കൊച്ചി കോന്തുരുത്തിയില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍; മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയില്‍ മതിലില്‍ ചാരിയിരുന്നു ഗൃഹനാഥന്‍; വീട്ടില്‍വെച്ചു കൊല നടത്തിയ ശേഷം ജോര്‍ജ്ജ് ചാക്കു വാങ്ങാന്‍ സമീപ വീടുകളില്‍ രാവിലെ എത്തിയത് വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തു കിടക്കുന്നുണ്ടെന്ന് പറഞ്ഞ്
കൊച്ചി കോന്തുരുത്തിയില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍
കൊച്ചി: കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. സംഭവത്തില്‍ വീട്ടുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ ആണ് മൃതദേഹം കണ്ടത്. അതേസമയം പുലര്‍ച്ചെ നാലുമണിക്ക് ജോര്‍ജ് സമീപത്തെ വീടുകളില്‍ പോയിരുന്നു എന്ന് പ്രദേശവാസികളും പറയുന്നുണ്ട്.
ജോര്‍ജ്ജ് താമസിക്കുന്ന വീടിന് മുന്നിലാണ് അര്‍ധനഗ്‌നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ മതിലില്‍ ചാരിയിരിക്കുകയായിരുന്നു. ഇയാളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സമീപവാസികളോട് ഇയാള്‍ ചാക്ക് തിരക്കിയത്. എന്നാല്‍, ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ പലരും ഇയാളെ പറഞ്ഞുവിട്ടു. തുടര്‍ന്ന് സമീപത്തെ ഒരു കടയില്‍നിന്നാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചു. ഇതിനുപിന്നാലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ ചാക്കില്‍കെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിലുള്ള ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു.
ഹരിത കര്‍മസേനാംഗങ്ങളാണ് മൃതദേഹം ആദ്യംകണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.
മരിച്ച സ്ത്രീ പ്രദേശവാസിയല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നത്. മൃതദേഹത്തില്‍ പരിക്കുണ്ടായിരുന്നതായും അര്‍ധനഗ്‌നയായനിലയിലാണ് മൃതദേഹം കണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. ചാക്കില്‍കെട്ടിയ മൃതദേഹത്തിന് സമീപം തലയില്‍ കൈവെച്ച് ഇരിക്കുന്ന ജോര്‍ജിനെയാണ് സ്ഥലത്തെത്തിയവര്‍ ആദ്യംകണ്ടത്. ഇയാള്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു.
ജോര്‍ജ് ഹോംനഴ്സായി ജോലിചെയ്തിരുന്നയാളാണ്. ഇയാള്‍ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. മകന്‍ യുകെയിലാണ്. മകള്‍ പാലായിലാണ്. ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു. മദ്യപിക്കുന്നയാളാണെങ്കിലും ഇതുവരെ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ശല്യക്കാരനല്ലെന്നും സമീപവാസികള്‍ കൂട്ടിച്ചേര്‍ത്തു.
