കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും; പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി; കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെടവേ കേരളത്തില്‍ ഒട്ടനവധി ലൗജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് ഹിന്ദു ഐക്യവേദിയും

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

Update: 2025-08-13 01:50 GMT

കോതമംഗലം: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി, ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തര്‍ക്കമുണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

പൊലീസ് അന്വേഷണത്തില്‍ നിസാരവകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും കത്തുനല്‍കിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകള്‍ ആത്മഹത്യ ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ശ്രമമായി. എന്‍ഐഎക്ക് കേസ് കൈമാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

മകള്‍ കോളജില്‍ പഠിക്കുന്ന സമയം റമീസുമായി പരിചയത്തിലായെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ ശാരീരികമായ പീഡനം തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയയായെന്നും കത്തില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണം എന്ന വ്യവസ്ഥ പെണ്‍കുട്ടിയുടെ മേല്‍ ചുമത്തി. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ മതം മാറ്റാന്‍ അവള റമീസിന്റെ ആലുവ പാനായിക്കുളത്തുള്ള വീട്ടില്‍ മുറിയില്‍ പൂട്ടിയിടുകയും അയാളും കുടുംബക്കാരും മറ്റ് പലരും ചേര്‍ന്ന് നിര്‍ബന്ധിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തു എന്ന വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്. കേസ് എന്‍ഐഎക്ക് കൈമാറി അന്വേഷണത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍ബന്ധത മതപരിവര്‍ത്തനത്തിന് വിദേശ സംഘടനകളുമായുള്ള ബന്ധങ്ങളും വെളിവാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.

അതിനിടെ പെണ്‍കുട്ടിയുടെ ആത്മഹത്യ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. മതം മാറാന്‍ നിര്‍ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയത് സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചര്‍ രംഗത്തുവന്നു. യുവതിയുടെ ആത്മഹത്യ കുറിപ്പല്ലാതെ മറ്റെന്ത് തെളിവാണ് കേസിന് വേണ്ടതെന്നും ശശികല ടീച്ചര്‍ ചോദിച്ചു.

''നിയമോപദേശം ലഭിച്ചാല്‍ മാത്രമേ കേസെടുക്കുകയുള്ളവെന്നാണ് അവര്‍ പറഞ്ഞത്. അത് സമസ്തയുടെ ഭാഗത്ത് നിന്നാണ് ആ ഉപദേശം ലഭിക്കേണ്ടതെന്ന് തുറന്നുപറഞ്ഞില്ല. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. പക്ഷേ, കണ്ണടച്ച് ഇരുട്ടാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എത്ര കുട്ടികള്‍ ഇതിന് ഇരയായതിന് ശേഷമായിരിക്കും അവരുടെ കണ്ണ് തുറക്കുകയെന്ന് അറിയില്ല''.

''സമാജത്തിന് എത്ര വലിയ ശക്തിയുണ്ടെങ്കിലും ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ സാധിക്കില്ല. ആത്മഹത്യ ചെയ്ത കുട്ടി തന്നെ താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ കുറിപ്പില്‍ വ്യക്തമായി എഴുതിയിരിക്കുന്നു. അതിന് മേല്‍ എന്ത് നിയമോപദേശമാണ് ലഭിക്കേണ്ടത്. കേരളത്തില്‍ എല്ലായിടത്തും ലൗജിഹാദ് കാണുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ രജിസ്റ്റര്‍ ഓഫീസുകളിലെ 12 ഹിന്ദു കുട്ടികള്‍ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. പ്രണയത്തില്‍ മതം കലര്‍ത്തുന്നതാണ് പ്രശ്‌നം. മതം മാറ്റത്തിനുള്ള ഒരു ഉപാധി ആയിട്ടാണ് പ്രേമത്തെ കാണുന്നത്.

വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ മതത്തിലേക്ക് മാറണമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്ത്രീകളുടെ അവകാശങ്ങളാണ് ചോദ്യം ചെയ്യുന്നത്. പെണ്‍കുട്ടി എഴുതിവച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അത് പോലും ആര്‍ക്കും ഗൗരവമുള്ള വിഷയമല്ല. ഇത് തന്നെയാണ് ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത്''. രണ്ടോ മൂന്നോ ജിഹാദി കേസുകളല്ല, ഇവിടെ നടക്കുന്നത്. ഇത്തരത്തില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും കെ പി ശശികല ടീച്ചര്‍ പറഞ്ഞു.

Tags:    

Similar News