സിസിടിവി ഇല്ലാത്ത ഹോസ്റ്റല്‍; പൂര്‍ണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിച്ചു; അതിന് ശേഷം ട്രക്കില്‍ മധുരയിലേക്ക്; കഴക്കൂട്ടത്തെ പീഢകന്‍ കൊടും ക്രിമിനല്‍; ഇനി തിരിച്ചറിയല്‍ പരേഡ്
തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി എത്തിയത് മോഷണത്തിന്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണം നടത്തുകയും ചെയ്തു. അതിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. പ്രതിയുടെ പേരു വിരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഹോസ്റ്റലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമാകും പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു പോലീസ്. ശാസ്ത്രീയ തെളിവു ശേഖരണമാണ് നിര്‍ണ്ണായകമായത്.
17 ന് പുലര്‍ച്ചയാണ് പരാതി ലഭിച്ചതെന്നും ശനിയാഴ്ച തന്നെ പ്രതിയിലേക്ക് എത്തുന്ന വിവരങ്ങള്‍ ലഭിച്ചുവെന്നും ഡിസിപി ടി. ഫറാഷ് പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്തിയതായും തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഡിസിപി പറഞ്ഞു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് ഡിസിപി ഫറാഷ് പറയുന്നു. മധുരയില്‍ സാഹസികമായാണ് പ്രതിയെ പോലീസ് പിടികൂടിയത്. വലിയ ചെറുത്തു നില്‍പ്പ് ഇയാള്‍ നടത്തി.
വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തുന്നത്. രണ്ട് ദിവസം മുന്‍പാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. സമീപത്തെ ഏതാനും വീടുകളില്‍ കയറി മോഷണം നടത്തിയ ശേഷമാണ് താന്‍ യുവതി കിടന്നുറങ്ങുകയായിരുന്ന ഹോസ്റ്റലില്‍ എത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. പൂര്‍ണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഹോസ്റ്റലില്‍ സി.സി ടി.വി കാമറയില്ലാത്തതിനാല്‍ ആദ്യഘട്ടത്തില്‍ പ്രതിയെപ്പറ്റി സൂചന ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. കഴക്കൂട്ടം അസി. കമീഷണര്‍ പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം, തുമ്പ, പേരൂര്‍ക്കട സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാരും സിറ്റി ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിനുശേഷം ട്രക്കില്‍ നാട്ടിലേക്ക് പോവുകയായിരുന്നു പ്രതി.
കേരളത്തില്‍ ട്രിപ്പ് വരുന്ന ദിവസങ്ങളില്‍ ഇയാള്‍ പതിവായി മോഷണം നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്.