വ്യാജ ഹോള്‍മാര്‍ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയംവെച്ച് തട്ടിയത് ലക്ഷങ്ങൾ; പണം വീതിച്ചെടുത്ത് ആഡംബര ജീവിതം; തട്ടിപ്പിന്റെ സൂത്രധാരൻ പഴകുളത്തുക്കാരൻ റസല്‍ മുഹമ്മദ് പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; നാലംഗ സംഘത്തെ പൊക്കി മാവേലിക്കര പൊലീസ്
മാവേലിക്കര: മാവേലിക്കരയിലെ വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാജ ഹോള്‍മാര്‍ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയംവെച്ച് മൂന്നുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത നാലംഗ സംഘം പിടിയിൽ. പള്ളിക്കല്‍ പഴകുളം റസല്‍ മന്‍സില്‍ റസല്‍ മുഹമ്മദ് (20), നൂറനാട് പാലമേല്‍ ചെറുനാമ്പില്‍ സൂരജ് എസ് (19), അടൂര്‍ മോലൂട് ചരുവില്‍ തറയില്‍ ഉണ്ണിക്കുട്ടന്‍ (21), പന്തളം കുറുമ്പാല ജയലക്ഷ്മി വിലാസം സൂരജ് കുമാര്‍ എസ് (19) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളത്തെ ആഡംബര ഫ്ലാറ്റില്‍ നിന്നാണ് മാവേലിക്കര പൊലീസ് ഇവരെ പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് വ്യാജ ഹോള്‍മാര്‍ക്ക് ചെയ്ത മുക്കുപണ്ടം വാങ്ങി, വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. യഥാർത്ഥ സ്വർണത്തെ വെല്ലുന്ന തരത്തിൽ കൃത്യമായി ഹോൾമാർക്ക് ചെയ്തിരുന്ന മുക്കുപണ്ടമാണ് ഇവർ പണയം വെച്ചിരുന്നത്.
അപ്രൈസർമാരില്ലാത്ത ചെറുകിട ഫിനാന്‍സ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികള്‍ കൊച്ചിയില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. സംഘത്തിലെ ഒന്നാംപ്രതിയായ റസല്‍ മുഹമ്മദ് പോക്സോ, മോഷണം, അടിപിടി ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സംഘം ചേര്‍ന്നുള്ള തട്ടിപ്പാണെന്ന് വ്യക്തമായതോടെ, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ ഐ പി എസിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി വൈ എസ് പി എം കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
മാവേലിക്കര പൊലീസ് ഇന്‍സ്പെക്ടര്‍ സി ശ്രീജിത്ത്, എസ് ഐ അനന്തു എന്‍ യു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിഷ്ണു ആര്‍, വി എസ് അനന്തമൂര്‍ത്തി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.