കെറ്റിലിൽ നിന്ന് ഉയർന്നുവന്ന ചെറുപുക; ആരെയും മൈൻഡ് ചെയ്യാതെ ചിരിച്ച് കൂളായി സ്പൂൺ ഉപയോഗിച്ച് 'മാഗ്ഗി' ഇളക്കുന്ന കാഴ്ച; പിന്നാലെ യുവതിയുടെ പാചക സ്ഥലം കണ്ട് അമ്പരപ്പ്; ഒഴിവായത് വൻ ദുരന്തം; കര്‍ശന നടപടി എടുക്കുമെന്ന് അധികൃതർ
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൻ്റെ എസി കോച്ചിനുള്ളിൽ വെച്ച് ഒരു യുവതി ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് മാഗി നൂഡിൽസ് പാചകം ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് കർശന നടപടിക്കൊരുങ്ങി റെയിൽവെ. റീൽസ് ഉണ്ടാക്കാനായി നടത്തിയ ഈ അപകടകരമായ പ്രവൃത്തി ട്രെയിനിലെ മറ്റ് യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്നതാണെന്ന് സെൻട്രൽ റെയിൽവെ ചൂണ്ടിക്കാട്ടി.
ട്രെയിൻ യാത്രയ്ക്കിടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് യുവതി മാഗി പാചകം ചെയ്തത്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനായി കോച്ചിൽ ഒരുക്കിയിട്ടുള്ള പവർ സോക്കറ്റിലാണ് യുവതി ഇലക്ട്രിക് കെറ്റിൽ പ്ലഗ് ചെയ്ത് ഉപയോഗിച്ചത്. ഇത്തരം സോക്കറ്റുകൾ ഉയർന്ന വാട്ടേജ് ആവശ്യമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ രൂപകൽപ്പന ചെയ്തവയല്ല. ഇതിൽ കെറ്റിൽ ഉപയോഗിച്ച് പാചകം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
വിഡിയോ വൈറലായതിന് പിന്നാലെ സെൻട്രൽ റെയിൽവെ സംഭവത്തിൽ അടിയന്തരമായി പ്രതികരിച്ചു. ട്രെയിനുകൾക്കുള്ളിൽ ഇലക്ട്രോണിക് കെറ്റിൽ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതും നിയമവിരുദ്ധവുമാണ് എന്ന് റെയിൽവെ വ്യക്തമാക്കി. ഇത് സുരക്ഷിതമല്ലാത്തതിനൊപ്പം, ശിക്ഷാർഹമായ കുറ്റം കൂടിയാണ്.
"ഇത്തരം പ്രവൃത്തികൾ തീപിടിത്തത്തിന് കാരണമാവുകയും മറ്റ് യാത്രക്കാർക്ക് വലിയ അപകടം വിളിച്ചുവരുത്തുകയും ചെയ്യും," റെയിൽവെ മുന്നറിയിപ്പ് നൽകി. മാത്രമല്ല, മൊബൈൽ ചാർജിങ് പോയിൻ്റിൽ കെറ്റിൽ പ്രവർത്തിപ്പിച്ചാൽ വൈദ്യുതി വിതരണം തടസ്സപ്പെടാനും, ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോർട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാം.
വിഡിയോ പ്രചരിപ്പിച്ച ചാനലിനും ഈ പ്രവൃത്തിയിൽ ഉൾപ്പെട്ട വ്യക്തിക്കുമെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും റെയിൽവെ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം അപകടകരമായ പെരുമാറ്റങ്ങളിൽ നിന്ന് യാത്രക്കാർ വിട്ടുനിൽക്കണമെന്നും, എന്തെങ്കിലും സുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും റെയിൽവെ അഭ്യർഥിച്ചു.