മോഷണത്തിന് എത്തുന്നത് ആയുധങ്ങളുമായി; വാതില്‍ തകര്‍ത്ത് അകത്തു കടക്കുന്നവര്‍ക്ക് ആക്രമിക്കാനും മടിയില്ല; രണ്ടാഴ്ചക്കിടെ മോഷണം നടന്നത് നാല് വീടുകളില്‍: മണ്ണഞ്ചേരിക്കാരുടെ ഉറക്കം കെടുത്തി കുറുവാ സംഘം
മണ്ണഞ്ചേരിക്കാരുടെ ഉറക്കം കെടുത്തി കുറുവാ സംഘം
ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണ ഭീതിയില്‍ ഉറക്കം നഷ്ടമായിരിക്കുകയാണ് ആലപ്പുഴയിലെ മണ്ണഞ്ചേരിക്കാര്‍ക്ക്. അര്‍ദ്ധ നഗ്നരായി മോഷണത്തിന് എത്തുന്ന കള്ളന്മാര്‍ക്ക് ആക്രമിക്കാനും മടിയില്ല എന്നതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്. മോഷണം തടയുന്നവരെ അതിക്രൂരമായി ആക്രമിക്കുന്നതാണ് കുറുവാ സംഘത്തിന്റെ രീതി. ഇതും ജനങ്ങളെ ഭീതിയിലാക്കുന്നു.
ഇക്കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാന്‍ പോലും മടിയില്ലാത്ത മോഷ്ടാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വീടിന്റെ മുറ്റത്തെ പൈപ്പ് തുറന്നിട്ടും കുട്ടികള്‍ കരയുന്നത് പോലത്തെ ശബ്ദമുണ്ടാക്കിയും ഇവര്‍ വീട്ടുകാരെ ഉണര്‍ത്തും. വീട്ടിലുള്ളവര്‍ വാതില്‍ തുറന്ന് പുറത്തെത്തിയാല്‍ ആക്രമിച്ച ശേഷം അകത്ത് കടന്ന് മോഷണം നടത്തുന്നതും ഇവരുടെ രീതിയാണ്.
മാരകായുധങ്ങളുമായെത്തി അടുക്കള വാതില്‍ പൊളിച്ച് മോഷണം നടത്തുന്ന കുറുവാ സംഘം ചൊവ്വാഴ്ച മാത്രം മൂന്ന് വീടുകളിലാണ് കയറിയത്. ആദ്യം കുഞ്ഞുമോന്റ വീട്ടില്‍. വീടിന് പിന്‍വശത്തെ ഇരുമ്പ് വാതില്‍ തുറന്ന ശേഷം, അടുക്കള വാതില്‍ കുത്തിത്തുറന്നു. പിന്നീട് മുറിയിലെത്തി മാലയും പണമടങ്ങിയ പഴ്‌സുമായി രക്ഷപെടുകയായിരുന്നു. രാജന്‍ എന്നയളുടെ വീട്ടിലുമെത്തിയ കുറുവാ സംഘം വാതില്‍ പൊളിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായി കാണാം.
ആലപ്പുഴ നോര്‍ത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറുവാ സംഘം കറങ്ങി നടക്കുന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇവരെ പിടികൂടാന്‍ ജില്ലാ പൊലീസ് മേധവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി. ആക്രമിക്കാന്‍ പോലും മടിയില്ലാത്ത കുറുവാ സംഘത്തെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.