്നു.
ചിറയ്ക്കലിലെ ബാര്‍ കൗണ്ടറില്‍ കയറി മാനേജരെ ആക്രമിച്ച് ഒന്നരലക്ഷം രൂപയും ഫോണും തട്ടിയെടുത്തത് ഇതേസംഘമാണെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. പണയപ്പണ്ടങ്ങള്‍ തിരിച്ചെടുക്കാനെന്ന വ്യാജേന ജ്വല്ലറി ജീവനക്കാരനെ വിളിച്ചുവരുത്തി ആക്രമിച്ച ശേഷം മൂന്നു ലക്ഷം രൂപ തട്ടിയെടുത്തതും കായ്ക്കുരു രാഗേഷും സംഘവുമായിരുന്നു. ഇതിനു പുറമെ, റിയല്‍ എസ്റ്റേറ്റ് ഇടപാടിന്‍റെ പേരില്‍ ആളുകളെ വിളിച്ചുവരുത്തി ബന്ദിയാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടതും ഇതേസംഘമായിരുന്നു.
2021 ഓഗസ്റ്റില്‍ ചാഴൂരില്‍ നിന്ന് രണ്ട് യുവാക്കളെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദിച്ച് അവശരാക്കി കായ്ക്കുരുവും സംഘവും വഴിയില്‍ തള്ളിയിരുന്നു. കായ്ക്കുരു രാഗേഷിന്‍റെ പേരില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ട്. ഗുണ്ടായിസം കാട്ടി ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പതിവ്. ഗുണ്ടാസംഘത്തിന്‍റെ ശല്യം ഈയിടെ വര്‍ധിച്ചത് നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തിയിരുന്നു. പെരിങ്ങോട്ടുകര സ്വദേശി കാതിക്കുടത്ത് ലീലയെ മാർച്ച് 17ന് വെട്ടിപ്പരുക്കേൽപിച്ച കേസിൽ കഴിഞ്ഞ ഏപ്രിലിൽ രാഗേഷ് അറസ്റിലായിരുന്നു.
സംഘത്തിൽപെട്ടവരെ അസഭ്യം പറഞ്ഞു എന്നാരോപിച്ച് ഇതു ചോദ്യം ചെയ്യാനായി പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയതായിരുന്നു രാഗേഷിനെ സംഘാങ്ങളായ ഷാജഹാൻ, ശ്രീബിൻ എന്നിവർ. ഈ സമയത്ത് അവിടേക്കു ബഹളം കേട്ടെത്തിയ യുവാവിന്റെ വല്യമ്മ ലീലയെ പ്രതികൾ വടിവാൾ കൊണ്ടു വെട്ടുകയായിരുന്നു. ഇരുവരെയും കൃത്യത്തിനു പ്രേരിപ്പിച്ചത് രാഗേഷാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്തിക്കാട് പോലീസ് സ്റ്റേഷൻ അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ എ.എസ്. സരിൻ, സബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, രജീഷ്, സിയാദ്, എന്നിവര്‍ ചേർന്നാണ് പ്രതിയെ ഇപ്പോൾ പിടികൂടിയത്.