വയല്‍നികത്തിയ സ്ഥലത്ത് നിര്‍മാണ പ്രവൃത്തി; പൊതുസ്ഥലത്തെ ഓട നികത്താനുള്ള നീക്കം ചോദ്യം ചെയ്തു; പിന്നാലെ മര്‍ദ്ദനം? അയല്‍വാസിയായ ഡോക്ടറുടെ പരാതിയില്‍ നടന്‍ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്

Update: 2026-01-22 08:17 GMT

കോട്ടയം: നടന്‍ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരന്‍ കൃഷ്ണകുമാറിനുമെതിരെ കേസെടുത്ത് ചങ്ങനാശ്ശേരി പൊലീസ്. അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. കോട്ടയം ശ്രീനിലയം വീട്ടില്‍ ഡോ.ബി.ശ്രീകുമാറാണ് (67) കൃഷ്ണപ്രസാദും കൃഷ്ണകുമാറും ചേര്‍ന്നു തന്നെ മര്‍ദിച്ചെന്നു ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കിയത്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിനു കാരണം എന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡോക്ടര്‍ ശ്രീകുമാര്‍ പുറത്തു വിട്ടിട്ടുണ്ട്. അതേ സമയം, മര്‍ദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നടന്‍ കൃഷ്ണപ്രസാദിന്റെ പ്രതികരണം. ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം.

കോട്ടയം നഗരത്തില്‍ താമസിക്കുന്ന ഡോക്ടര്‍ ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിലെത്തിയപ്പോഴാണ് സംഭവമെന്നു പരാതിയില്‍ പറയുന്നു. അവിടെ ശ്രീകുമാര്‍ പുതിയ വീട് നിര്‍മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ കല്ലുകെട്ടിയപ്പോള്‍ കൃഷ്ണപ്രസാദ് തടയുകയും കല്ലുകെട്ടിയാല്‍ പൊളിക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ ഡോക്ടര്‍ സ്ഥലത്തെത്തി. അപ്പോള്‍ കല്ലിട്ട സ്ഥലത്ത് വില്ലേജ് ഓഫിസറുമായി കൃഷ്ണപ്രസാദും എത്തി. അതു മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് മര്‍ദനമേറ്റതെന്നാണ് പരാതി. ഡോക്ടര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ ഉച്ചയോടെ കൃഷ്ണപ്രസാദിന്റെ വീടിന് അടുത്തുവെച്ചാണ് അക്രമമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരനായ ഡോക്ടര്‍ കോട്ടയം നഗരത്തിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലമാണ് ചങ്ങനാശ്ശേരിയില്‍ കൃഷ്ണപ്രസാദിന്റെ വീടിന് അടുത്തുള്ള സ്ഥലം. ഈ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി എത്തിയ സമയത്താണ് ഇത്തരത്തില്‍ ആക്രമണമുണ്ടായതെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കൃഷ്ണപ്രസാദിനെയും സഹോദരന്‍ കൃഷ്ണകുമാറിനെയും കാണാന്‍ സാധിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തന സ്ഥലത്തേക്ക് ഇവരെത്തുകയും ഇവിടെ നില്‍ക്കുന്നത് കണ്ട് ഇവര്‍ ചോദ്യം ചെയ്യുകയും ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇതേ രീതിയിലുളള ആക്രമണത്തിലേക്ക് പോയത് എന്നാണ് പറയുന്നത്.

എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് മലിനജലം ഒഴുകുന്നു എന്ന പ്രശ്‌നമുണ്ടെന്നാണ് കൃഷ്ണപ്രസാദിന്റെ ഭാ?ഗത്ത് നിന്നുള്ള വിശദീകരണം. ഓടകളടഞ്ഞു പോയിട്ടുണ്ട്. നാല്‍പതിലധികം വീടുകളുള്ള പ്രദേശത്താണ് മലിന ജലത്തിന്റെ പ്രശ്‌നമുള്ളത്. അത് ചോദ്യം ചെയ്യുന്ന സമയത്ത് ഡോക്ടര്‍ അടക്കമുളള ആളുകള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നും എന്തിനാണ് എന്ന് ചോദിച്ചെന്നും കൃഷ്ണപ്രസാദ് പറയുന്നു. മര്‍ദിച്ചിട്ടില്ലെന്നും കൃഷ്ണപ്രസാദ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

ഭൂമികയ്യേറ്റത്തിനെതിരെ മുന്‍പും പരാതി നല്‍കിയിട്ടുണ്ട്. ഇതു തന്റെ മാത്രം ആവശ്യമല്ലെന്നും സ്ഥലത്തെ 40ഓളം കുടുംബങ്ങളുടെ പൊതു ആവശ്യമാണെന്നും അതിനാലാണ് ഇടപെട്ടതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹമുള്ളതിനാലാണ് തനിക്കെതിരെ ആരോപണമെന്നും നടന്‍ പറഞ്ഞു.

Similar News