കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പൊലീസ് വീണ്ടും കത്ത് നല്‍കും; ഇരിങ്ങാലക്കുട കോടതിയേയും ഉടന്‍ സമീപിക്കും; ധര്‍മരാജന്റെ മൊഴി ആയുധമാക്കും; കവര്‍ച്ചാ കേസ് ഹവാലയായി മാറും
തിരുവനന്തപുരം: ബി.ജെ.പി തൃശൂര്‍ ജില്ല ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പൊലീസ് വീണ്ടും കത്ത് നല്‍കും. ഹവാല, കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ ഇ.ഡിക്കാണ് അധികാരം. ഈ സാഹചര്യത്തിലാണ് തീരുമാനം. തിരൂര്‍ സതീശന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. സതീശിന്റെ മൊഴി സഹിതം ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം.
തുടരന്വേഷണം നടത്താമെന്ന നിയമോപദേശം ലഭിച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആറ് ചാക്കില്‍ തൃശൂരിലെ ബിജെപി ഓഫീസില്‍ കുഴല്‍പ്പണം എത്തിച്ചെന്നായിരുന്നു സതീശിന്റെ വെളിപ്പെടുത്തല്‍. തൃശൂരിലേക്കുള്ള പണം ഇറക്കിയശേഷം ആലപ്പുഴക്ക് പോകുമ്പോഴാണ് കൊടകരയില്‍ മൂന്നരക്കോടി രൂപ കൊള്ളയടിച്ചതെന്നും സതീശ് തുറന്നുപറഞ്ഞിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം കെ ഉണ്ണികൃഷ്ണന്‍ മുഖേന അന്വേഷകസംഘം ഇരിങ്ങാലക്കുട കോടതിയെ സമീപിക്കും. അനുമതി ലഭിച്ചാല്‍ ആദ്യപടിയായി തിരൂര്‍ സതീശിന്റെ മൊഴിയെടുക്കും.
കൊടകര ദേശീയ പാതയില്‍വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന 3.5 കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ആരോപണം. 2021 ഏപ്രില്‍ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 22പേരെ പ്രതികളാക്കി 2021 ജൂലായ് 23ന് കുറ്റപത്രം നല്‍കി. പിന്നീട് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 15ന് അധിക കുറ്റപത്രം നല്‍കി. 1.58 കോടി രൂപ കണ്ടെടുത്തിരുന്നു. 56.64 ലക്ഷം രൂപ മറ്റുള്ളവര്‍ക്ക് കൈമാറിയതായും കണ്ടെത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 41.4 കോടി രൂപയുടെ കുഴല്‍പ്പണം ഇറക്കിയതില്‍ 16 ബിജെപി നേതാക്കള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. ഇതുകൂടാതെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 12 കോടി കുഴല്‍പ്പണം ഇറക്കിയെന്നും ധര്‍മരാജന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആകെ 33.50 കോടി രൂപ വിതരണംചെയ്തു. കൊണ്ടുവന്ന പണത്തില്‍ സേലത്ത് 4.40 കോടിയും കൊടകരയില്‍ 3.50 കോടിയും കവര്‍ന്നുവെന്നായിരുന്നു മൊഴി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെയാണ് കുഴല്‍പ്പണം കടത്തിയതെന്നാണ് മൊഴി. ബംഗളൂരുവില്‍നിന്ന് പണമെത്തിക്കാന്‍ സംഘടനാ സെക്രട്ടറി എം ഗണേശനാണ് ചുമതലപ്പെടുത്തിയത്. 2021 ഏപ്രില്‍ രണ്ടിന് ആറരക്കോടി തൃശൂരിലെ ബിജെപി ഓഫീസില്‍ എത്തിച്ചു. ജില്ലാ ട്രഷറര്‍ സുജയ്സേനന്‍ പണം എണ്ണിത്തിട്ടപ്പെടുത്തി. സംസ്ഥാന ഓഫീസ് ജീവനക്കാരന്‍ ബിനീതിന് 8.8 കോടി പലഘട്ടങ്ങളില്‍ നല്‍കി. കൊടകര കവര്‍ച്ചക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷകസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും നേതാക്കളുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ആലുവയിലെ ബിജെപി നേതാവ് സോമശേഖരന്‍, കണ്ണൂര്‍ ഓഫീസ് ജീവനക്കാരന്‍ ശരത്, കോഴിക്കോട് മേഖലാ സെക്രട്ടറി സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, എറണാകുളം മേഖലാ സെക്രട്ടറി പത്മകുമാര്‍, പത്തനംതിട്ട ബിജെപി വൈസ് പ്രസിഡന്റ് എം എസ് അനില്‍കുമാര്‍ എന്നിവര്‍ക്ക് വിവിധ സമയങ്ങളില്‍ പണം നല്‍കിയതായി കുറ്റപത്രത്തിലുണ്ട്. കെ സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് രഘുനാഥ് വഴി പണം വിതരണം ചെയ്തു. ഏപ്രില്‍ മൂന്നിന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയ്ക്ക് നല്‍കാന്‍ കൊണ്ടുപോയ 3.5 കോടി രൂപയാണ് 2021 ഏപ്രില്‍ മൂന്നിന് കൊടകരയില്‍ കൊള്ളയടിച്ചത്.