വിവാഹം കഴിക്കുന്നതിനെ പറ്റി സംസാരിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ കുടുംബം; എത്തിയത് മാതാപിതാക്കള്‍ക്കൊപ്പം; സംസാരിക്കുന്നതിനിടെ വാക്ക് തര്‍ക്കം; യുവാവിനെ മുറിയില്‍ കയറ്റി അടിച്ച് കൊലപ്പെടുത്തി കാമുകിയുടെ വീട്ടുകാര്‍; 11 പേര്‍ക്കെതിരെ കേസ്; ഒന്‍പതുപേരെ അറസ്റ്റ് ചെയ്തു; രണ്ട് പേര്‍ ഒളിവില്‍

Update: 2025-08-31 07:51 GMT

മുംബൈ: വിവാഹാലോചനയ്ക്കായി വിളിച്ചുവരുത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പിംപ്രി ചിഞ്ച്വാഡിയിലാണ് സംഭവം. 26കാരനായ രാമേശ്വര്‍ ഗെങ്കാട്ടാണ് മരിച്ചത്. ജൂലൈ 22നാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം രാമേശ്വറെ സ്ത്രീയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

കൊലപാതാകത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ ഒളിവിലാണ്. എല്ലാവര്‍ക്കും എതിരെയും കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സാങ്വി സീനിയര്‍ ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര കോലി അറിയിച്ചു. രാമേശ്വറിന് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന കാരണത്താല്‍ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നുവെന്നാണ് വിവരം. രാമേശ്വറിനെതിരെ പോക്‌സോ കേസുകള്‍ ഉണ്ടായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ യുവതി വിവാഹത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് വിവാഹം കഴിക്കുന്നതിനെ പറ്റി ആലോചിക്കുന്നതിനായി ഇയാളെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. രാമേശ്വറിന്റെ മാതാപിതാക്കളുമായിട്ടാണ് യുവതിയുടെ കുടുംബത്തെ കാണാന്‍ യുവാവ് എത്തിയത്. തുടര്‍ന്ന് രണ്ട് കുടുംബവുമായി സംസാരിക്കുന്നതിനിടെ വാക്ക് തര്‍ക്കം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് രാമേശ്വറിനെ മാത്രം ഒരു മുറിയിലേക്ക് കൂട്ടികൊണ്ട് പോയി എല്ലാവരും ചേര്‍ന്ന് അടിക്കുകയായിരുന്നു. അടിയില്‍ ഗുരുതരമായി പരിക്കേറ്റ രാമേശ്വറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    

Similar News