തിരുമല സ്വദേശിയില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരം; ബെംഗളൂരുവില്‍ സിനിമ സ്‌റ്റൈല്‍ ഓപ്പറേഷനുമായി കേരള പോലീസ്; വാതില്‍ ചവിട്ടിപ്പൊളിച്ച് തൂക്കിയത് കണ്ണൂര്‍ സ്വദേശിയായ എംഡിഎംഎയുടെ മൊത്തവില്‍പനക്കാരനെ

എംഡിഎംഎ മൊത്തവില്‍പനക്കാരന്‍ ബംഗളുരുവില്‍ പിടിയില്‍

Update: 2025-03-22 10:09 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം ലഹരിവേട്ട തുടരുന്നതിനിടെ എംഡിഎംഎയുടെ കേരളത്തിലെ മൊത്ത കച്ചവടക്കാരനായ കണ്ണൂര്‍ സ്വദേശിയെ ബംഗളുരുവില്‍ നിന്നും സാഹസികമായി പിടികൂടി കേരള പൊലീസ്. രണ്ടാഴ്ച മുന്‍പ് നേമം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രാവച്ചമ്പലം ജംങ്ഷനില്‍ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിന്‍ നൗഷാദിനെ അറസ്റ്റുചെയ്തിരുന്നു. ഇയാളില്‍നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേമം പോലീസ് കണ്ണൂര്‍ സ്വദേശിയായ അഷ്‌ക്കറി(43)നു വേണ്ടി ബെംഗളൂരുവിലേക്ക് യാത്രതിരിച്ചത്.

പോലീസ് പിന്‍തുടരുന്ന വിവരം അറിഞ്ഞ് ഇയാള്‍ ബെംഗളൂര്‍ യെളഹങ്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒളിക്കുകയായിരുന്നു. അഞ്ചുമണിക്കൂറോളം പരിശ്രമിച്ച് അവിടെയെത്തിയ പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പ്രതിയെ സിനിമ സ്‌റ്റൈലില്‍ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു .

ഡിസിപിയുടെയും ഫോര്‍ട്ട് എസിയുടെയും നേമം എസ്എച്ച്ഒയുടെയും മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ രാജേഷ്, അരുണ്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിനീത്, ബിനൂപ്, വൈശാഖ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ ബാംഗ്ലൂരില്‍നിന്ന് സാഹസികമായി പിടികൂടി വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തിച്ചത്. അഷ്‌ക്കറിനെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

Tags:    

Similar News