'ഐവിനെ കൊല്ലാന്‍ കാരണം വീഡിയോ പകര്‍ത്തിയതിലെ പ്രകോപനം; നാട്ടുകാര്‍ എത്തുമെന്ന് കരുതി രക്ഷപ്പെടാന്‍ ശ്രമിച്ചു; സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തി പതിവ് പോലെ ജോലിക്ക് പോകാന്‍ ശ്രമിച്ചു'; പ്രതിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി ഇങ്ങനെ
'ഐവിനെ കൊല്ലാന്‍ കാരണം വീഡിയോ പകര്‍ത്തിയതിലെ പ്രകോപനം
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ ഐവിനെ കൊല്ലാന്‍ കാരണം വീഡിയോ പകര്‍ത്തിയതിലെ പ്രകോപനമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മോഹന്റെ മൊഴി. നാട്ടുകാര്‍ എത്തുമെന്ന് കരുതി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും രണ്ടാംപ്രതി മോഹന്‍ മൊഴി നല്‍കി. ഐവിന്‍ കാറിന് മുന്നില്‍ നിന്ന് വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിനെ മര്‍ദിച്ചു. ഇതിന് ശേഷമാണ് വാഹനം മുന്നോട്ട് എടുത്തത്. താനാണ് ആദ്യം വാഹനം മുന്നോട്ട് എടുത്തത്. ഇതിന് ശേഷമാണ് വിനയ്കുമാര്‍ ഡ്രൈവിംഗ് സീറ്റില്‍ കയറിയത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടില്‍ എത്തി പതിവ് പോലെ ജോലിക്ക് പോകാന്‍ ശ്രമിച്ചു. ഓഫീസില്‍ ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം മോഹനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് തര്‍ക്കത്തിന് കാരണമായത്. ഐവിന്റ കാറില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വാഹനം ഇടിപ്പിച്ചത്. ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കേസില്‍ പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് സിയാല്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഐവിന്റെ കൊലപാതകം ഗൗരവമായ സംഭവമാണെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ നെടുമ്പാശ്ശേരിയിലാണ് സംഭവമുണ്ടായത്. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
സംഭവസമയത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷി വെളിപ്പെടുത്തി. തര്‍ക്കം ഐവിന്‍ ജിജോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥരെ കൂടുതല്‍ പ്രകോപിപിച്ചു. ഉദ്യോഗസ്ഥര്‍ നാട്ടുകാരെയും മര്‍ദിക്കാന്‍ ശ്രമിച്ചുവെന്ന് കെഎസ്എഫ്ഇ റിട്ടയേര്‍ഡ് മാനേജര്‍ തോമസ് വെളിപ്പെടുത്തി.
മൃതദേഹം വന്നു വീണത് തോമസിന്റെ വീടിനു മുന്നിലാണ്. റോഡിലേക്ക് കയറിയ ഐവിനു മുകളില്‍ കൂടി ഉദ്യോഗസ്ഥര്‍ കാര്‍ കയറ്റി ഇറക്കി. ഇകടഎ ഉദ്യോഗസ്ഥര്‍ നായത്തോട് പ്രദേശത്തെ സ്ഥിരം പ്രശ്നക്കാര്‍ എന്നും നാട്ടുകാര്‍ പറഞ്ഞു. വേസ്റ്റ് ഇടുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പല തവണ പഞ്ചായത്തില്‍ പരാതിപ്പെട്ടിരുന്നു.
സംഭവ സ്ഥലത്തുവെച്ച് നാട്ടുകാരുടെ മര്‍ദനമേറ്റ വിനയകുമാര്‍ ദാസ് നിലവില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓടി രക്ഷപ്പെട്ട മോഹനനെ കഴിഞ്ഞദിവസം രാവിലെ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിന്റെ ബോണറ്റില്‍ കയറ്റി വലിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കിലോമീറ്ററോളമാണ് കാറില്‍ യുവാവിനെ വലിച്ചുകൊണ്ടു പോയത്. ബോണറ്റിന് മുകളില്‍ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോയെന്ന് എഫ്ഐആറിലും വ്യക്തമാക്കുന്നുണ്ട്.
കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഉരസിയതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. കാര്‍ ഇങ്ങനെയാണോ ഓവര്‍ടേക്ക് ചെയ്യുന്നത് എന്ന ഐവിന്റെ ചോദ്യത്തിന് ഇങ്ങനെയാണ് എന്നായിരുന്നു സിഐഎസ്എഫുകാരുടെ മറുപടി. സിഐഎസ്എഫുകാര്‍ വാഹനം തിരിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഐവിന്‍ തടസ്സം നിന്നു. ഇവരുടെ കാറിന്റെ മുന്നില്‍ കയറി നിന്ന് ഫോണില്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതോടെ സിഐഎസ്ഫുകാര്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു.