മാമിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ചു സൂചന ലഭിച്ചെങ്കിലും അറസ്റ്റ് ഒഴിവാക്കി കള്ളക്കളി; മുഹമ്മദ് ആട്ടൂരിനെ കണ്ടെത്തല്‍ ക്രൈംബ്രാഞ്ചിന് കടുത്ത വെല്ലുവിളിയാകും; സ്വര്‍ണ്ണ കടത്ത് ലോബി കുടുങ്ങുമോ?

മാമിയെ അന്വേഷിക്കാന്‍ സിബിഐ എത്തുമോ?

Update: 2024-09-08 02:09 GMT

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മുഹമ്മദ് ആട്ടൂര്‍ (മാമി) തിരോധാന അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിനുള്ള സമാനതകളില്ലാത്ത വെല്ലുവിളി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐയിലേക്ക്് എത്താത്തെന്ന സംശയവും ശക്തം. സ്വര്‍ണ്ണ കടത്ത് ലോബി മാമിയെ കൊന്നുവെന്ന സംശയവും സജീവം. മാമിയുടെ തിരോധാനത്തില്‍ തെളിവ് നശീകരണവും സംഭവിച്ചു കഴിഞ്ഞു. വന്‍ മാഫിയെ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.

2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. തലക്കുളത്തൂര്‍ മൊബൈല്‍ ടവര്‍ ഡംപ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസിന് തുമ്പുണ്ടായില്ല. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന് വെല്ലുവിളി ഏറെയാണ്.

കേസ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ (എസ്‌ഐടി) നിന്നു ക്രൈംബ്രാഞ്ചിനു കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി നടക്കാവ് അന്വേഷണ സംഘത്തില്‍ നിന്നു പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഉത്തരവിറക്കിയത്. കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. അതിവേഗ അന്വേഷണത്തിനാണ് നിര്‍ദ്ദേശം. എല്ലാം പോലീസ് മേധാവി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെതിരെ ആരോപണമുള്ള സാഹചര്യത്തിലാണ് തീരുമാനം.

അന്വേഷണ സംഘത്തലവനായ മലപ്പുറം എസ്പി എസ്.ശശിധരന്‍ കേസ് സിബിഐക്കു കൈമാറാമെന്നു നേരത്തേ ഡിജിപിയെ അറിയിച്ചിരുന്നു. കേസ് അന്തിമഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടും കണ്ടെത്തിയ തെളിവുകളും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചു. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടു കുടുംബം നല്‍കിയ കേസ് ഹൈക്കോടതി ഒക്ടോബര്‍ 1നു വാദം കേള്‍ക്കും. അതിന് മുമ്പ് ക്രൈംബ്രാഞ്ച് ഈ കേസില്‍ നിഗമനങ്ങളിലെത്തും. അതിന് ശേഷം കോടതിയെ അറിയിക്കും.

മാമിയുടെ തിരോധാനം സിബിഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് എം.കെ.മുനീര്‍ എംഎല്‍എ നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു എഡിജിപി എം.ആര്‍.അജിത്കുമാര്‍ കോഴിക്കോട് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ വി.സുരേഷിനെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെയാണ് അന്വേഷണം ഏല്‍പിച്ചത്. മാമി തിരോധാനക്കേസില്‍ അജിത് കുമാര്‍ ഇടപെട്ടുവെന്ന് പി.വി.അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ചതോടെ വിവാദം ആളികത്തി.

മാമിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ചു സൂചന ലഭിച്ചെങ്കിലും അറസ്റ്റ് നടപടികളിലേക്കുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നതാണ് പോലീസ് നല്‍കുന്ന വിശദീകരണം. അന്വേഷണം നീണ്ടുപോയ സാഹചര്യത്തിലാണു മാമിയുടെ ബന്ധുക്കള്‍ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതിനിടെയാണ് അന്‍വര്‍ ആരോപണം ഏറ്റെടുത്തത്. അങ്ങനെ അന്വേഷണത്തിന് ക്രൈംബ്രാഞ്ചും എത്തി.

ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമന്‍ യു ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ ഷാരോണ്‍ സി എസ്, രതീഷ് കുമാര്‍ ആര്‍, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയും സംഘത്തിലുണ്ടാകും.

സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.

മാമിയുടെ തിരോധാനത്തില്‍ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ആരോപണനിഴലില്‍ നിര്‍ത്തി പി.വി. അന്‍വര്‍ എംഎല്‍എ രംഗത്ത് വന്നിരുന്നു. പിന്നാലെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. ഈ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചത്.

Tags:    

Similar News