കേരളത്തിലേക്ക് ലഹര്‍ സിങ് കടത്തിയത് 41.40 കോടി; 2021 മാര്‍ച്ച് ആറിനു സേലത്തു വച്ച് 4.40 കോടിയും ഏപ്രില്‍ 3 നു കൊടകരയില്‍ 3.50 കോടിയും കവര്‍ച്ച ചെയ്തു; സുരേന്ദ്രനും ഗണേശനും ഗിരീശനും എല്ലാം അറിയാം; ബംഗ്ലൂരുവിലെ ഹവാലയില്‍ പോലീസിനുള്ള കൃത്യമായ ഉത്തരം; എന്നിട്ടും ഇഡി വന്നില്ല; ബിജെപി പുലിവാല് പിടിക്കുമോ?

Update: 2024-11-02 02:21 GMT

തിരുവനന്തപുരം: കൊടകര കുഴല്‍പണക്കേസില്‍ തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം കേസിനെ പുതിയ തലത്തിലെത്തിക്കും. സംസ്ഥാന പൊലീസ് മേധാവി എസ്. ദര്‍വേഷ് സാഹിബുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തിരൂമാനം. സംസ്ഥാന സര്‍ക്കാരും ബിജെപിയും തമ്മിലെ നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കും. കേസ് മുന്‍പ് അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ കോടതിയുടെ അനുമതി തേടിയ ശേഷമാകും തുടരന്വേഷണം. കുഴല്‍പണത്തില്‍ വ്യക്തമായ സൂചനകളോടെ തന്നെ കേന്ദ്ര ഏജന്‍സികളെ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇഡിയൊന്നും ചെറുവിരല്‍ അനക്കിയില്ല. ബിജെപി നേതാക്കളെ പിടിക്കാന്‍ ഉള്ള ഭയമാണ് ഇതിന് കാരണമെന്നാണഅ വിലയിരുത്തല്‍. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലോടെ ഈ കേസ് വീണ്ടും പോലീസ് തുറക്കുകയാണ്.

അന്ന് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന (എംഎല്‍സി) ലഹര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ 41.40 കോടി രൂപയുടെ കള്ളപ്പണം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലേക്കു കടത്തിയെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. തൃശൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ വി.കെ.രാജു ആദായനികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറിയ റിപ്പോര്‍ട്ടില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമായി പറയുന്നു. എന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് എത്തിയില്ല. രണ്ടു തവണ മോഷണം നടന്നുവെന്നും 42ഓളം കോടി കേരളത്തിലേക്ക് എത്തിയെന്നുമാണ് പോലീസ് പറഞ്ഞു വയ്ക്കുന്നത്. കൊടകര കേസിലെ തുടരന്വേഷണത്തില്‍ ബിജെപിയെ തളയ്ക്കാനാണ് കേരളാ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും ഒന്നിനും തെളിവില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വവും പറയുന്നു.

കവര്‍ന്നത് മൂന്നരക്കോടി കേരളത്തില്‍ 2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എംഎല്‍സി) ലഹര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ 41.40 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലേക്കു കടത്തി. കൊടകര കുഴല്‍പണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം 2021 ഓഗസ്റ്റ് രണ്ടിനു തൃശൂര്‍ ആദായ നികുതി അസി.ഡയറക്ടര്‍ക്കും ഇ.ഡി കൊച്ചി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടാണിത്. ഇതില്‍ 7.90 കോടി രൂപ ദേശീയപാതയില്‍ 2 തവണയായി കവര്‍ച്ച ചെയ്യപ്പെട്ടതായും പണം കടത്താന്‍ നേതൃത്വം നല്‍കിയ കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നുവെന്ന് ഇതില്‍ പറയുന്നു. പക്ഷേ പോലീസ് ഇതിലേക്ക് അന്വേഷണം കൊണ്ടു പോയില്ല. സാമ്പത്തിക കുറ്റകൃത്യം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന വിലയിരുത്തലിലാണ് ഇതുണ്ടായത്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ തിരിഞ്ഞു നോക്കിയില്ല.

2021 മാര്‍ച്ച് ആറിനു സേലത്തു വച്ച് 4.40 കോടി രൂപയും ഏപ്രില്‍ 3 നു കൊടകരയില്‍ വച്ചു 3.50 കോടി രൂപയുമാണു കവര്‍ച്ച ചെയ്യപ്പെട്ടത്. 14.40 കോടി രൂപ ബെംഗളൂരുവിലെ ഹവാല റാക്കറ്റ് വഴിയും 27 കോടി രൂപ മറ്റു ഹവാല റാക്കറ്റുകള്‍ വഴിയുമാണു കേരളത്തിലേക്കു കടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അറിവോടെ പാര്‍ട്ടി സംഘടനാ സെക്രട്ടറി എം.ഗണേശന്‍, ഓഫിസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരാണു ഇടപാടുകള്‍ നിയന്ത്രിച്ചതെന്നാണു ധര്‍മരാജന്‍ പൊലീസിനു നല്‍കിയ മൊഴി. കവര്‍ച്ചകള്‍ക്കു ശേഷം അവശേഷിച്ച 33.50 കോടി രൂപ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ എത്തിച്ചതായും മൊഴിയുണ്ട്. ധര്‍മരാജന്റെ മൊഴി അതേപടി പ്രത്യേക അന്വേഷണ സംഘം കേസ് ഫയലിന്റെ ഭാഗമാക്കി ഇ.ഡിക്കും ആദായനികുതി വകുപ്പിനും കൈമാറിയിട്ടുണ്ട്. എന്നാല്‍ പരസ്യമായി ഇതെല്ലാം ധര്‍മരാജന്‍ നിഷേധിച്ച കാര്യങ്ങളാണ്.

ധര്‍മരാജന്റെ സഹോദരന്‍ ധനരാജന്‍ കടത്തിക്കൊണ്ടുവന്ന 4.40 കോടി രൂപയാണു സേലത്തു വച്ചു കവര്‍ന്നത്. ഇതില്‍ 1.47 കോടി രൂപ പ്രത്യേക അന്വേഷണ സംഘം വീണ്ടെടുത്തു. 2.03 കോടി രൂപ കണ്ടെത്താനുണ്ട്. കേസില്‍ 22 പേരാണു പ്രതികള്‍. കൊടകരയില്‍ മൂന്നരക്കോടി തട്ടിയെടുത്ത കേസിലാണു കേരള പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണത്തിനിടെ അറിഞ്ഞ മറ്റു വിവരങ്ങള്‍ ഇ.ഡിക്കു കൈമാറിയതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. 25 ലക്ഷം കവര്‍ച്ച ചെയ്തുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലെ അന്വേഷണമാണ് ഇത്തരം വിലയിരുത്തലുകളിലേക്ക് എത്തിച്ചത്.

കേരളത്തിലേക്ക് അനധികൃതമായി പണം കടത്തിയതില്‍ സിറ്റിങ് എം.എല്‍.സിയായ ലഹര്‍ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ലഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്ക് കേരളത്തില്‍ ചെലവഴിക്കാനുള്ളതാണ് പണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലഹര്‍ സിങ്.

2010 മുതല്‍ 2022 വരെ എം.എല്‍.സിയായിരുന്നു ലഹര്‍ സിങ്. കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ഭൂമി എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കൈമാറിയെന്ന ആരോപണവുമായി ലഹര്‍ സിങ് അടുത്തിടെ രംഗത്തെത്തിയിരുന്നു.

Tags:    

Similar News