റെയില്‍വേ ട്രാക്കിലൂടെ നടന്നുകൊണ്ട് ഫോണില്‍ സംസാരിച്ചത് ആരോട്? ഫോണ്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും വിവരം തേടി പൊലീസ്; മേഘ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സ്ഥിരീകരിച്ച് ഉറ്റവര്‍; തലേന്ന് വിളിച്ചപ്പോള്‍ കൂളായിരുന്നുവെന്ന് അച്ഛന്‍; ട്രെയിന്‍ തട്ടി ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

Update: 2025-03-25 14:37 GMT

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിന് തൊട്ടുമുമ്പ് ആരോടാണ് ഫോണില്‍ സംസാരിച്ചതെന്ന് അന്വേഷിച്ച് പൊലീസ്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നല്‍കിയ വിവരം. അപകടത്തില്‍ മേഘയുടെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇനി സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം.

അതേസമയം, മേഘ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി മേഘയുടെ പിതൃസഹോദരന്‍ ബിജു പറഞ്ഞു. വീടിന് സമീപത്തെ അമ്പലത്തിലെ ഉല്‍സവത്തിനാണ് മേഘ ഒടുവില്‍ നാട്ടിലെത്തിയത്. മരണം സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെട്ടു. എന്നാല്‍, ഇന്നലെ രാവിലെ മകള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അപ്പോള്‍ മനസ്സില്‍ വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. ഫോണില്‍ വിളിച്ചിട്ട് ട്രാക്കിലേക്ക് പോയത് എന്തിനെന്ന് അറിയണം.

മരണം സംഭവിക്കുന്ന തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് മേഘയെ ഇടിച്ചത്. ഫോറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

കുടുംബത്തിന്റെ ആരോപണത്തില്‍ കേന്ദ്ര ഏജന്‍സി പരിശോധന തുടങ്ങി. മധ്യകേരളത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ് മേഘയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒരേ മതവിഭാഗത്തില്‍ പെട്ടവരായിരുന്നു മേഘയും യുവാവും. ഈ സൗഹൃദം സംബന്ധിച്ച് മേഘ തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നു.

എന്നാല്‍ ആദ്യഘട്ടത്തില്‍ വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയര്‍ന്നു. പിന്നീട് കുടുംബം സമ്മതിച്ചു. അടുപ്പം വിവാഹ ചടങ്ങില്‍ എത്തുമെന്നായപ്പോള്‍ ഐബി ഉദ്യോഗസ്ഥന്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതാണ് മേഘയെ ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് മേഘയുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് വിവരം ലഭിച്ചുവെന്ന് മേഘയുടെ ബന്ധു വെളിപ്പെടുത്തി. ആ യുവാവിന് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായിരുന്നു താല്‍പ്പര്യമെന്നാണ് സൂചന. പത്തനംതിട്ട കൂടല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടില്‍ മേഘ മധു(25)വാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചാക്കയിലെ റെയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഒരുവര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതാണ് മേഘ. മധുസൂദനന്റെയും നിഷയുടെയും ഏക മകളാണ്. മേഘയ്ക്കൊപ്പം ജോലിയില്‍ പ്രവേശിച്ച യുവാവാണ് ആരോപണ വിധേയന്‍. സുഹൃത്തുമായി മകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഒരു പ്രശ്നം ഉണ്ടായതായി മാതാപിതാക്കള്‍ക്ക് അറിഞ്ഞിരുന്നില്ല. എന്നാല്‍ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ പങ്കുവെച്ച വിവരങ്ങളില്‍ നിന്നാണ് ചില ദുരൂഹതകളുണ്ട് എന്ന കാര്യം മനസ്സിലാകുന്നത്. അതിന് കാരണക്കാരനായിട്ടുള്ള സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥനിലേക്കും സംശയങ്ങളെത്തി. എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഈ യുവാവും ജോലി ചെയ്യുന്നത്.

ഐ ബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം എന്താണെന്ന് കണ്ടെത്തണം എന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്‍കി. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവന്‍ സന്തോഷ് ശിവദാസന്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് അറിയണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ആരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് അവര്‍ ട്രെയിനിന് തവവെച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പൊലീസ് നിഗമനം.

സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മേഘയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു ഫോണിലെന്ന് സൂചനകളുണ്ട്. ആ ഫോണ്‍വിളിയുടെ വിശദാംശം പുറത്തുവന്നാല്‍ മരണത്തിലെ ദുരൂഹതകള്‍ നീങ്ങും. മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡ് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്.

Tags:    

Similar News