ഷാരോണ്‍ രാജിന്റെ മരണം പാരക്വിറ്റ് ഡൈക്ലോറൈഡ് എന്നുറപ്പായി; മറുമരുന്നില്ലാത്ത വിഷം ഉള്ളില്‍ ചെന്നാല്‍ ആരും മരിക്കുമെന്ന് ഉറപ്പിച്ചതിനും തെളിവ്; പ്രണയ ചതിയിലെ വിചാരണ ട്വിസ്റ്റില്ലാതെ മുമ്പോട്ട്; ഇനി ടോക്‌സികോളജിയും ഫോറന്‍സികും; ഗ്രീഷ്മയ്ക്ക് എന്തു സംഭവിക്കും?

Update: 2024-11-05 05:02 GMT

നെയ്യാറ്റിന്‍കര: മറുമരുന്നില്ലാത്ത വിഷം കഴിച്ചാണ് ഷാരോണ്‍ രാജിന്റെ മരണമെന്ന് ഉറപ്പിച്ച് വിചാരണയില്‍ വീണ്ടും മൊഴി. ഇതോടെ പ്രതി ഗ്രീഷ്മ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. സാക്ഷികളെല്ലാം നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ അത് കേരളത്തെ നടുക്കിയ കഷായക്കൊലയില്‍ നിര്‍ണ്ണായകമായി മാറും. അതിവേഗ വിചാരണ നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിനല്‍കിയ പാരക്വിറ്റ് ഡൈക്ലോറൈഡ് എന്ന വിഷം ഉള്ളില്‍ച്ചെന്നാണ് ഷാരോണ്‍രാജ് മരിച്ചതെന്ന് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പതോളജി വിഭാഗം മേധാവി കോടതിയില്‍ മൊഴിനല്‍കുമ്പോള്‍ വിചാരണയിലെ ആദ്യ ഘട്ടമൊഴികളെല്ലാം ഗ്രീഷ്മയ്ക്ക് എതിരെന്ന വിലയിരുത്തല്‍ ശക്തം. വിഷം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവ തകരാറിലായാണ് മരണം സംഭവിച്ചതെന്നും പതോളജി വിഭാഗം മേധാവി ഡോ. ജെയ്മി ആനന്ദന്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.എം.ബഷീറിനു മുന്നില്‍ വെളിപ്പെടുത്തി.

ചികിത്സയ്ക്കിടെ മെഡിക്കല്‍ കോളേജില്‍ മരിച്ച ഷാരോണ്‍രാജിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പതോളജി ലാബിലാണ് പരിശോധിച്ചത്. തലച്ചോറിന്റേതുള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍നിന്ന് പാരക്വിറ്റ് ഡൈക്ലോറൈഡ് എന്ന വിഷമാണ് മരണത്തിനു കാരണമായതെന്ന് കണ്ടെത്തിയെന്നാണ് മൊഴി. പാരക്വിറ്റ് ഡൈക്ലോറൈഡ് കാരണം ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കി. ഇതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഇന്‍ഫക്ഷന്‍ ഡിസീസ് വിഭാഗം മേധാവി ഡോ. ആര്‍.അരവിന്ദും തിങ്കളാഴ്ച ജഡ്ജി എ.എം.ബഷീറിനു മുന്നില്‍ മൊഴിനല്‍കി. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ് ഡൈക്ലോറൈഡാണ് മരണത്തിനിടയാക്കിയതെന്ന് ഉറപ്പാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

വെട്ടുകാട് പള്ളിയിലെത്തി ഗ്രീഷ്മയെ ഷാരോണ്‍ താലിചാര്‍ത്തിയതും കുങ്കുമംതൊട്ടതും കണ്ട സാക്ഷികളെയും തിങ്കളാഴ്ച കോടതിയില്‍ പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത്കുമാറും അഭിഭാഷകരായ നവനീത്കുമാറും അല്‍ഫാസും വിസ്തരിച്ചു. മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍നായരുടെ വീട്ടിലെത്തി ഇരുവരുമെടുത്ത ഫോട്ടോകളും കോടതി പരിശോധിച്ചു. ബുധനാഴ്ച മെഡിക്കല്‍ കോളേജിലെ പോലീസ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. ധന്യ രവീന്ദ്രന്‍ മൊഴി നല്‍കും. ഷാരോണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഇവരാണ്. ടോക്‌സിക്കോളജിസ്റ്റായ ഡോ. വി.വി.പിള്ളയുടെ മൊഴിയും കോടതി വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും.

ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്തു നല്‍കിയ വിഷം 15 എംഎല്‍ ഉള്ളില്‍ ചെന്നാല്‍ മരണം സുനിശ്ചിതമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി. മറുമരുന്നില്ലാത്ത വിഷമാണിതെന്നും ഡോക്ടര്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെക്ഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. ഷാരോണിന് വിഷം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ ഏഴരയോടെയും വിഷത്തിന്റെ പ്രവര്‍ത്തനരീതിയെ സംബന്ധിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ കോടതി രേഖപ്പെടുത്തി. വിഷത്തിന്റെ പ്രവര്‍ത്തനരീതി മനസ്സിലാക്കിയിട്ടാണ് അന്ന് രാവിലെ പത്തരയോടെ ഷാരോണിനെ കുടിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. 2022 ഓഗസ്റ്റില്‍ അമിത അളവില്‍ ഗുളികള്‍ കലര്‍ത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കയ്പ്പുകാരണം ഷാരോണ്‍ തുപ്പി കളഞ്ഞു.

ജൂസില്‍ ഗുളിക കലര്‍ത്തിയതിന്റെ അന്നു രാവിലെയും അമിത അളവില്‍ മനുഷ്യ ശരീരത്തില്‍ കടന്നാലുള്ള ആഘാതങ്ങളെക്കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതിയിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണുകളില്‍നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തിരുന്നു. കഷായത്തില്‍ വിഷം ചേര്‍ത്ത് ഷാരോണ്‍ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ബന്ധത്തില്‍നിന്ന് ഷാരോണ്‍ പിന്‍മാറാത്തതിനെ തുടര്‍ന്നാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്.

Tags:    

Similar News