കോയിപ്രത്തെ സുരേഷിനെ കോന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മാര്‍ച്ച് 22 ന്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത് മേയ് 22 ന്; അഞ്ചു ദിവസമായിട്ടും കേസ് ഫയല്‍ കൈമാറാതെ ഒളിച്ചു കളി; അന്വേഷണം തുടങ്ങാന്‍ കഴിയാതെ പ്രത്യേകസംഘം; പ്രേക്ഷോഭത്തിനൊരുങ്ങി ദളിത് സംഘടനകളും

കോയിപ്രത്തെ സുരേഷിനെ കോന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മാര്‍ച്ച് 22 ന്

Update: 2025-05-27 04:05 GMT

പത്തനംതിട്ട:കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ച വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷിന്റെ (58) തൂങ്ങി മരണം സംബന്ധിച്ച് പ്രത്യേക സംഘം ഇതുവരെ അന്വേഷണം ഏറ്റെടുത്തില്ല. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് സംശയം ഉയരുന്നു. മാര്‍ച്ച് 22 നാണ് സുരേഷിനെ കോന്നി ഇളകൊള്ളൂരിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതും ചൂരല്‍ കൊണ്ട് മര്‍ദനമേറ്റതും വ്യക്തമായിരുന്നു. ഈ വിവരം മറച്ചു വച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം മാധ്യമങ്ങളാണ് തകര്‍ത്തത്. കഞ്ചാവ് കേസ് പ്രതിയെ പോലീസ് കൊന്നു കെട്ടിത്തൂക്കിയതാകാമെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നുയര്‍ന്നതോടെ അന്ന് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുണ്ടായിരുന്ന കൊട്ടാരക്കര റൂറല്‍ എസ്.പി എം. സാബുമാത്യു ഡി.ഐ.ജി അജിത ബീഗത്തിന്റെ നിര്‍ദേശപ്രകാരം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രൊസീജിയര്‍ ഇറക്കി.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തില്‍ 14 അംഗ ടീമിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. കഴിഞ്ഞ 22 നാണ് ഉത്തരവ് വന്നത്. അഞ്ചു ദിവസം കഴിഞ്ഞിട്ടും ഇതു വരെ അന്വേഷണം തുടങ്ങാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് ആയിട്ടില്ല. ഇതിന് കാരണം പരിശീലനം കഴിഞ്ഞ് മടങ്ങി വന്ന ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ ഇടപെടല്‍ ആണെന്ന് ആക്ഷേപം ശക്തമാണ്. എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച്. കേസ് സംബന്ധിച്ച ഒരു ഫയലുകളും ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്നു.

പ്രത്യേകസംഘം വന്നതോടെ അദ്ദേഹത്തില്‍ നിന്നും ആ ചുമതല നീക്കി. കോന്നി ഇന്‍സ്പെക്ടര്‍ പുതിയ ടീമിലും ഉണ്ട്. കേസന്വേഷണം പുതിയ ടീമിന് കൈമാറുന്നതിന് പകരം തിരക്കിട്ട് ഒരു എഫ്ഐആര്‍ കോയിപ്രം സ്റ്റേഷനില്‍ ഇടുകയാണ് ചെയ്തത്. ഇത് കൂടുതല്‍ കുഴപ്പത്തിലേക്ക് പോലീസിനെ കൊണ്ടു ചെന്നെത്തിച്ചു. പോലീസിന്റെ പേരുദോഷം നീക്കാന്‍ കുറ്റം മറ്റൊരാളുടെ തലയില്‍ ചുമത്തുന്ന തരത്തിലുള്ള എഫ്ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തൂങ്ങി മരിച്ച സുരേഷിന് മുന്‍പ് ക്രൂരമര്‍ദനമേറ്റിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍ ആയിരിക്കുമ്പോഴാണ് സുരേഷിനെ ട്യൂട്ടര്‍ അരീഷ് എന്നൊരാള്‍ മര്‍ദിച്ചുവെന്ന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ സുരേഷിനെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന വരയന്നൂര്‍ കൈരളിപ്പടി വില്ലോത്ത് പറമ്പില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മൊഴി വാങ്ങിയാണ് കോയിപ്രം പോലീസ് 567/25 നമ്പരായി എഫ്.ഐ.ആര്‍ ഇട്ടത്. ഈ എഫ്.ഐ.ആര്‍ പോലീസിനെ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കുകയാണ്.

എഫ്.ഐ.ആറില്‍ സ്റ്റേഷനില്‍ വിവരം ലഭിച്ച സമയം 23 ന് പുലര്‍ച്ചെ ഒരു മണിയാണ്. ജി.ഡി. എന്‍ട്രിയാക്കി എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത് 2.43 ആണ്. ഇത്ര പുലര്‍ച്ചെ ഇങ്ങനെ ഒരു എഫ്.ഐ.ആര്‍ ആരുടെ താല്‍പര്യപ്രകാരമാണെന്നത് വ്യക്തമാണ്. മൂന്നു മാസം മുന്‍പ് നടന്ന ഒരു അടിപിടിയെക്കുറിച്ച് വാദി പുലര്‍ച്ചെ ഒരു മണിക്ക് സ്റ്റേഷനില്‍ എത്തി വിവരം നല്‍കുകയും ഉടന്‍ തന്നെ അയാളുടെ മൊഴി വാങ്ങി 2.43 ന് എഫ്.ഐ.ആര്‍ ഇടുകയും ചെയ്തുവെന്ന മിന്നല്‍ നീക്കം പോലീസിന്റെ രക്ഷപ്പെടലിന്റെ ഭാഗമാണ്. ഈ എഫ്.ഐ.ആര്‍ വന്നത് പ്രത്യേക സംഘം കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷമാണ്.

ഈ പുതിയ കേസ് ആര് അന്വേഷിക്കുമെന്നതാണ് പ്രസക്തമായ ചോദ്യം. നിലവില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന സുരേഷിന്റെ ദുരൂഹമരണം സംബന്ധിച്ച കേസ് 14 അംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പ്രതിക്കൂട്ടിലായി നില്‍ക്കുന്ന കോയിപ്രം പോലീസിന് മര്‍ദനത്തിനിട്ട പുതിയ എഫ്.ഐ.ആര്‍ അന്വേഷിക്കാന്‍ കഴിയില്ല. ഈ കേസ് പ്രത്യേക സംഘത്തിന് കൈമാറിയിട്ടുമില്ല. നിലവില്‍ ഈ എഫ്.ഐ.ആര്‍ കോയിപ്രം പോലീസ് ഒരു പിടിവള്ളിയായി ഉപയോഗിക്കാനാണ് സാധ്യത.

മാര്‍ച്ച് 20 ന് നടന്ന സംഭവത്തില്‍ മെയ് 23 നാണ് കേസ് എടുത്തത് എന്നുളളത് പോലീസിന്റെ അട്ടിമറി നീക്കം എന്ന സംശയത്തിന് ആക്കം കൂട്ടുന്നു. വാദിയെയും പ്രതിയെയും പോലീസ് തന്നെ സ്വാധീനിച്ച് തട്ടിക്കൂട്ടിയ കേസാണിതെന്നാണ് സംശയം. സുരേഷ് കഞ്ചാവിന്റെ ചില്ലറ വ്യാപാരിയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 2000 രൂപയുടെ പൊതികള്‍ ആയിരുന്നുവത്രേ ഇയാള്‍ വിറ്റിരുന്നത്. കസ്റ്റഡിയില്‍ എടുത്ത സുരേഷിനെ തങ്ങള്‍ നുള്ളിനോവിക്കാതെ ഇറക്കി വിട്ടുവെന്ന് പോലീസ് പറയുമ്പോഴും പുറത്തും മുതുകത്തുമുള്ള ചൂരല്‍ പ്രഹരം അതിന്റെ പൊളളത്തരം വെളിവാക്കുന്നു. ഇതിന് ശേഷം സുരേഷ് കഞ്ചാവ് വാങ്ങാന്‍ മധുരയ്ക്ക് പോയെന്നും അവിടെ വച്ച് അടി കിട്ടിയിട്ടുണ്ടാകാമെന്നുമൊക്കെയുള്ള ന്യായങ്ങളാണ് പോലീസ് നിരത്തുന്നത്.

എന്നാല്‍, സുരേഷ് ഓടിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആയ വീട്ടമ്മയുടെ മൊഴിയാണ് പോലീസിനെ വെട്ടിലാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി നേരെ ഈ വീട്ടിലേക്ക് ചെന്ന സുരേഷ് തന്നെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന കാര്യം ഇവരോടാണ് പറഞ്ഞത്. തന്നെ ഇനി ഒന്നിനും കൊള്ളില്ല, അതു പോലെ പോലീസ് മര്‍ദിച്ചുവെന്നായിരുന്നു സുരേഷ് പറഞ്ഞത് എന്നാണ് ഈ വീട്ടമ്മ കേസ് ആദ്യം അന്വേഷിച്ച കോന്നി പോലീസിന് മൊഴി നല്‍കിയത്. ഈ ഒറ്റ മൊഴിയിലാണ് പോലീസ് കൂടുങ്ങിക്കിടക്കുന്നതും. അതില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ എഫ്.ഐ.ആര്‍ വന്നത്. കോയിപ്രം എസ്എച്ച്ഓയെയും പോലീസിനെയും രക്ഷിക്കാന്‍ ശ്രമിച്ചാല്‍

ശക്തമായ സമരം നടത്തേണ്ടി വരും

പത്തനംതിട്ട: കോയിപ്രം-വരയന്നൂര്‍ മുട്ടപ്പള്ളി കോളനിയില്‍ വാലുപറമ്പില്‍ കെ.എം. സുരേഷിന്റെ മരണത്തിന് കാരണക്കാരായ കോയിപ്രം എസ്.എച്ച്.ഓയേയും പോലീസുകാരേയും രക്ഷിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാന വ്യാപകമായി ശക്തമായ സമരം നടത്തേണ്ടി വരുമെന്ന് കെ.പി.എം.എസ് സീനിയര്‍ ലീഡര്‍ ചെറുവക്കല്‍ അര്‍ജുനന്‍, കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്സ് കൗണ്‍സില്‍ കേന്ദ്രകമ്മറ്റി ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ്, അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.എസ്. പ്രസാദ്, കേരള ചേരമര്‍സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പാറമ്പുഴ ഗോപി എന്നിവര്‍ പറഞ്ഞു.

സുരേഷിനെ കഞ്ചാവു കേസില്‍ പ്രതിയാക്കി കോയിപ്രം പോലീസ് കേസ് എടുക്കുകയും ഇരുചക്രവാഹനവും ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 19 ന് സുരേഷിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയും വിട്ടയയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 20 ന് രാത്രി മൂന്നു പേര്‍ വീട്ടില്‍ നിന്നും സുരേഷിനെ വീണ്ടും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ പോലീസുകാരാണെന്നാണ് വീട്ടുകാര്‍ പറഞ്ഞിട്ടുള്ളത്. 22 ന് രാവിലെ കോന്നി പ്രമാടം പഞ്ചായത്ത് ഇളകൊള്ളൂര്‍ പാലത്തിന് സമീപം മാങ്കോസ്റ്റിന്‍ തോടത്തില്‍ സുരേഷ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായും ശരീരത്താകെ മര്‍ദ്ദനത്തിന്റെ പാടുകളും പരുക്കുകളും ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞയാള്‍ കോയിപ്രത്തു നിന്നും 25 കി.മീ. അകലെ കോന്നിയില്‍ പോയി തൂങ്ങി മരിച്ചുവെന്നുള്ള പോലീസിന്റെ ഭാഷ്യം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല.

സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മായ്ച്ചും 20 ന് സുരേഷിനെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു എന്നുപറയുന്ന പോലീസ് നിലപാട് ശുദ്ധ കള്ളമാണ്. ശരീരമാകെ പരുക്കും നാല് വാരിയെല്ലുകള്‍ ഒടിഞ്ഞ ഒരാള്‍ക്ക് സഞ്ചരിക്കുവാനോ കൈകള്‍ ഉയര്‍ത്തുവാനോ കഴിയില്ലെന്നിരിക്കെ കോന്നിയില്‍ ബന്ധുക്കളോ സ്വന്തക്കാരോ സുഹൃത്തുക്കളോ ഇല്ലാത്ത സുരേഷ് എങ്ങനെ അവിടെപ്പോയി തൂങ്ങിമരിക്കും എന്നത് തികച്ചും അസംഭവ്യമാണ്. സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചമയ്ക്കുന്ന കഥകള്‍ കോയിപ്രം എസ്.എച്ച്.ഓയേയും പോലീസുകാരെയും സംരക്ഷിക്കുവാന്‍ വേണ്ടിയുള്ളതാണ്.

സുരേഷിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുവാന്‍ ശ്രമിച്ചാല്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭ സമരത്തിന് തയാറാകും. അതീവ ഗുരുതരമായ കുറ്റകൃത്യം നടത്തിയ എസ്.എച്ച്.ഓയേയും പോലീസുകാരെയും സര്‍വീസില്‍ വച്ചു കൊണ്ട് നടത്തുന്ന അന്വേഷണം നീതിപൂര്‍വമാകാന്‍ യാതൊരു സാദ്ധ്യതയില്ലെന്നും സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Tags:    

Similar News