ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച ശേഷം സ്ത്രീധനമായി ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് നിരന്തരം മര്‍ദ്ദനം; ഹെല്‍മറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകര്‍ത്തു; മൂന്നുലക്ഷം രൂപ ചോദിച്ച് മാനസിക പീഡനവും; ഇരുമ്പനത്ത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
ഇരുമ്പനത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങള്‍
കൊച്ചി: ഇരുമ്പനത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതുവെന്നാണ് പരാതി. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പില്‍ സത്യന്റെ മകള്‍ എംഎസ് സംഗീത (26) യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടില്‍ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് പരാതി.
മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സംഗീതയെ അഭിലാഷ് നിരന്തരമായി ഉപദ്രവിച്ചിരുന്നത്. മരിച്ചതിന്റെ തലേദിവസം വീട്ടില്‍വെച്ച് മണിക്കൂറുകളോളം മര്‍ദ്ദിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. സംഗീതയും അഭിലാഷും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ സംഗീതയുടെ വീട്ടില്‍ നിന്നും വിവാഹ സമ്മാനമായി സ്വര്‍ണമോ പണമോ നല്‍കിയിരുന്നില്ല. ഇക്കാര്യങ്ങള്‍ പറഞ്ഞും പണം ആവശ്യപ്പെട്ടും അഭിലാഷ് സംഗീതയെ നിരന്തരം ഉപദ്രവിച്ചതായാണ് കുടുംബം ആരോപിക്കുന്നത്.
മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മൂന്ന് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് സംഗീതയ്ക്ക് നേരെയുള്ള മര്‍ദനം തുടങ്ങിയിരുന്നു. നേരത്തെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും മൂക്കിന്റെ പാലം ഇടിച്ചു തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
ജോലിസ്ഥലത്ത് എത്തി ഭര്‍ത്താവ് ബഹളമുണ്ടാക്കുമായിരുന്നു പരാതിയില്‍ പറയുന്നു. എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കുള്ളത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ഹില്‍പാലസ് പൊലീസിലാണ് പരാതി നല്‍കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
സംഗീതയെ അഭിലാഷ് സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. ആദ്യമൊക്കെ ബന്ധുക്കള്‍ ഇടപെടുകയും മധ്യസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വീടിന് അടുത്ത് തന്നെയുള്ള മാനസിക വൈകല്യം നേരിടുന്ന കുട്ടിയെ നോക്കുന്ന ജോലി ചെയ്യുകയായിരുന്നു സംഗീത. നേരത്തെ സംഗീതയുടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ വാക്കാല്‍ പരാതിപ്പെടുകയും അഭിലാഷിനെ പോലീസ് താക്കീത് നല്‍കി വിട്ടതായും ബന്ധുക്കള്‍ പറയുന്നു.
അതേസമയം സംഗീതയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് മൃതദേഹം ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ഇരുമ്പനം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.