'പണത്തോട് ഇത്ര ആക്രാന്തമുള്ള മനുഷ്യനെ കണ്ടിട്ടില്ല; കൈക്കൂലിയായി 10 ലക്ഷം ആവശ്യപ്പെട്ടു, വീട്ടില്‍ വന്ന് വാങ്ങുമെന്നും പറഞ്ഞു'വെന്ന പരാതിക്കാരന്‍; അലക്‌സ് മാത്യുവിന് വന്‍ പണ നിക്ഷേപവും മദ്യശേഖരവും; കൈക്കൂലി കേസില്‍ അറസ്റ്റിലായ ഐഒസി ഡിജിഎമ്മിനെതിരെ വിശദ അന്വേഷണത്തിന് വിജിലന്‍സ്
ഡിജിഎമ്മിനെതിരെ വിശദ അന്വേഷണത്തിന് വിജിലന്‍സ്
തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ പിടിയിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം ഓഫിസിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിന് വന്‍ നിക്ഷേപവും മദ്യശേഖരവും. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വലിയ മദ്യശേഖരവും പണം നിക്ഷേപത്തിന്റെ വിവരങ്ങളും ലഭിച്ചത്. തൊട്ടതിനെല്ലാം കൈക്കൂലി വാങ്ങുന്ന ആളായിരുന്നു ഇയാളെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. പണത്തോട് ഇത്രയും ആക്രാന്തമുള്ള മനുഷ്യനെ കണ്ടിട്ടില്ലെന്നാണ് പരാതിക്കാരന്‍ പറഞ്ഞത്..
പരാതിക്കാരനോട് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ. കൊച്ചിയിലെ ഓഫിസിലുള്ള അലക്‌സ് മാത്യു തിരുവനന്തപുരത്തെ പരാതിക്കാരന്റെ വീട്ടിലെത്തി പണം വാങ്ങിക്കോളാമെന്നും അറിയിച്ചു. ശനിയാഴ്ച രാത്രി 7.30ഓടെ കുറവന്‍കോണത്തെ പരാതിക്കാരന്റെ വീട്ടിലെത്തി കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അലക്‌സ് മാത്യുവിനെ അറസ്റ്റ് ചെയ്തത്.
കൊല്ലം കടയ്ക്കലില്‍ വൃന്ദാവന്‍ ഏജന്‍സീസ് എന്ന പേരില്‍ ഇന്ത്യന്‍ ഓയില്‍ ഗ്യാസ് ഏജന്‍സി പരാതിക്കാരന്റെ ഭാര്യയുടെ പേരിലുണ്ട്. ഈ ഭാഗത്ത് മറ്റ് മൂന്ന് ഏജന്‍സികള്‍ കൂടി ഐ.ഒ.സിക്കുണ്ട്. രണ്ട് മാസം മുമ്പ് അലക്‌സ് മാത്യു പരാതിക്കാരനെ ഫോണില്‍ വിളിച്ച് കൊച്ചിയിലെ തന്റെ വീട്ടില്‍ വന്ന് കാണാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം കൊച്ചിയിലെത്തിയ പരാതിക്കാരനോട് ഭാര്യയുടെ പേരിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് ഉപഭോക്താക്കളെ അടുത്തുള്ള മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു.
പരാതിക്കാരന്‍ തുക നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് മടങ്ങി. ഇതിന് പിന്നാലെ പരാതിക്കാരന്റെ ഭാര്യയുടെ പേരിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് 1200ഓളം കണക്ഷന്‍ അലക്‌സ് മാത്യു മാറ്റി അടുത്തുള്ള ഏജന്‍സിക്ക് നല്‍കി. തുടര്‍ന്ന് മാര്‍ച്ച് 15ന് രാവിലെ അലക്‌സ് മാത്യു പരാതിക്കാരന്റെ ഫോണില്‍ വിളിച്ച് താന്‍ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും പറഞ്ഞ തുക അവിടെവെച്ച് നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റുമെന്നും ഭീഷണിപ്പെടുത്തി. പരാതിക്കാരന്‍ വിവരം പൂജപ്പുരയിലെ വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് -1 പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 7.30ന് പരാതിക്കാരന്റെ വീട്ടിലെത്തി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് അലക്‌സ് മാത്യുവിനെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 ആണ് ഉദ്യോഗസ്ഥനെ പിടിച്ചത്. ലോഡ് ലഭിക്കാനായി പണം നല്‍കണമെന്ന് അലക്സ് മാത്യു പലതവണകളിലായി ആവശ്യപ്പെട്ടിരുന്നതായി പരാതിക്കാരന്‍ ആരോപിക്കുന്നു. പല ഏജന്‍സികളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാല്‍ ആരും പരാതി നല്‍കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ കാണിച്ചത്. ഇസിജിയില്‍ വ്യത്യാസമുണ്ട്.
പ്രതി കൈക്കൂലി വാങ്ങിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. പ്രതി മറ്റ് ഏജന്‍സി ഉടമകളില്‍നിന്നും കൈക്കൂലി വാങ്ങാറുണ്ടെന്ന ആരോപണവും വിജിലന്‍സ് അന്വേഷിക്കും. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തും. തിരുവനന്തപുരത്ത് കൂടാതെ അലക്‌സ് മാത്യുവിന്റെ എറണാകുളത്തെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി.വീട്ടില്‍ നിന്നും വലിയ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.