നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധി ഉടന്‍ പൊളിക്കില്ല; പ്രതിഷേധം ശക്തമാകവേ കല്ലറ പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി; ക്രമസമാധാന പ്രശ്‌നത്തിലേക്ക് മാറുമെന്ന് കലക്ടറെ അറിയിച്ചു അധികൃതര്‍; കുടുംബവുമായി സബ് കലക്ടര്‍ ചര്‍ച്ച നടത്തുന്നു; മകനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു

നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധി ഉടന്‍ പൊളിക്കില്ല;

Update: 2025-01-13 09:14 GMT

തിരുവനന്തപുരം: നെയ്യറ്റിന്‍കരയിലെ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിക്കല്ലറ തല്‍ക്കാലം തുറന്നു പരിശോധിക്കില്ല. കുടുംബത്തിന്റെ എതിര്‍പ്പിനൊപ്പം വിഷയത്തില്‍ മുതലെടുപ്പിനായി ഒരു വിഭാഗം ആളുകളും രംഗത്തുവന്നതോടെയാണ് തല്‍ക്കാലം കല്ലറ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വിവരം സബ് കളക്ടറാണ് അറിയിച്ചത്. ഗോപന്‍ സ്വാമികളുടെ കുടുംബത്തിന്റെ ഭാഗം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തല്‍ക്കാലം കല്ലറ തുറക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതോടെയാണ് നടപടി നിര്‍ത്തിവെക്കാന്‍ സബ് കളക്ടര്‍ തീരുമാനിച്ചത്.

കുടുംബത്തിന്റെ ഭാഗം കേള്‍ക്കുമെന്നും കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും സബ് കളക്ടര്‍ പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ വര്‍ഗീയത പറയുകയാണെന്ന് ആരോപിച്ച് നാട്ടുകാരും ഇതിനിടെ രംഗത്തെത്തി. കല്ലറ പൊളിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഗോപന്‍ സ്വാമിയുടെ കുടുംബാംഗങ്ങളുമായി സബ് കളക്ടര്‍ ആല്‍ഫ്രണ്ട് ചര്‍ച്ച നടത്തുകയാണ്. മകന്‍ ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനിലെത്തി. വിഷ്ണുപുരം ചന്ദ്രശേഖരനും ഒപ്പമുണ്ട്. ഗോപന്‍ സ്വാമികളുടെ സമാധിസ്ഥലം എന്ന പേരില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാനും പരിശോധിക്കാനും കളക്ടര്‍ അനുകുമാരി ഇന്ന് രാവിലെയാണ് ഉത്തരവിട്ടത്.

അറ തുറക്കാനുള്ള പൊലീസ് നീക്കത്തിന് എതിരെ സ്വാമികളുടെ കുടുംബം ശക്തമായ പ്രതിഷേധമാണ് നടത്തിയത്. നാട്ടുകാരില്‍ ചിലരും ഇവര്‍ക്കൊപ്പം കൂടിയത് വലിയ പ്രശ്നമായി.ആത്മഹത്യാ ഭീഷണിയടക്കം നടത്തിയ കുടുംബാംഗങ്ങളെ സ്ഥലത്തുനിന്നും നീക്കിയിരുന്നു. വലിയ പൊലീസ് സന്നാഹത്തോടെയാണ് രാവിലെ കളക്ടറുടെ ഉത്തരവ് പ്രകാരം കല്ലറ പൊളിക്കാന്‍ തുടങ്ങിയത്. പൊലീസിനെ കൂടാതെ ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു. പതിനൊന്ന് മണിയോടെ ആര്‍ഡിഒയും ഡിവൈ എസ്പിയും എത്തി.

കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ഉച്ചയോടെ നടന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്നാലെ ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധിച്ച് രംഗത്തെത്തി.

ഇവരുടെ പരിശോധന നടക്കുമ്പോള്‍ ഹിന്ദു ഐക്യവേദി, വിഎസ്ഡിപി, എന്നീ സംഘടനാ നേതാക്കള്‍ സ്ഥലത്തെത്തി. സമാധി പൊളിക്കരുതെന്നും മതവികാരത്തെ അത് വ്രണപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ നേതാക്കള്‍ പ്രദേശവാസികളല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെയാണ് കുടുംബത്തിന്റെ ഭാഗംകൂടി കേള്‍ക്കാന്‍ തീരുമാനമായത്.സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കുടുംബം അറിയിച്ചത്.

ഭര്‍ത്താവ് സമാധിയായതാണെന്നും തുറക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ല. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. പിതാവിന്റെ സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍ രാജസേനനും ഭീഷണിമുഴക്കി.ഗോപന്‍ സ്വാമികളുടെ സമാധി സ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാരാണ് ആവശ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

Tags:    

Similar News