അയല്‍പക്കത്ത് താമസിക്കുന്നതിനിടെ മൊട്ടിട്ട പ്രണയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അടുപ്പത്തിലായി; വിട്ടുപിരിയാൻ കഴിയാതെ വന്നതും മറ്റൊരു പെൺസുഹൃത്തിന്റെ എൻട്രി; ഇരുവരെയും വേണ്ടാത്ത രീതിയിൽ ഹോട്ടല്‍മുറിയില്‍വെച്ച് കണ്ടതോടെ വീട്ടമ്മ ചെയ്തത്; ഞെട്ടൽ മാറാതെ നാട്ടുകാർ
ബെംഗളൂരു: കാമുകനും തൻ്റെ അടുത്ത സുഹൃത്തും ഒരുമിച്ചെത്തിയെന്ന യാഥാർത്ഥ്യം നേരിട്ടറിഞ്ഞതിൻ്റെ മനോവിഷമത്തിൽ വീട്ടമ്മ ഹോട്ടൽമുറിയിൽ ജീവനൊടുക്കി. ബെംഗളൂരു കാമാക്ഷിപാളയയിൽ ഭർത്താവിനും രണ്ടു പെൺമക്കൾക്കുമൊപ്പം താമസിച്ചിരുന്ന 38-കാരിയാണ് അഗ്രഹാര ദസറഹള്ളിയിലെ ഒരു സ്വകാര്യ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അയൽവാസിയായ കാമാക്ഷിപാളയയിൽ താമസിക്കുന്ന വീട്ടമ്മ, ഔഡിറ്ററായി ജോലി ചെയ്യുന്ന കാമുകനുമായി വർഷങ്ങളായി രഹസ്യബന്ധം പുലർത്തിയിരുന്നു. ഇയാളും വിവാഹിതനാണ്. മാസങ്ങൾക്ക് മുൻപ് ഈ വീട്ടമ്മ തൻ്റെ അടുത്ത സുഹൃത്തായ മറ്റൊരു യുവതിക്ക് കാമുകനെ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നീട് ഈ യുവതിയും വീട്ടമ്മയുടെ കാമുകനും തമ്മിൽ അടുപ്പത്തിലായി. ഈ വിവരം വീട്ടമ്മ പിന്നീട് അറിയുകയായിരുന്നു.
വ്യാഴാഴ്ച, കാമുകനും തൻ്റെ സുഹൃത്തും ദസറഹള്ളിയിലെ ഒരു ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്ന വിവരം വീട്ടമ്മയ്ക്ക് ലഭിച്ചു. തുടർന്ന്, ഇവരുടെ ഹോട്ടൽ മുറിയുടെ എതിർവശത്തുള്ള മറ്റൊരു ഹോട്ടലിൽ വീട്ടമ്മയും മുറിയെടുത്തു. കാമുകനും സുഹൃത്തും മുറിയിൽ ഒരുമിച്ചുണ്ടെന്ന് ഉറപ്പായതോടെ വീട്ടമ്മ അവരുടെ മുറിയിലേക്ക് ചെന്നു.
ഏറെനേരം വാതിൽ മുട്ടി വിളിച്ചിട്ടും കാമുകൻ വാതിൽ തുറക്കാൻ തയ്യാറായില്ല. ഇതോടെ വീട്ടമ്മ ബഹളം വെക്കാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാർ വീട്ടമ്മയെ സമാധാനിപ്പിച്ച് തിരികെ അയച്ചു. എന്നാൽ, തൊട്ടുപിന്നാലെ വീട്ടമ്മ താൻ താമസിച്ചിരുന്ന മുറിയിലെത്തി ജീവനൊടുക്കുകയായിരുന്നു.
വീട്ടമ്മയെ മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത് കാമുകനാണെന്ന് പോലീസ് അറിയിച്ചു. ബഹളം വെച്ച് മടങ്ങിയ വീട്ടമ്മയെക്കുറിച്ച് അന്വേഷിക്കാനായി കുറച്ച് സമയത്തിന് ശേഷം കാമുകനെത്തിയാണ് അവരെ മരിച്ച നിലയിൽ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ പോലീസിന്റെ നിഗമനം. എന്നാൽ, വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ.