ഒരു വലിയ പാത്രവുമായി കാൽ മുട്ട് വരെയുള്ള വെള്ളത്തിൽ ഇറങ്ങി നിൽക്കുന്ന യുവാവ്; നാല് ചുറ്റുമൊന്ന് നോക്കിയ ശേഷം അതിരുവിട്ട പ്രവർത്തി; ഇതെല്ലാം കണ്ട് നിസ്സഹായതോടെ ഓടിയെത്തിയ കുഞ്ഞുങ്ങളെയും വെറുതെ വിട്ടില്ല; ഗംഗ നദിയിലെ ചില കാണാകാഴ്ചകൾ ഇങ്ങനെ
ഡൽഹി: പുണ്യനദിയായ ഗംഗയിൽ പാൽ വഴിപാട് നടത്തുന്നതിനിടെ, അത് ശേഖരിക്കാനെത്തിയ വിശക്കുന്ന കുട്ടികളെ തടയുകയും അവരോട് മോശമായി പെരുമാറുകയും ചെയ്ത യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവെച്ചു. ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ എക്സിൽ പങ്കുവെച്ച ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
വലിയൊരു പാത്രത്തിൽ നിന്ന് ഗംഗാ നദിയിലേക്ക് യുവാവ് പാൽ ഒഴുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം, നദിയിൽ ഒഴുക്കുന്ന പാൽ ശേഖരിക്കാനായി ഏതാനും പെൺകുട്ടികൾ അവിടേക്കെത്തി. എന്നാൽ, കുട്ടികൾ വരുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ്, പാൽ കുട്ടികളുടെ പാത്രങ്ങളിൽ വീഴാത്ത രീതിയിൽ ദൂരേക്ക് ഒഴുക്കി മാറ്റി. പാൽ ഗംഗയിലൊഴുക്കിയാലും വിശക്കുന്ന ആ കുട്ടികൾക്ക് ലഭിക്കരുതെന്ന വാശിയോടെയാണ് ഇയാൾ പെരുമാറിയതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീഡിയോ വൈറലായതോടെ യുവാവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇത് മനുഷ്യത്വമില്ലാത്ത ഭക്തിയാണെന്നും, നദിയിൽ കലങ്ങിപ്പോകുന്ന പാൽ വിശക്കുന്ന കുട്ടികൾക്ക് നൽകുന്നതായിരുന്നു യഥാർത്ഥ പുണ്യമെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ദൈവത്തിന് വഴിപാടുകൾ അർപ്പിക്കുമ്പോൾ തന്നെ ദൈവത്തിന്‍റെ സൃഷ്ടികളായ കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നത് ഭക്തിയല്ല, മറിച്ച് കാപട്യമാണെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി.
ഈ സംഭവത്തിന്‍റെ സാമൂഹിക പ്രസക്തിയെക്കുറിച്ച് ഒരു ഉപയോക്താവ് എഐ ചാറ്റ്ബോട്ടായ 'ഗ്രോക്കി'നോട് ആരാഞ്ഞപ്പോൾ ലഭിച്ച മറുപടിയും ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ ദൃശ്യങ്ങളെ വളരെ ഗൗരവകരമായ ഒരു വൈരുദ്ധ്യമായാണ് എഐ വിലയിരുത്തിയത്. വിശുദ്ധമായ ആചാരങ്ങളും ദാരിദ്ര്യം എന്ന കഠിനമായ യാഥാർത്ഥ്യവും തമ്മിലുള്ള ആഴത്തിലുള്ള സംഘർഷമാണ് ഈ വീഡിയോ വരച്ചുകാട്ടുന്നതെന്ന് ഗ്രോക്ക് പ്രതികരിച്ചു. ഇത്തരം സാംസ്കാരിക ആചാരങ്ങൾക്ക് സമൂഹത്തിൽ ആഴത്തിലുള്ള വേരുകളുണ്ടെങ്കിലും, ഈ ദൃശ്യങ്ങൾ വിശ്വാസത്തെ പ്രായോഗികതയുമായി ബന്ധപ്പെടുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായും ചാറ്റ്ബോട്ട് നിരീക്ഷിച്ചു.