കൊടകര കുഴല്‍പ്പണ കേസില്‍ പൊലിസിന്റെ കണ്ടെത്തല്‍ തള്ളി ഇഡി; തള്ളിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി പണം എത്തിച്ചെന്ന പൊലീസിന്റെ കണ്ടെത്തല്‍; കൊച്ചിയിലെ കോടതിയില്‍ കേന്ദ്ര ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു; കേസില്‍ 23 പ്രതികള്‍; ബിജെപി പങ്ക് തള്ളിയത് തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട് മൂന്നുമാസം പിന്നിടുമ്പോള്‍
കൊടകര കുഴല്‍പ്പണ കേസില്‍, ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍, ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.കേസില്‍ 23 പ്രതികളാണുള്ളത്. കലൂര്‍ പി എം എല്‍ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പൊലീസിന്റെ കണ്ടെത്തല്‍ ഇഡി തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പണം എത്തിച്ചെന്ന പൊലീസിന്റെ കണ്ടെത്തലാണ് ഇഡി തള്ളിക്കളഞ്ഞിരിക്കുന്നത്.
ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. കോഴിക്കോട് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മരാജ്, ഈ പണം തന്റെയും യുവമോര്‍ച്ച മുന്‍ സംസ്ഥാന നേതാവ് സുനില്‍ നായ്ക്കിന്റേയുമാണെന്നും തിരികെ കിട്ടണമെന്നുമാവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. മുഹമ്മദ് അലി, സുജീഷ്, രഞ്ജിത്ത്, ദീപക്ക്, അരീഷ്, മാര്‍ട്ടിന്‍, ലബീബ്, അഭിജിത്ത്, ബാബു, അബ്ദുള്‍ ഷാഹിദ്, മുഹമ്മദ് ഷുക്കൂര്‍, അബ്ദുള്‍ ബഷീര്‍, അബദുള്‍ സലാം, റഹിം, ഷിജില്‍, അബ്ദുള്‍ റഷീദ്, റൗഫ്, മുഹമ്മദ് ഷാഫി, എഡ്വിന്‍ , ദീപ്തി, സുള്‍ഫിക്കര്‍, റഷീദ്, ജിന്‍ഷാമോള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കൊടകര കുഴല്‍പ്പണ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് മൂന്നുമാസം പിന്നിട്ട ശേഷമാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഡി.ജി.പിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
കൊടകര കുഴല്‍പ്പണ ഇടപാടിന്റെ ഭാഗമായി ബിജെപി തൃശൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ ബിജെപി ഓഫീസില്‍ ആറു ചാക്കിലായി ഒമ്പത് കോടി കള്ളപ്പണം എത്തിച്ചെന്ന തിരൂര്‍ സതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷകസംഘം ഇഡിക്ക് കത്ത് നല്‍കിയിരുന്നു.
രാജ്യദ്രോഹ കുറ്റമായ കള്ളപ്പണ ഇടപാടാണ് നടന്നിട്ടുള്ളതെന്നാണ് മൊഴി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിന്റെയും ഉള്‍പ്പടെ ബിജെപി നേതാക്കളുടെ പങ്ക് ബിജെപി തൃശൂര്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷകസംഘത്തിനു മുന്നിലും മൊഴി നല്‍കി.
ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അന്വേഷകസംഘം ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വി കെ രാജുവാണ് ഇഡിക്ക് കത്ത് നല്‍കിയത്. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ കേരള പൊലീസ് അധികാരമില്ല. ഇത് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ് അധികാരം. അതിനാലാണ് ഇഡിക്ക് കത്തയച്ചത്.