കുടുംബ കലഹത്തെ തുടര്‍ന്ന് വീട്ടില്‍ വാക്ക് തര്‍ക്കം; ഭാര്യയുടെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്; ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു; ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Update: 2025-02-12 05:09 GMT

അഗര്‍ത്തല: കുടുംബ കലഹത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ ഭാര്യയെ അടിച്ച് കൊന്ന് ഭര്‍ത്താവ്. രാത്രിയിലായിരുന്നു സംഭവം. പിറ്റേന്ന് ഉച്ചവരെ മൃതദേഹത്തിന് കാവല്‍ ഇരുന്ന ശേഷം ഇയാള്‍ പോലീസില്‍ എത്തി കീഴടങ്ങി. ത്രിപുരയിലെ വെസ്റ്റ് ത്രിപുര ജില്ലയിലാണ് സംഭവം. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

ശ്യാംലാല്‍ ദാസ് എന്ന 40കാരനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യ സ്വപ്‌നയെയാണ് വഴക്കിനെ തുടര്‍ന്ന് തലക്കടിച്ച് കൊന്നത്. വീട്ടിലെ ചില കാര്യങ്ങള്‍ പറഞ്ഞ് വഴക്കുണ്ടായി. തുടര്‍ന്ന് ഭാരമുള്ള വസ്തുവെടുത്ത് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.

വിവരമറിഞ്ഞ ഉടന്‍ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടിലെത്തി. ഭാര്യ വീട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതിന് ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ശ്യാംലാല്‍ ദാസിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News