ബിരിയാണിയിൽ ഉറക്ക ഗുളിക കലർത്തി നൽകി; കാമുകനെ വിളിച്ചു വരുത്തി ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; രാത്രി മൃതദേഹത്തിനടുത്തിരുന്ന് പോൺവീഡിയോ കണ്ട് യുവതി; അപകടമരണമെന്ന് വരുത്തി തീർക്കാനുള്ള പ്ലാൻ പൊളിഞ്ഞത് സമീപവാസികളുടെ സംശയത്തിൽ
ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ ഭാര്യ അറസ്റ്റിലായി. ഉറക്കഗുളിക നൽകി ബോധരഹിതനാക്കിയ ശേഷം കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മി മാധുരിയാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകശേഷം മാധുരി ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് പോൺ വീഡിയോകൾ കണ്ടതായും പോലീസ് വെളിപ്പെടുത്തി.
ലക്ഷ്മി മാധുരിക്ക് ഗോപി എന്നയാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഭർത്താവായ നാഗരാജു അറിഞ്ഞതോടെ ദമ്പതികൾക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. തുടർന്നാണ് ഗോപിയുമായി ചേർന്ന് നാഗരാജുവിനെ കൊലപ്പെടുത്താൻ മാധുരി പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു. സംഭവദിവസം രാത്രിയിൽ നാഗരാജുവിനായി മാധുരി ബിരിയാണി തയ്യാറാക്കി. ഈ ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതോടെ നാഗരാജു ഗാഢനിദ്രയിലായി.
രാത്രി 11:30 ഓടെ മാധുരിയുടെ കാമുകൻ ഗോപി വീട്ടിലെത്തി. ഗോപി നാഗരാജുവിന്റെ നെഞ്ചിൽ കയറി അനങ്ങാൻ സാധിക്കാത്തവിധം അമർത്തിപ്പിടിക്കുകയും, മാധുരി തലയിണ ഉപയോഗിച്ച് ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഗോപി വീട്ടിൽ നിന്ന് മടങ്ങി.എം തുടർന്ന്, ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം രാത്രി മുഴുവൻ മാധുരി വീട്ടിൽ തനിച്ച് കഴിഞ്ഞു. ഈ സമയം മൃതദേഹത്തിന് സമീപം ഇരുന്നുകൊണ്ട് അവർ പോൺ വീഡിയോകൾ കണ്ടതായി മാധുരി പോലീസിന് മൊഴി നൽകി.
പുലർച്ചെ നാലുമണിയോടെയാണ് നാഗരാജു ഹൃദയാഘാതം മൂലം മരിച്ചെന്ന് മാധുരി അയൽക്കാരെ അറിയിച്ചത്. എന്നാൽ, മാധുരിയുടെ മൊഴികളിൽ അയൽക്കാർക്കും ബന്ധുക്കൾക്കും സംശയം തോന്നി. വിവാഹേതര ബന്ധവും ഭർത്താവുമായുള്ള വഴക്കുകളും അറിയാമായിരുന്നതിനാൽ മരണത്തിൽ അസ്വാഭാവികത അവർക്ക് ബോധ്യപ്പെട്ടു.
കൂടാതെ, നാഗരാജുവിന്റെ ചെവിക്ക് സമീപം രക്തക്കറകളും ശരീരത്തിൽ മുറിവുകളും കണ്ട സുഹൃത്തുക്കൾ ഉടൻതന്നെ കുടുംബാംഗങ്ങളെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ നാഗരാജുവിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് സ്ഥിരീകരിച്ചു. നെഞ്ചിലെ എല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തി. ഇതോടെ സംശയം ബലപ്പെട്ട പോലീസ് മാധുരിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ മാധുരി കുറ്റം സമ്മതിച്ചു.
