എന്നെ ബാത്ത്റൂമിൽ കൊണ്ടുപോയി നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മോശമായി സ്പർശിച്ചു; ഒരാൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു..!! ഇന്ത്യയുടെ ഭംഗി നേരിൽ കാണാനെത്തിയ വിദേശ വനിതയുടെ വെളിപ്പെടുത്തലിൽ ആകെ നാണക്കേട്; പരാതി കിട്ടി തൊട്ട് അടുത്ത നിമിഷം അറസ്റ്റും; കെംപഗൗഡ എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ചയോ?
ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം. സുരക്ഷാ പരിശോധനയുടെ പേരിൽ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് കൊണ്ടുപോയി അപമര്യാദയായി പെരുമാറിയ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദിനെ പരാതി ലഭിച്ച് 20 മിനിറ്റിനുള്ളിൽ അറസ്റ്റ് ചെയ്തു. ജനുവരി 19-നാണ് സംഭവം.
കൊറിയൻ പൗരയായ കിം സുങ് ക്യുങ് എന്ന യുവതിയാണ് തനിക്ക് നേരിട്ട ദുരനുഭവം ഇന്ത്യൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സുഹൃത്തിനെ കാണാൻ ബെംഗളൂരു സന്ദർശിക്കാനെത്തിയതായിരുന്നു അവർ. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് അഫാൻ അഹമ്മദ് എന്ന ജീവനക്കാരൻ അവരുടെ ലഗേജ് പരിശോധിക്കാനെത്തിയത്. ചെക്ക്-ഇൻ ലഗേജിൽ നിന്ന് ബീപ് ശബ്ദം വരുന്നുണ്ടെന്നും അതിനാൽ വ്യക്തിഗത സുരക്ഷാ പരിശോധനയ്ക്ക് വിധേയയാകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
നിയമപരമായ നടപടിക്രമമാണെന്ന് വിശ്വസിച്ച് യുവതി സമ്മതം നൽകി. എന്നാൽ, കുറ്റപ്പെടുത്തുന്ന സ്വരത്തിലുള്ള ഇയാളുടെ സംസാരം തന്നെ അസ്വസ്ഥയാക്കിയെന്ന് കിം സുങ് ക്യുങ് പറഞ്ഞു. തുടർന്ന് ജീവനക്കാരൻ യുവതിയെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് കൊണ്ടുപോയി 'ടി' ആകൃതിയിൽ നിൽക്കാൻ നിർദ്ദേശിച്ചു. സുരക്ഷാ പരിശോധനയുടെ മറവിൽ ഇയാൾ യുവതിയുടെ നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും ആവർത്തിച്ച് സ്പർശിക്കുകയും പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു.
ഈ പ്രവൃത്തികൾ തെറ്റാണെന്ന് തനിക്കറിയാമായിരുന്നെങ്കിലും, സാഹചര്യം ഒഴിവാക്കാൻ താൻ ശാന്തയായി നിന്നുവെന്ന് യുവതി വെളിപ്പെടുത്തി. ഉടൻതന്നെ അവിടെനിന്ന് രക്ഷപ്പെട്ട ഇവർ പിന്നീട് എയർലൈൻ ജീവനക്കാരുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു. സിംഗപ്പൂർ എയർലൈൻസ് ജീവനക്കാരും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും തനിക്ക് പിന്തുണ നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവം വളരെ വേദനാജനകമായിരുന്നെങ്കിലും, ഇത് ഇന്ത്യയെക്കുറിച്ച് തനിക്ക് മോശം ധാരണ സൃഷ്ടിച്ചില്ലെന്ന് കിം സുങ് ക്യുങ് പറഞ്ഞു. വിമാനത്താവളങ്ങളിലെ ഇത്തരം പ്രശ്‌നങ്ങൾ ആശങ്കാജനകമാണെന്നും എന്നാൽ ഇത് ഇന്ത്യയുടെ സുരക്ഷയുടെ പ്രതിഫലനമായി കാണരുതെന്നും അവർ അഭിപ്രായപ്പെട്ടു. അതിവേഗത്തിലുള്ള അറസ്റ്റ് ഈ സംഭവത്തിൽ നീതി ഉറപ്പാക്കുന്നതിൽ നിർണായകമായി.