താല്‍ക്കാലിക ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് ഒളിത്താവളം; സന്തോഷിനെ പിടികൂടിയതോടെ അക്രമാസക്തരായി ജീപ്പ് വളഞ്ഞ് സ്ത്രീകള്‍; വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് കായലോരത്തെ ചതുപ്പിലേക്ക്: ടെന്റിനുള്ളില്‍ ആയുധങ്ങളും
താല്‍ക്കാലിക ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് ഒളിത്താവളം; ടെന്റിനുള്ളില്‍ ആയുധങ്ങളും
കൊച്ചി: കുണ്ടന്നൂരില്‍ നിന്നും കുറുവ സംഘാംഗമെന്നു സംശയിക്കുന്ന സന്തോഷിനെ പോലിസ് പിടികൂടിയത് അതിസാഹസികമായി. പോലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്‌സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ വെട്ടിച്ചു കടന്നു കളയുക ആയിരുന്നു. സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന സ്ത്രീകളും. ഇവര്‍ അക്രമാസക്തരായി പോലിസ് ജീപ്പ് വളഞ്ഞതോടെയാണ് സന്തോഷ് ജീപ്പില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. എന്നാല്‍ പൊലീസും അഗ്‌നിരക്ഷാസേനയും കായലും കരയും അരിച്ചുപെറുക്കി നടത്തിയ നാലര മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ പ്രതിയെ അതിസാഹസികമായി പിടികൂടുക ആയിരുന്നു.
മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് തമിഴ്‌നാട് സ്വദേശി സന്തോഷ് ശെല്‍വന്‍. ആലപ്പുഴയില്‍ കുറുവാ സംഘം നടത്തുന്ന മോഷണത്തില്‍ സന്തോഷും ഉണ്ടെന്നാണ് പോലിസിന്റെ റിപ്പോര്‍ട്ട്. കുണ്ടന്നൂര്‍ മേല്‍പാലത്തിനു താഴെ സ്ലിപ് റോഡില്‍ ഇന്നലെ വൈകിട്ട് 6.15ന് ആയിരുന്നു സംഭവം. ഏതാനും ദിവസമായി ആലപ്പുഴയില്‍ നടക്കുന്ന കുറുവ മോഡല്‍ മോഷണങ്ങളിലെ പ്രതി കുണ്ടന്നൂര്‍ പാലത്തിനു താഴെ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണു മണ്ണഞ്ചേരിയില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തി പരിശോധന നടത്തിയത്.
പാലത്തിനു താഴെ കായലിനോടു ചേര്‍ന്നുള്ള ഭാഗത്തു തമ്പടിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളുടെ സംഘത്തെ പരിശോധിക്കുന്നതിനിടെയാണു സന്തോഷിനെ കണ്ടെത്തിയത്. താല്‍ക്കാലിക ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് അതിനുള്ളില്‍ ചുരുണ്ടുകൂടി കിടന്ന ശേഷം ടാര്‍പോളിന്‍ കൊണ്ടു മൂടി ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ടെന്റില്‍ അനേകം ആയുധങ്ങളും സൂക്ഷിച്ചിരുന്നു. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച പ്രതിയെയും ഒപ്പമുണ്ടായിരുന്ന മണികണ്ഠന്‍ എന്നയാളെയും പോലിസ് പിടികൂടി വിലങ്ങു വച്ചു.
ഇരുവരേയും ജീപ്പില്‍ കയറ്റി എങ്കിലും സംഘത്തിലെ സ്ത്രീകള്‍ അക്രമാസക്തരായി പൊലീസ് ജീപ്പ് വളഞ്ഞതോടെ സ്ഥലം സംഘര്‍ഷഭരിതമായി. സ്ത്രീകള്‍ പൊലീസിനോടു കയര്‍ക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ സ്ത്രീകളെ പ്രതിരോധിക്കാന്‍ പൊലീസിനായില്ല. ഈ ബഹളത്തിനിടെ സന്തോഷ് ശെല്‍വന്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ ശേഷം, കായലോരത്ത് ഉയരത്തില്‍ കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്ന ചതുപ്പു പ്രദേശത്തേക്ക് ഓടി മറയുകയായിരുന്നു. ഇതോടെ, മണ്ണഞ്ചേരി പൊലീസ് കൊച്ചി സിറ്റി പൊലീസിനെ വിവരം അറിയിച്ചു.
എഴുപത്തഞ്ചോളം പേരടങ്ങുന്ന പൊലീസ് സംഘം ഉടന്‍ സ്ഥലത്തെക്ക് പാഞ്ഞെത്തുകയും സംഘങ്ങളായി തിരിഞ്ഞ് വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
റെയില്‍വേ പൊലീസിനെയും ആര്‍പിഎഫിനെയും വിവരമറിയിച്ചു റെയില്‍വേ ട്രാക്കിനു സമീപവും പരിശോധന നടത്തി. കായലോരത്തെ കലുങ്കിനു താഴെ വെള്ളത്തിലിറങ്ങി ഒളിച്ചിരുന്ന പ്രതിയെ രാത്രി പൊലീസ് പിടികൂടി. ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍. മധുബാബു, എറണാകുളം എസിപി പി. രാജ്കുമാര്‍ എന്നിവര്‍ തിരച്ചിലിനു നേതൃത്വം നല്‍കി. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററില്‍ എത്തിച്ച സന്തോഷ് ശെല്‍വത്തെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.