മന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം; എം ആര്‍ ഐ സ്‌കാനിങ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്; പരിക്കേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു; കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍; ഇവരെ റെയില്‍വെ പൊലീസിന് കൈമാറും; പ്രവര്‍ത്തകര്‍ മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് കോണ്‍ഗ്രസ്

മന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം

Update: 2026-02-25 15:26 GMT

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കരിങ്കൊടി കാട്ടിയ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനായി വന്ദേഭാരത് ട്രെയിന്‍ കയറാനെത്തിയ മന്ത്രിയെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍വെച്ചാണ് കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പോലീസിന്റെ സുരക്ഷാ വലയം ഭേദിച്ചെത്തിയ പ്രവര്‍ത്തകര്‍ മന്ത്രിയെ തടയാന്‍ ശ്രമിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തില്‍ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മന്ത്രിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു.

സംഭവത്തില്‍ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, സി.എച്ച്. മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷന്റെ അകത്തുവെച്ചാണ് സംഭവം നടന്നതെന്നതിനാല്‍ അറസ്റ്റിലായവരെ റെയില്‍വേ പോലീസിന് കൈമാറും. നിലവില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് ഇവരുള്ളത്.

ആശുപത്രിയില്‍ ചികിത്സയിലുള്ള മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഹീനമായ രാഷ്ട്രീയമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, പ്രതിഷേധക്കാര്‍ മന്ത്രിയുടെ അടുത്തെത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. തെറ്റുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണം നടന്നിട്ടില്ലെന്നും നടന്നെങ്കില്‍ അത് തെറ്റാണെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.

മന്ത്രിക്ക് വിദഗ്ധ പരിശോധന വേണം

വീണ ജോര്‍ജിന് വിദഗ്ധപരിശോധന നിര്‍ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്. വീണയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. എം.ആര്‍.ഐ സ്‌കാനിങ് പരിശോധന വീണ ജോര്‍ജിന് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.

സംസാരിക്കാനോ തല ചലിപ്പിക്കാനോ ഉയര്‍ത്താനോ കഴിയാത്ത അവസ്ഥയിലാണെന്നും കടുത്ത വേദന അനുഭവിക്കുന്നതായും നേതാക്കള്‍ അറിയിച്ചു. ഇരുവശങ്ങളിലേക്കും കഴുത്ത് തിരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. എക്‌സ്-റേ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷം ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ അറിയിക്കും.

വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാനെത്തിയ മന്ത്രി ടിക്കറ്റ് കൗണ്ടറിന് സമീപം നില്‍ക്കുമ്പോളാണ് പ്രതിഷേധം നടന്നത്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. കഴുത്തിന് പുറമെ മന്ത്രിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരില്‍ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

മന്ത്രിക്ക് നേരെയുണ്ടായ ശാരീരിക അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ഇത് ആസൂത്രിതമായ ഗുണ്ടായിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കേരളത്തില്‍ മനഃപൂര്‍വം കലാപം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ കെണിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീഴരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മന്ത്രിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമന്ത്രിയെ ആക്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീറും എം.വി. ജയരാജനും പറഞ്ഞു. സംഭവത്തെ അപലപിച്ച സ്പീക്കര്‍, സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ സ്പീക്കര്‍ എ.എന്‍. ഷംസീറും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ മന്ത്രിയെ സന്ദര്‍ശിച്ചു.

Tags:    

Similar News