അമിത ലാഭം വാഗ്‌ദാനം നൽകി നിക്ഷേപം സ്വീകരിച്ചു; കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതായതോടെ പുറത്ത് വന്നത് കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ളത് 67 കേസുകൾ; മുങ്ങി നടന്ന ഹീവാൻ ഫിനാൻസ് കമ്പനി ഡയറക്ടർ ​ഗ്രീഷ്മ പിടിയിലാകുമ്പോൾ

Update: 2025-08-23 07:26 GMT

തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹീവാൻ ഫിനാൻസ് കേസിലെ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. മുഖ്യപ്രതി ബിജു മണികണ്ഠന്റെ ഭാര്യയും കമ്പനി ഡയറക്ടറുമായ ഗ്രീഷ്മയെയാണ് ക്രൈംബ്രാഞ്ച് സംഘം ആലുവയിൽനിന്ന് പിടികൂടിയത്. ഏഴരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ ബിജുവും മറ്റു പ്രതികളും നേരത്തെ അറസ്റ്റിലായതോടെ ഗ്രീഷ്മ ഒളിവിൽ പോവുകയായിരുന്നു. കമ്പനി ആരംഭിച്ച കാലം മുതൽ ഡയറക്ടർ ബോർഡിൽ അംഗവും പ്രധാന നടത്തിപ്പുകാരിൽ ഒരാളുമായിരുന്നു ഗ്രീഷ്മയെന്ന് അന്വേഷണ സംഘം അറിയിച്ചു.

2024 ഫെബ്രുവരി മാസം മുതലാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തുന്നത്. തൃശൂർ പൂങ്കുന്നം ആസ്ഥാനമാക്കി 2022ൽ പ്രവർത്തനം തുടങ്ങിയ ഹീവാൻസ് ഫിനാൻസ് ലിമിറ്റഡ്, ഹീവാൻസ് നിധി ലിമിറ്റഡ് തുടങ്ങിയ നിക്ഷേപ കമ്പനികൾക്കെതിരായാണ് പൊലീസ് അന്വേഷണം. ഹീവാൻ ഫിനാൻസ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 67 കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ളത്. ഒളിവിലായിരുന്ന ഗ്രീഷ്മയുടെ അറസ്റ്റ് കേസിന്റെ തുടരന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചിട്ടി, നിക്ഷേപം എന്നീ പേരുകളിലാണ് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തത്. ഡയറക്ട്ർ ബോർഡ് അംഗം ബിജു മണികണ്ഠനെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്യുന്നത്. കെപിസിസി സെക്രട്ടറിയായിരുന്ന സി എസ്‌ ശ്രീനിവാസൻ, യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വാണിയമ്പാറ സ്വദേശി സി എം അനിൽകുമാർ, പ്രവാസി വ്യവസായി സുന്ദർ സി മേനോൻ, പുതൂർക്കര സ്വദേശി ബിജു മണികണ്ഠൻ തുടങ്ങിയവരാണ്‌ കേസിലെ മറ്റു പ്രതികൾ. സുന്ദർ മോനോനെയും, സി. എസ്. ശ്രീനാവാസനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ശേഷിക്കുന്ന ആറ് ഡയറക്ടർ ബോർഡ് അംഗങ്ങളും ഒളിവിൽ പോയതെന്നാണ് പൊലീസ് പറയുന്നത്. മറ്റു ഡയറക്ടര്‍മാരുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്.

ആലുവയിൽ നിന്നാണ് ഗ്രീഷ്‌മയെ പോലീസ് പിടികൂടിയത്. പഴയങ്ങാടി സി.ഐ ടി.എൻ. സന്തോഷ് കുമാർ, എസ്.ഐ.മാരായ കെ.വി. സതീശൻ, എൻ.വി. പ്രകാശൻ, കെ. ജയേഷ്, എ.എസ്.ഐ കെ.വി. സുരേഷ്, സി.പി.ഒ.മാരായ സുജിത്ത്, സജിത്ത് എന്നിവരും സിറ്റി പോലീസ് കമ്മീഷണറുടെ സ്ക്വാഡിലെ അംഗങ്ങളായ രാഗേഷ്, മഹേഷ്, മിഥുൻ, സ്മിതേഷ് എന്നിവരുമാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Tags:    

Similar News